തിരുവനന്തപുരം: പ്രളയാനന്തര സഹായം നല്കുന്നതില് സര്‍ക്കാരിന് വീഴ്ചകളുണ്ടായതായി ചൂണ്ടിക്കാണിച്ച് പ്രതിപക്ഷം നല്കിയ അടിയന്തരപ്രമേയ നോട്ടീസിന് അനുമതി. ഇന്ന് ഉച്ചയ്ക്ക് ഒരു മണിമുതല്‍ മൂന്നുമണിവരെ വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യും. വിഡി സതീശനാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്. പ്രളയത്തിനു ശേഷം പുനരധിവാസം, നഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാരിന് വീഴ്ചകളുണ്ടായതായി ചൂണ്ടിക്കാണിച്ചുകൊണ്ടുള്ളതാണ് പ്രമേയമെന്ന് അടിയന്തര പ്രമേയത്തിന്റെ വിശദീകരണ കുറിപ്പില്‍ വിഡി സതീശന് വ്യക്തമാക്കുന്നു.
പ്രതിപക്ഷം നല്കിയ നോട്ടീസില്‍ ചര്‍ച്ചയാകാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നേരത്തെ നിരവധി തവണ വിശദീകരണം നല്കിയിട്ടുള്ളതാണ്. വിഷയം ചര്‍ച്ചചെയ്യാനാണ് സര്‍ക്കാരിന് താത്പര്യം. സര്‍ക്കാര്‍ ഇതുവരെ ചെയ്തകാര്യങ്ങള്‍ സഭയില്‍ വിശദീകരിക്കാന്‍ അത് അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രളയം ഒരുമിച്ചാണ് നേരിട്ടതെന്നും അതുകൊണ്ടുതന്നെ ഈ വിഷയത്തില്‍ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലെന്നും ചര്‍ച്ച ആകാമെന്നും സ്പീക്കറും വ്യക്തമാക്കി.