Kerala

12-12-2018 ബിനാലെ നാളെ മിഴി തുറക്കും

സമകാലിക ലോകത്തിന്റെ കലയിലേക്ക് ഈ പ്രദേശത്തിന്റെ പ്രധാന ജാലകം ബിനാലെയാണെന്ന് പ്രതീതി ജനിപ്പിച്ചുകൊണ്ട് നാലാം ലക്കം കൊച്ചി മുസിരിസ് ബിനാലെ നാളെ മിഴി തുറക്കും.

ഫോര്‍ട്ട് കൊച്ചിയിലെ ആസ്പിന്‍വാള്‍ പ്രധാന വേദിയായ ബിനാലെ ആഗോള, തദ്ദേശീയ ചിത്രകലാകാരന്മാരുടെ വൈവിധ്യമേറിയ ഇന്‍സ്റ്റലേഷനുകള്‍ ( പ്രതിഷ്ഠാപനം ) കൊണ്ട് സമ്പന്നമാണ്. 2019 മാര്‍ച്ച് 29 വരെ നീണ്ടുനില്‍ക്കുന്ന ഇത്തവണത്തെ ബിനാലെ അന്യതയില്‍ നിന്ന് അന്യോന്യതയിലേക്ക് രണ്ടു ഭാഗമുള്ളൊരു ബിനാലെയായണ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് ക്യുറേറ്റര്‍ അനിത ദുബൈ മാധ്യമങ്ങളോട് പറഞ്ഞു.

ക്യുറേറ്റര്‍ അനിത ദുബൈ

ഈ വര്‍ഷത്തെ ബിനാലെ ഇന്‍സ്റ്റലേഷനുകള്‍ക്ക് ഒട്ടേറെ പ്രത്യേകതളുണ്ട്. ക്യുറേറ്ററുടെ നേതൃത്വത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരിചയപ്പെടുത്തിയ ഇന്‍സ്റ്റലേഷനുകളെല്ലാം മുന്‍ വര്‍ഷങ്ങളില്‍ നിന്നും വിഭിന്നമായവയായിരുന്നു.

മെക്‌സിക്കോയില്‍ ജനിച്ച താനിയ കാന്ദിയാനിയുടെ തറിയില്‍ രൂപപ്പെടുത്തിയ സംഗീതോപകരണം ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നു. കൊച്ചിയില്‍ കഴിഞ്ഞ കുറേ ആഴ്ചകളായി താമസിച്ച് സംഗീതോപകരണ വിദഗ്ധന്‍ തറിയെ ഒരു സംഗീതോപകരണമാക്കി മാറ്റി. നൂലുകള്‍ ഉണ്ടായിരുന്നിടത്ത് സിത്താര്‍ കമ്പികള്‍ ഘടിപ്പിച്ച് പുതിയൊരു ഇന്‍സ്റ്റലേഷന്‍ അവതരിപ്പിക്കുന്നു.

നൈറോബി സ്വദേശിസൈറസ് കബീറുവിന്റെ സി സ്റ്റണ്ണേര്‍സ് എന്ന കലാ സൃഷ്ടി വിഭാവനം ചെയ്തിരിക്കുന്നത് ശില്‍പ മാതൃകയില്‍ നിര്‍മിച്ച കണ്ണടകള്‍ സ്വയം ധരിച്ച് ചിത്രീകരിച്ച അനവധി ചിത്രങ്ങള്‍ ചേര്‍ത്താണ്. കബീറുവിന്റെ  മാത്രം ചിത്രങ്ങള്‍ അല്ല അവ. മുഖാമുഖം ഇടപെടല്‍ ആവശ്യപ്പെടുന്ന പുതിയൊരു തലമുറയിലെ ആഫ്രിക്കന്‍ കലാപ്രവര്‍ത്തകരുടേത് കൂടിയാണ്.

ബിനാലെ ആദ്യം കാണാനെത്തുന്ന മലയാളികള്‍ ഒന്നമ്പരക്കുക സ്വാഭാവികമാണ്. തങ്ങളുടെ കാഴ്ചാ ശീലങ്ങള്‍ക്ക് വിഭിന്നമായ രീതിയിലുള്ള കാഴ്ചാനുഭവം മനസ്സിലാക്കുന്നതോടെ അവരതിന്റെ ഭാഗമായി മാറും.

ആഗോള രചനാ കാഴ്ചപ്പാടുകളുടെ വ്യത്യസ്തമായ മുഖമാണ് ഓരോ ബിനാലെയുടേയും മുഖമുദ്ര. വിശാല വീക്ഷണത്തോടെ ഓരോ രചനയേയും ആഴത്തില്‍ മനസ്സിലാക്കാനുള്ള മാറുന്ന മനോഭാവത്തോടെയാവണം കാഴ്ചക്കാര്‍ ബിനാലെ വിലയിരുത്തേണ്ടത്.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഫോര്‍ട്ട് കൊച്ചിയിലെ കയര്‍ ഗോഡൗണുകളും കുരുമുളക് പണ്ടകശാലകളിലും പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഇന്‍സ്റ്റലേഷനുകള്‍ ആസ്വദിക്കുകയെന്നത് മറക്കാനാവാത്ത അനുഭവമായിരിക്കും.

 

ബിനാലെയുടെ മുഖ്യവേദി ആസ്പിന്‍വാള്‍ സമുച്ചയം

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top