Kerala

ശബരിമല യുവതീപ്രവേശനം; സംസ്ഥാനത്ത് പ്രതിഷേധം കത്തുന്നു

തിരുവനന്തപുരം: ശബരിമലയില്‍ ഇന്ന് പുലര്‍ച്ചെ യുവതികള്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് കേരളത്തില്‍ ബിജെപി പ്രതിഷേധം കനക്കുന്നു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍ ബിജെപിയും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി സംഘര്‍ഷാവസ്ഥയാണ്. പോലീസ് കണ്ണൂര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.

ബിജെപിയുടെ സമരപ്പന്തലിനടുത്ത് വലിയ തോതിലുള്ള പ്രതിഷേധമാണ് നടക്കുന്നത്. നൂറുകണക്കിനു ബിജെപി പ്രവര്‍ത്തകരാണ് സെക്രട്ടേറിയറ്റിനു മുന്നില്‍ തടിച്ചുകൂടിയിരിക്കുന്നത്. ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനിടെ അഞ്ചു മാധ്യമപ്രവര്‍ത്തകര്‍ക്കു പരുക്കേറ്റിട്ടുണ്ട്. പ്രതിഷേധത്തിനുവന്നവരാണ് ആക്രമണം നടത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുകയാണ്.

പൊലീസ് വലയം ഭേദിച്ച് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് ഉള്ളില്‍ കടന്നു. മുഖ്യമന്ത്രിയുടെ ഓഫിസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിനു സമീപത്തു വരെയെത്തിയ നാലു പേരെ പിന്നീട് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫിസുള്ള കെട്ടിടത്തിന്റെ അടുത്ത് വരെ ഇവര്‍ എത്തിയിരുന്നു. നെയ്യാറ്റിന്‍കരയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഓഫീസില്‍ ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കെട്ടി.

കൊച്ചിയിലും പ്രതിഷേധ പ്രകടനം നടക്കുകയാണ്. കൊച്ചി കച്ചേരിപ്പടിയില്‍ റോഡ് ഉപരോധിക്കുന്നു. ശബരിമലയില്‍ യുവതീപ്രവേശം നടന്നതിന്റെ പേരില്‍ ശബരിമല കര്‍മസമിതി നടത്തിയ പ്രതിഷേധം ജില്ലയില്‍ പലയിടത്തും അക്രമാസക്തമാണ്. മിക്ക സ്ഥലങ്ങളിലും പ്രവര്‍ത്തകര്‍ നിര്‍ബന്ധപൂര്‍വം കടകള്‍ അടപ്പിച്ചു.

രാമന്‍കുളങ്ങരയില്‍ സ്വകാര്യ ബസിലെ യാത്രക്കാരനെ തല്ലി. പുറത്തു നിന്നു കമ്പ് കൊണ്ട് ആക്രമിക്കാനും ശ്രമമുണ്ടായി. പ്രകടനമായി പോയ പ്രവര്‍ത്തകര്‍ വിവിധ സ്ഥലങ്ങളില്‍ വനിതാമതിലിന്റെ പ്രചാരണ ബാനറുകള്‍ നശിപ്പിച്ചു. ആറു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊട്ടാരക്കര, കരുനാഗപ്പള്ളി ഭാഗങ്ങളിലും ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ കടകള്‍ അടപ്പിച്ചു. പ്രകടനങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ട്.

സംഘപരിവാര്‍ സംഘടനകള്‍ ആലപ്പുഴ-ചങ്ങനാശേരി റോഡ് ഉപരോധിക്കാന്‍ ഒരുങ്ങുന്നു. പള്ളിക്കൂട്ടുമ്മ ജംക്ഷനു സമീപമാകും ഉപരോധം. പ്രവര്‍ത്തകര്‍ എത്തിക്കൊണ്ടിരിക്കുന്നു. അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ദേവസ്വം ബോര്‍ഡ് ഓഫിസ് ശബരിമല കര്‍മ സമിതി പ്രവര്‍ത്തകര്‍ അടപ്പിച്ചു. ഓഫിസ് താഴിട്ടു പൂട്ടി താക്കോല്‍ പ്രവര്‍ത്തകര്‍ കൊണ്ടു പോയി.

മാവേലിക്കരയില്‍ ബിജെപി-സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ വാഹനങ്ങള്‍ തടയുന്നു. കെഎസ്ആര്‍ടിസി ബസുകള്‍ അടക്കം തടഞ്ഞിട്ടിരിക്കുന്നു. കടകള്‍ അടപ്പിക്കാന്‍ ശ്രമം. താലൂക്ക് ഓഫിസിലെ കസേരകള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തു. പെട്ടിക്കട അടിച്ചു തകര്‍ത്തു. വികലാംഗനെ അടക്കം ആക്രമിച്ചു.

കാസര്‍കോട് കറന്തക്കാട് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. മംഗലാപുരം കാസര്‍കോട് ദേശീയപാതയാണ് ഉപരോധിച്ചത്. ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top