നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തി സര്‍ക്കാരിന്റെയും ഇടതുമുന്നണിയുടെയും സാമുദായിക സംഘടനകളുടെയും നേതൃത്വത്തില്‍ വനിതാ മതിലുയര്ന്നു. കാസര്‍കോടുനിന്ന് തിരുവനന്തപുരം വരെ ലക്ഷങ്ങളാണ് അണിനിരന്നത്.തോളോടുതോള്‍ ചേര്‍ന്ന് 620 കിലോ മീറ്റര്‍ ദൂരമാണ് മതില് പണിതുയര്‍ത്തിയത്.
രാഷ്ട്രീയ, സാംസ്കാരിക, ചലച്ചിത്ര മേഖലകളില്‍നിന്നുള്ള പ്രമുഖര്‍ മതിലിനൊപ്പം അണിനിരന്നു. തിരുവനന്തപുരത്തു നിന്നു കാസര്‍കോട്ടേക്കുള്ള ദിശയില്‍ റോഡിന്റെ ഇടതുവശത്തായിരുന്നു മതില്. കാസര്‍കോട്ടു മന്ത്രി കെ.കെ. ശൈലജ ആദ്യകണ്ണിയും തിരുവനന്തപുരത്തു സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് അവസാന കണ്ണിയുമായി. മതിലിന് അഭിമുഖമായി ഐക്യദാര്‍ഢ്യമറിയിച്ച് പുരുഷന്മാരും അണിനിരന്നു. 3.45 ന് വനിതകള്‍ അണിനിരന്ന് റിഹേഴ്സല്‍ നടന്നിരുന്നു. അതിനു ശേഷം വനിതാ മതിലിന്റെ പ്രതിജ്ഞ ചൊല്ലി. തിരുവനന്തപുരത്ത് നടന്ന പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്, വി.എസ് അച്യുതാനന്ദന്, പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.
സ്ത്രീ പങ്കാളിത്തം കൊണ്ട് ചരിത്രത്തിലേക്കാണ് ഈ വന്മതില് ഉയര്‍ന്നിരിക്കുന്നത്. പല ഇടങ്ങളിലും സ്ത്രീകളുടെ ആധിക്യം കാരണം ഇരട്ട മതിലാണ് ഉയര്‍ന്നത്.