Breaking News

കണ്ണൂര്‍ വിമാനത്താവളം ; വലിയ പ്രതീക്ഷകള്‍ ചിറകുവിരിയ്ക്കുന്നു

കണ്ണൂര്‍ വിമാനത്താവളത്തിന്റെ മൊത്തം മുതല്‍ മുടക്ക് 2350 കോടി രൂപയാണ്. പ്രായേണ വികസനം കുറവുള്ള കണ്ണൂരില്‍ പുതിയ വിമാനത്താവളം നിലവില്‍ വരുന്നതോടെ ഉത്തര കേരളത്തില്‍ പുതിയ വ്യാവസായിക നിക്ഷേപത്തിന് ഇനി സാധ്യത വര്‍ധിക്കും. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് പ്രതിവര്‍ഷം 250 കോടി രൂപ പ്രവര്‍ത്തനച്ചിലവ് വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.

ഒരേ സമയം 2000 വിമാനയാത്രക്കാരെ കൈകാര്യം ചെയ്യാന്‍ വിമാനത്താവളത്തില്‍ സൗകര്യമുണ്ട്. പ്രതിവര്‍ഷം 1.5 ദശലക്ഷം യാത്രക്കാര്‍ക്ക് സേവനം നല്‍കാനാകും.

2017 – 18 സാമ്പത്തിക വര്‍ഷം കേരളത്തിലെ മൊത്തം വിമാന സഞ്ചാരികള്‍ 1.73 കോടി ആള്‍ക്കാരാണ്. ഇതില്‍ നിന്ന് വിഭജിച്ച് ലഭിക്കുന്ന വിഹിതമായിരിക്കും കണ്ണൂരിന് സ്വന്തമാവുക.

മൊത്തം യാത്രക്കാരില്‍ 1.02 കോടി പേരും സഞ്ചരിക്കുന്നത് കൊച്ചി, നെടുമ്പാശ്ശേരി വിമാനത്താവളങ്ങള്‍ വഴിയാണെന്നും ഓര്‍ക്കണം.

എന്നിരുന്നാലും കണ്ണൂരിന് പുതിയ സാധ്യതകളാണ് മുന്നിലുള്ളത്. യാത്രക്കാര്‍ക്ക് പുറമേ, ഒരു മികച്ച എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹബ്ബായി ഈ വിമാനത്താവളത്തെ മാറ്റാവുന്നതാണ്. വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ ചെയ്ത് നന്നാക്കുന്ന ഈ ഹബ്ബിന് അനന്തസാധ്യതയാണ് നിലനില്‍ക്കുന്നത്.

പാശ്ചാത്യ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ നമ്മുടെ രാജ്യത്ത് ചെലവ് കുറവാണെന്ന സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.

ഇതിന് പുറമേ സംസ്ഥാനത്തിന്റെ അതിര്‍ത്തിയോട് തൊട്ടുകിടക്കുന്ന സ്ഥലങ്ങളില്‍ നിന്നുള്ള യാത്രക്കാരെയും ഇങ്ങോട്ട് ആകര്‍ഷിക്കാം.

വലിയ വിമാനങ്ങള്‍ക്ക് കണ്ണൂരില്‍ അനായാസം ഇറങ്ങാമെന്നതാണ് മറ്റൊരു പ്രത്യേകത. തിരുവനന്തപുരം, കോഴിക്കോട് എന്നീ വിമാനത്താവളങ്ങളില്‍ നിന്ന് 73 ലക്ഷത്തില്‍പ്പരം യാത്രക്കാരാണ് പ്രതിവര്‍ഷം ഇപ്പോള്‍ യാത്ര ചെയ്യുന്നത്. ഇതില്‍ കോഴിക്കോട് നിന്ന് യാത്ര ചെയ്യുന്ന നല്ലൊരു വിഭാഗം ഭാവിയില്‍ കണ്ണൂര്‍ എയര്‍പോര്‍ട്ട് ഉപയോഗിക്കും.

വടക്കന്‍ കേരളത്തിലെ അറിയപ്പെടാത്ത നിരവധി വിനോദ സഞ്ചാര മേഖലകള്‍ക്ക് കണ്ണൂര്‍ വിമാനത്താവളം പുതിയ പ്രതീക്ഷകള്‍ നല്‍കും. കണ്ണൂരില്‍ നിന്ന് 100കിലോമീറ്റര്‍ അകലെയുള്ള കര്‍ണാടകയിലെ കൂര്‍ഗ് പോലെയുള്ള വിനോദസഞ്ചാര മേഖലകള്‍ക്ക് പുതിയ അവസരങ്ങളാകും ഇനി കൈവരുക.

കണ്ണൂര്‍ വിമാനത്താവളത്തിന്റെ മൊത്തം സ്ഥല വിസ്തൃതി 20150 ഏക്കറാണ്. ഇത് പരമാവധി ഉപയോഗിച്ച് വരുമാനം കണ്ടെത്താനുള്ള പ്രായോഗിക പദ്ധതികള്‍ എങ്ങനെ നടപ്പാക്കുന്നുവെന്നനുസരിച്ചാകും വിമാനത്താവളത്തിന്റെ വിജയം നിര്‍ണയിക്കപ്പെടുന്നത്.

കണ്ണൂരിന്റെ പരമ്പരാഗത വ്യവസായമായ കൈത്തറി വ്യവസായത്തിന്റെ വലിയ പ്രതീക്ഷ കണ്ണൂര്‍ വിമാനത്താവളത്തിന്റെ ചിറകിലേറിയായിരിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top