Breaking News

രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ഇന്ന് മുഖ്യമന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും

എഐസിസിക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഇന്ന് ആവേശത്തിന്റെ ദിനം. രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളില്‍ ബിജെപിയെ തറപറ്റിച്ച്  ഭരണം തിരികെ പിടിച്ച കോണ്‍ഗ്രസ് വീണ്ടും ഭരണത്തിലേറുന്ന കാഴ്ച കോണ്‍ഗ്ര്‌സ് അണികളെ ആഹ്ലാദഭരിതരാക്കിയിരിക്കുകയാണ്.

രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും തലസ്ഥാനമായ ജയ്പൂരില്‍ ആല്‍ബര്‍ട്ട് മ്യൂസിയം മൈതാനത്താണ് വച്ച് രാവിലെ നടക്കുന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്യും.

മധ്യപ്രദേശില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ഉച്ചയ്ക്ക് ഒന്നരയ്ക്ക് സത്യപ്രതിജ്ഞ ചെയ്യും. ഭോപ്പാലിലെ ലാല്‍ പരേഡ് ഗ്രൗണ്ടിലാണ് ചടങ്ങുകള്‍. വൈകീട്ട് നാലരയ്ക്കാണ് ഛത്തീസ്ഗഡില്‍ നിയുക്ത കോണ്‍ഗ്രസ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍ അധികാരമേല്‍ക്കുക.

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പങ്കെടുക്കാന്‍ സാധിക്കും വിധമാണ് മൂന്നിടത്തും സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ക്രമീകരിച്ചത്. ചടങ്ങിലേക്ക് പ്രതിപക്ഷ നേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്.

ഛത്തീസ്ഗഡില്‍ ആകെയുളള 90 ല്‍ 68 സീറ്റിലും കോണ്‍ഗ്രസാണ് വിജയിച്ചത്. ഇതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്കും തര്‍ക്കങ്ങള്‍ ഉടലെടുത്തു. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. ഭൂപേഷ് ഭാഗേല്‍, അംബികാപൂര്‍ എംഎല്‍എ ടി.എസ്.സിങ് ദിയോ എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നത്.

രാജസ്ഥാനിലും സമാനമായ തര്‍ക്കം ഉണ്ടായിരുന്നു. ഇരുപക്ഷവും വിട്ടുകൊടുക്കാതിരുന്നതിനാല്‍ ഗെഹ്ലോട്ടിനെ മുഖ്യമന്ത്രിയും സച്ചിന്‍ പൈലറ്റിനെ ഉപമുഖ്യമന്ത്രിയുമായി നിശ്ചയിച്ചു.

മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ കമല്‍നാഥും ശക്തമായ ആവശ്യവുമായി രംഗത്ത് വന്നതോടെ സിന്ധ്യ പിന്മാറുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top