Breaking News

ട്രായ് താരിഫ് ഓര്‍ഡര്‍ ഉപഭോക്താക്കള്‍ക്കും കേബിള്‍ മേഖലയ്ക്കും തിരിച്ചടിയെന്ന് സിഒഎ

സിഒഎ സംസ്ഥാന അധ്യക്ഷന്‍ കെ വിജയകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി കെവി രാജന്‍, എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം അജിത്ത് ദാസ് എന്നിവര്‍ പത്ര സമ്മേളനത്തില്‍

കേബിള്‍ ടിവി മേഖലയില്‍ നിരക്ക് നിയന്ത്രിക്കുന്നതിനായി ട്രായ് പ്രഖ്യാപിച്ചിട്ടുള്ള താരിഫ് ഓര്‍ഡര്‍ ഉപഭോക്താക്കള്‍ക്കും കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ക്കും തിരിച്ചടിയാണെന്ന് കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍.

താരിഫ് ഓര്‍ഡര്‍ നടപ്പാക്കപ്പെടുന്നതിലൂടെ വരിക്കാര്‍ക്ക് ആവശ്യമുള്ള ചാനലുകള്‍ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കുമെങ്കിലും ഇന്ന് മിതമായ നിരക്കില്‍ ലഭ്യമായിക്കൊണ്ടിരിക്കുന്ന പേ ചാനലുകള്‍ക്ക് രണ്ടിരട്ടി തുക നല്‍കിയാല്‍ പോലും കാണാന്‍ സാധിക്കാത്ത സ്ഥിതിയാണ് ഉണ്ടാവുകയെന്ന് സിഒഎ സംസ്ഥാനകമ്മിറ്റി എറണാകുളത്ത് വിളിച്ച് ചേര്‍ത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഇന്ന് 60 രൂപയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പേ ചാനലുകള്‍ക്ക് 600 രൂപയോളം നല്‍കേണ്ടതായി വരും. പരസ്യ വിപണിയില്‍ റേറ്റിംഗില്‍ മുന്നിലുള്ള ചില ചാനലുകള്‍ താരിഫ് ഓര്‍ഡറിന്റെ മറവില്‍ അമിത നിരക്ക് വര്‍ധനവിലൂടെ പ്രേക്ഷകരെ കൊള്ളയടിക്കാനുള്ള ഗൂഡശ്രമങ്ങള്‍ ആവിഷ്‌കരിച്ചു വരികയാണെന്നും നിരക്ക് കുത്തനെ ഉയര്‍ത്തിയും ഫ്രീ ടു എയര്‍ ചാനലുകള്‍ പോലും പേ ചാനലുകളാക്കിയും ഇത്തരം ബ്രോഡ്കാസ്റ്റര്‍മാര്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞുവെന്നും സിഒഎ സംസ്ഥാന അധ്യക്ഷന്‍ കെ വിജയകൃഷ്ണന്‍ പറഞ്ഞു.

130 രൂപയെന്ന അടിസ്ഥാന നിരക്കില്‍ കേബിള്‍ ടിവി സര്‍വീസ് നല്‍കുക എന്നത് തീര്‍ത്തും അപ്രായോഗികമാണ്. ചെറുകിട കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരാണ് ഇതിന്റെ ദുരിതം നേരിടേണ്ടി വരിക. കേബിള്‍ ടിവി ടെക്‌നീഷ്യന്മാരുടെ ശമ്പളം, കളക്ഷന്‍ ഏജന്റുമാരുടെ കമ്മീഷന്‍, വൈദ്യുതി പോസ്റ്റുകളുടെ വാടക, ഇലക്ട്രിസിറ്റി, ടെലിഫോണ്‍ ചാര്‍ജുകള്‍, മെയിന്റനന്‍സ് തുടങ്ങിയ വിവിധയിനം ചെലവുകളെല്ലാം ഈ 130 രൂപയില്‍ നിര്‍വഹിക്കുക എന്നത് പ്രായോഗികമായ കാര്യല്ലെന്നും സിഒഎ ഭാരവാഹികള്‍ വ്യക്തമാക്കി. ഇരുപതു രൂപയെങ്കിലും അധിക സര്‍വീസ് ചാര്‍ജായി ഓപ്പറേറ്റര്‍മാര്‍ക്ക് ലഭിച്ചെങ്കില്‍ മാത്രമേ സര്‍വീസ് മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുകയുള്ളൂ. അതിനാല്‍ത്തന്നെ അടിസ്ഥാന നിരക്കില്‍ വര്‍ധനവ് വരുത്തമെന്നും സിഒഎ ആവശ്യപ്പെട്ടു.

എറണാകുളത്ത് നടന്ന പത്രസമ്മേളനത്തില്‍ സിഒഎ സംസ്ഥാന അധ്യക്ഷന്‍ കെ വിജയകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി കെവി രാജന്‍, എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം അജിത്ത് ദാസ് എന്നിവര്‍ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top