Biennale

അടിമക്കച്ചവടത്തിന്റെ കപ്പല്‍ ജീവിതങ്ങള്‍; മെസേജസ് ഫ്രം ദി അറ്റ്‌ലാന്റിക് പാസേജ്

കൊച്ചി: അറ്റ്‌ലാന്റിക് പാസേജ്, അതായിരുന്നു 16-ാം നൂറ്റാണ്ടു മുതല്‍ ആഫ്രിക്കയില്‍ നിന്നും അടിമകളെ അമേരിക്കയിലേക്ക് കൊണ്ടുപോയിരുന്ന കച്ചവടത്തിന് നല്‍കിയിരുന്ന പേര്. നാല് നൂറ്റാണ്ടുകളോളം നിലനിന്നിരുന്ന മാനവരാശിയിലെ ഈ കറുത്ത ഏടിന് ഉചിതമായ കലാവിഷ്‌കാരം നല്‍കിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ ആര്‍ട്ടിസ്റ്റായ സ്യൂ വില്യംസണ്‍

കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തിന്റെ പ്രധാന വേദിയായ ആസ്പിന്‍വാള്‍ ഹൗസില്‍ രണ്ടിടങ്ങളിലായാണ് സ്യൂ വില്യംസണിന്റെ പ്രതിഷ്ഠാപനം ഒരുക്കിയിട്ടുള്ളത്. മൂന്നു നൂറ്റാണ്ടുകളിലായി 32,000 കപ്പല്‍യാത്രകളാണ് വില്‍പനയ്ക്കായി അടിമകളെ അമേരിക്കയിലേക്ക് കടത്തിയത്. മൃഗങ്ങളെ കടത്തുന്നതിനേക്കാള്‍ പരിതാപകരമായിരുന്നു ദിവസങ്ങളും മാസങ്ങളും നീണ്ട ഈ യാത്രകള്‍. ദക്ഷിണാഫ്രിക്കയിലെയും അമേരിക്കയിലെ വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള പഴയ കപ്പല്‍ രേഖകള്‍ അടിസ്ഥാനമാക്കിയാണ് അവര്‍ തന്റെ പ്രതിഷ്ഠാപനം ഒരുക്കിയത്.

കൃത്യമായ യാത്രാ രേഖകളുള്ള അഞ്ച് കപ്പലുകളുടെ പ്രതീകാത്മകമായ സൃഷ്ടിയാണ് മെസേജസ് ഫ്രം അറ്റ്‌ലാന്റിക് പാസേജ്. ടിറ്റ, ലിബ്രാള്‍, മനുവാലിറ്റ, സെര്‍ക്‌സെസ്, ഫയര്‍മീ എന്നീ കപ്പലുകളുടെ വിവരങ്ങളാണ് തടിയില്‍ ആലേഖനം ചെയ്തിട്ടുള്ളത്.

അഞ്ച് വലിയ വലകള്‍ മുകളില്‍ നിന്നും താഴേക്ക് തൂക്കിയിട്ടിരിക്കുന്നു. അതില്‍ കമഴ്ത്തിയും നേരെയും കുപ്പികള്‍ നിറച്ചിരിക്കുന്നു. അഞ്ച് കപ്പലുകളില്‍ ഉണ്ടായിരുന്ന അടിമകളുടെ പേരുകള്‍ ഈ കുപ്പികളില്‍ ആലേഖനം ചെയ്തിരിക്കുന്നു. വലയില്‍ നിന്നും കുപ്പികള്‍ താഴേക്ക് ഊര്‍ന്നിറങ്ങും വിധമാണ് ഈ സൃഷ്ടി. അതിലൂടെ വെള്ളം ഇറ്റിറ്റായി വീണു കൊണ്ടിരിക്കുന്നു.

കറുത്ത വര്‍ഗക്കാരെ കൂട്ടത്തോടെ വേട്ടയാടി പിടിച്ച് കപ്പലുകളില്‍ നിറച്ച് അമേരിക്കയിലെ തുറമുഖത്തിറക്കുന്നതാണ് ഈ പ്രതിഷ്ഠാപനത്തിലൂടെ 77 കാരിയായ സ്യൂ വില്യംസണ്‍ സന്ദര്‍ശകര്‍ക്ക് മുന്നിലേക്കു വയ്ക്കുന്ന പ്രമേയം. ബ്രിട്ടനില്‍ നിന്നും ദക്ഷിണാഫ്രിക്കയിലേക്ക് കുടിയേറിയ സ്യൂ വര്‍ണ വിവേചനത്തിന്റെ ഭീകരമായ മുഖവും കണ്ടിട്ടുണ്ട്.

ഒരു വര്‍ഷം മുമ്പ് കേരളം സന്ദര്‍ശിച്ചപ്പോള്‍ ലഭിച്ച ചില അറിവുകളില്‍ നിന്നാണ് സ്യൂ തന്റെ രണ്ടാമത്തെ സൃഷ്ടി രചിച്ചിരിക്കുന്നത്. കേപ് ടൗണിലെ ഡീഡ് ഓഫീസില്‍ ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ രേഖകളില്‍ നിന്ന് കേരളത്തില്‍ നിന്നും അടിമകളാക്കി മനുഷ്യരെ കടത്തിയിരുന്നു എന്ന വിവരവും സ്യൂവിനു ലഭിച്ചു. അവരുടെ പേരു വിവരങ്ങള്‍ ചെളിപുരണ്ട ടീഷര്‍ട്ടുകളില്‍ ആലേഖനം ചെയ്തിരിക്കുന്നു. അവ ആസ്പിന്‍വാള്‍ ഹൗസിന്റെ പടിഞ്ഞാറു ഭാഗത്ത് കപ്പല്‍ച്ചാലിന് അഭിമുഖമായി അയയില്‍ തൂക്കിയിട്ടിരിക്കുകയാണ്. ബാക്കിയുള്ളവ അവിടെ തുറസ്സായ സ്ഥലത്ത് കൂട്ടിയിട്ടിരിക്കുന്നു.

അടിമ ജീവതത്തിന്റെ തീഷ്ണമായ അനുഭവങ്ങള്‍ പറഞ്ഞു കേട്ടുമാത്രം വളര്‍ന്ന തലമുറയില്‍ നിന്നും വ്യത്യസ്തമാണ് അതിന്റെ ഉപോത്പന്നമായ വര്‍ണവിവേചനം നേരിട്ട് കണ്ട സ്യൂവിന്റെ പ്രമേയം. 1941 ല്‍ ഹാംപ്‌ഷെയറില്‍ ജനിച്ച അവര്‍ പിന്നീട് ദക്ഷിണാഫ്രിക്കയിലേക്ക് കുടിയേറുകയായിരുന്നു. ന്യൂയോര്‍ക്കിലും കേപ്ടൗണിലും വിദ്യാഭ്യാസം നടത്തിയ സ്യൂ 22 വ്യക്തിഗത കലാപ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. വര്‍ണവിവേചനത്തിനെതിരെ 70 കളില്‍ നടന്ന ആഫ്രിക്കന്‍ കലാകാരന്മാരുടെ പ്രക്ഷോഭത്തിലെ മുന്നണിപ്പോരാളിയായിരുന്നു സ്യൂ വില്യംസണ്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top