ആലപ്പുഴ: 59-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പാലക്കാട് ജില്ലയ്ക്ക് കലാകിരീടം. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ പാലക്കാട് 930 പോയിന്റ് നേടിയപ്പോള്‍ 927 പോയിന്റുമായി കോഴിക്കോടാണ് രണ്ടാം സ്ഥാനത്ത്. 903 പോയിന്റുമായി തൃശൂര്‍ മൂന്നാം സ്ഥാനം നേടി.
പുലര്‍ച്ചെയാണ് മത്സരങ്ങള്‍ അവസാനിച്ചത്. സ്വര്‍ണ കിരീടം സമ്മാനിക്കാതെയും സമാപന സമ്മേളനം ഇല്ലാതെയും ആണ് മേള കൊടി ഇറങ്ങിയത്.
തുടര്‍ച്ചയായ 12 വര്‍ഷം കോഴിക്കോടിനായിരുന്നു കലാകിരീടം. ഇതിനു മുന്‍പ് 2006ലാണ് സ്വര്‍ണക്കപ്പില്‍ മുത്തമിടാന്‍ പാലക്കാടിനു സാധിച്ചിട്ടുള്ളത്. പിന്നീട് 2015ല്‍ കോഴിക്കോടുമായി കിരീടം പങ്കുവച്ചിരുന്നു. 60-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവം കാസര്‍ഗോഡ് വച്ച് നടത്താന്‍ തീരുമാനമായതായി വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചു.