കണ്ണൂര്‍: കെ.എസ്.ആര്.ടി.സിയിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ പരിഷ്കാരം ഇന്ന് മുതല്‍ കര്‍ശനമാക്കുന്നു. ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നതിനും അപകടങ്ങള്‍ നിയന്ത്രിക്കുന്നതും മുന്‍ നിര്‍ത്തിയാണ് കെ.എസ്.ആര്.ടി.സി ദീര്‍ഘദൂര ബസുകളില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ പരിഷ്കാരം പരിഷ്കാരം നടപ്പാക്കുന്നത്.
ഇന്ന് മുതല്‍ ഇത് നടപ്പാക്കണമെന്ന് സി.എം.ഡി യൂണിറ്റ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതിനോട് സഹകരിക്കാത്ത ജീവനക്കാരുടെ പട്ടിക നല്‍കാനും നിര്‍ദേശമുണ്ട്.
അതേസമയം, നാലായിരത്തിലേറെ എം. പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി വിധിക്ക് പിന്നാലെ എം.ഡിയുടെ ഈ നിര്‍ദ്ദേശം ജീവനക്കാരില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
എന്തെതിര്‍പ്പുണ്ടായാലും കണ്ടക്ടര്‍ കം ഡ്രൈവര്‍ ലൈസന്‍സുള്ള രണ്ട് ഡ്രൈവര്‍മാരെ ഒരു ബസില്‍ നിയോഗിച്ച് പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് നടത്താനാണ് നീക്കം. രാത്രി ആറുമണിക്കൂറും പകല്‍ എട്ടു മണിക്കൂറും ജോലി ചെയ്താല്‍ മതിയെന്നാണ് അധികൃതരുടെ നിലപാട്.