Kerala

ശബരിമലയുടെ നിയന്ത്രണം ഹൈക്കോടതി നിയമിച്ച മേല്‍നോട്ട സമിതിക്ക്

കൊച്ചി: ശബരിമലയുടെ നിയന്ത്രണം ഇനി പൂര്‍ണമായും ഹൈക്കോടതി നിയമിച്ച മേല്‍നോട്ട സമിതിക്ക്. ഈ മണ്ഡലകാലത്തെ ശബരിമലയുടെ പൂര്‍ണ നിയന്ത്രണം മൂന്നംഗ മേല്‍നോട്ട സമിതിയെ ഏല്‍പ്പിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. ശബരിമലയുമായി ബന്ധപ്പെട്ട മുഴുവന്‍ വകുപ്പുകളിലും ഇടപെടാനുളള സവിശേഷ അധികാരം സമിതിക്ക് ഉണ്ടാകും. സര്‍ക്കാരും ദേവസ്വം ബോര്‍ഡും മേല്‍നോട്ട സമിതിയുമായി സഹകരിച്ച് പ്രവര്‍ത്തക്കണമെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

കോടതിയുടെ പിന്തുണയോടെയാകും മൂന്നംഗ സമിതി പ്രവര്‍ത്തിക്കുക. ഏതെങ്കിലും കാര്യത്തില്‍ സമിതിക്ക് വ്യക്തത വേണമെങ്കില്‍ അപ്പപ്പോള്‍ കോടതിയെ സമീപിക്കാനും സാധിക്കും. തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡ് ഓംബുഡ്സ്മാനായ ജസ്റ്റീസ് പി.ആര്‍ രാമന്‍, ശബരിമല ഉന്നതാധികാര സമിതി അധ്യക്ഷനായ ജസ്റ്റിസ് സിരിജഗന്‍, ഡിജിപി ഹേമചന്ദ്രന്‍ എന്നിവരാണ് സമിതി അംഗങ്ങള്‍. ശബരിമലയിലെ പൊലീസ് നടപടികളില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കോടതി രൂക്ഷവിമര്‍ശനം നടത്തിയതിന് പിന്നാലെയാണ് മൂന്നംഗ സമിതിയെ ശബരിമലയിലെ നിയന്ത്രണം ഏല്‍പ്പിച്ചത്.

അതേസമയം സന്നിധാനത്ത് നിരോധനാജ്ഞ നിലനില്‍ക്കുമെന്നും ഇവിടെ പ്രതിഷേധങ്ങള്‍ പാടില്ലെന്നും വ്യക്തമാക്കിയ കോടതി യുവതികള്‍ക്ക് ദര്‍ശനം സാധ്യമാക്കാന്‍ ഏര്‍പ്പെടുത്തിയ സംവിധാനങ്ങള്‍ അറിയിക്കാനും സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഈ മണ്ഡലകാലം മുഴുവന്‍ മേല്‍നോട്ട സമിതി സ്ഥിതിഗതികള്‍ വിലയിരുത്തി ആവശ്യമായ ശുപാര്‍ശകള്‍ നിര്‍ദേശിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top