Breaking News

ശിവഗിരി തീര്‍ത്ഥാടനത്തിന് തുടക്കമായി

വര്‍ക്കല: എണ്‍പത്തിയാറാമത് ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കമായി. ഇന്ന് രാവിലെ 10നു ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം തീര്‍ത്ഥാടന പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയാണ് ചടങ്ങിന് അധ്യക്ഷത വഹിക്കുന്നത്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സി.വേണുഗോപാല്‍ എംപി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

ശിവഗിരി തീര്‍ഥാടനത്തിലെ പദയാത്രകളും പ്രയാണങ്ങളും ശിവഗിരിയില്‍ സംഗമിച്ചു. ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, തീര്‍ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ തുടങ്ങിയവര്‍ ചേര്‍ന്നു സ്വീകരിച്ചു. തീര്‍ഥാടന നഗരിയില്‍ ഉയര്‍ത്താനുള്ള ധര്‍മപതാക കോട്ടയം എസ്എന്‍ഡിപി യൂണിയന്റെ നേതൃത്വത്തില്‍ നാഗമ്പടം മഹാദേവ ക്ഷേത്രത്തില്‍ നിന്നെത്തിച്ചു.

ധര്‍മപതാക ഉയര്‍ത്തുന്നതിനുള്ള കൊടിക്കയര്‍ കളവംകോട് ശക്തീശ്വര ക്ഷേത്രത്തില്‍ നിന്ന് ചേര്‍ത്തല മഹാസമാധി ദിനാചരണ കമ്മിറ്റിയുടെ നേതൃത്വത്തിലാണു കൊണ്ടുവന്നത്. തീര്‍ഥാടനത്തിനു തുടക്കമിട്ട ഇലവുംതിട്ട കേരള വര്‍മ സൗധത്തില്‍ (മൂലൂര്‍ വസതി) നിന്നാണു ഗുരുവിന്റെ പഞ്ചലോഹ വിഗ്രഹ രഥയാത്ര എത്തിയത്.

ഘോഷയാത്രയില്‍ വഹിക്കുന്ന ധര്‍മ പതാകകള്‍ സേവനം യുഎഇ, ഗുരുദേവ സോഷ്യല്‍ സൊസൈറ്റി ബഹ്‌റൈന്‍, ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റി ബഹ്‌റൈന്‍, കുവൈത്ത് സാരഥി എന്നിവടങ്ങളില്‍ നിന്നും മഹാസമാധി മന്ദിര ഗുരുദേവ പ്രതിമയില്‍ ചാര്‍ത്തുന്ന വസ്ത്രം ശ്രീലങ്കയില്‍ നിന്നുമാണ് എത്തിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top