Latest News

സോജിയാണ് താരം; മാല കവര്‍ന്ന മോഷ്ടാവിനെ സ്‌കൂട്ടറില്‍ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തി

റാന്നി സ്വദേശി സോജിയാണിപ്പോള്‍ നാട്ടിലെ താരം. രാത്രിയില്‍ ജനാലയിലൂടെ മാല കവര്‍ന്ന് ബൈക്കില്‍ രക്ഷപ്പെട്ട മോഷ്ടാവിനെ പിന്തുടര്‍ന്ന് യുവതി ഇടിച്ചുവീഴ്ത്തിയാണ് യുവതി സ്റ്റാറായത്. മോഷ്ടാവ് രക്ഷപ്പെട്ടെങ്കിലും പിന്നീട് നാട്ടുകാരുടെ സഹായത്തോടെ പിടികൂടി പോലീസിലേല്‍പ്പിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് മോഷണം നടന്നത്.

അടിച്ചിപ്പുഴ കൊല്ലംപറമ്പില്‍ ബാലേഷ് കുമാറിനെയാണ് (33) മുള്ളന്‍പാറ തടത്തില്‍ മാത്യു ജോസഫിന്റെ ഭാര്യ സോജി സിനിമാസ്‌റ്റൈലില്‍ പിടികൂടിയത്. തുറന്നുകിടന്ന ജനാലയിലൂടെ നീളമുള്ള കമ്പി ഉപയോഗിച്ചാണ് കട്ടിലില്‍ ഊരിവെച്ചിരുന്ന നാല് പവന്റെ മാല മോഷ്ടിച്ചത്. കട്ടിലിലിരുന്ന മൊബൈല്‍ ഫോണ്‍ എടുക്കാന്‍ ശ്രമിക്കവെ, ശബ്ദം കേട്ട് സോജി ഉണര്‍ന്നു. അതോടെ മോഷ്ടാവ് ഓടി. മാല നഷ്ടപ്പെട്ടെന്ന് മനസ്സിലായ സോജി ഭര്‍ത്താവിനോടു പറഞ്ഞശേഷം സ്‌കൂട്ടറുമെടുത്ത് പുറകെ വിട്ടു. നാലു കിലോമീറ്ററോളം പിന്തുടര്‍ന്ന് റോഡരികില്‍ വീടുകളുള്ള ഭാഗത്തെത്തിയപ്പോള്‍ മോഷ്ടാവിന്റെ ബൈക്ക് സ്‌കൂട്ടര്‍ കൊണ്ട് ഇടിച്ചുവീഴ്ത്തി. ഇയാളുമായി മല്‍പ്പിടിത്തം നടന്നു.

സോജിയുടെ നിലവിളി കേട്ട് സമീപത്തെ വീട്ടില്‍ ലൈറ്റ് തെളിഞ്ഞതോടെ സോജിയെ കടിച്ച് കള്ളന്‍ രക്ഷപ്പെട്ടു. രക്ഷപ്പെടാനായി ഇയാള്‍ സോജിയുടെ ചുരിദാര്‍ വലിച്ചുകീറുകയും മുടി വലിച്ചുപറിക്കുകയും ചെയ്തു. ഭര്‍ത്താവും സമീപവാസികളും എത്തിയപ്പോഴേക്കും മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു

ഇയാളുടെ മൊബൈല്‍ഫോണും ബൈക്കിന്റെ മാറ്റും നമ്പര്‍പ്ലേറ്റിന്റെ ഭാഗവും ഇവിടെ കിടന്ന് കിട്ടിയിരുന്നു. മൊബൈല്‍ഫോണ്‍ തേടി ഇയാള്‍ എത്താന്‍ സാധ്യതയുള്ളതിനാല്‍ ഇക്കാര്യം സമീപവാസികളെ അറിയിച്ചിരുന്നു.

അഞ്ചുമണിയോടെ ഈ ഫോണില്‍ മോഷ്ടാവ് വിളിച്ചെങ്കിലും ഇവര്‍ എടുത്തില്ല. റോഡില്‍ നഷ്ടപ്പെട്ടതാവാമെന്ന് കരുതി ഇയാള്‍ തിരഞ്ഞെത്തി. രാവിലെ നടക്കാനിറങ്ങിയ മാധ്യമപ്രവര്‍ത്തകന്‍ അജി പണിക്കരാണ് ബാലേഷിനെ കണ്ടത്. തുടര്‍ന്നു സമീപവാസികളെ വരുത്തി തടഞ്ഞുവച്ചു.  ഷോജി ആളെ തിരിച്ചറിഞ്ഞതോടെ പൊലീസിനെ വരുത്തി കൈമാറി. ബാലേഷിന്റെ സ്‌കൂട്ടറില്‍ നിന്നു മാല പൊലീസ് കണ്ടെടുത്തു. മുമ്പ് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശിയെയും സോജി പിന്തുടര്‍ന്ന് പിടികൂടിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top