തുടര്‍ച്ചയായ മൂന്നാംദിവസവും പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് നിയമസഭ പിരിഞ്ഞു. ശബരിമലയില്‍ അടിസ്ഥാന സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയം ഉടന്‍ ചര്‍ച്ചയ്ക്ക് എടുക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. സ്പീക്കര്‍ മുന്‍വിധിയോടെ പെരുമാറുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന് പ്രതിപക്ഷ നേതാവിന്റെ ആവശ്യം അംഗീകരിച്ചില്ല. തുടര്‍ന്ന് പ്രതിപക്ഷം പ്ലക്കാര്‍ഡും ബാനറുകളും മുദ്രാവാക്യങ്ങളുമായി സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.
ചോദ്യോത്തര വേള തടസപ്പെടുത്തരുതെന്നും ഗൗരവമേറിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും ഒരേ വിഷയം വീണ്ടും പരിഗണിക്കാനാവില്ലെന്നും സ്പീക്കര്‍ പറഞ്ഞു. പ്രതിപക്ഷം ചോദ്യോത്തരവേളയോട് സഹകരിക്കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു. പ്രതിഷേധം തുടര്‍ന്നതിനാല്‍ ചോദ്യോത്തര വേള റദ്ദാക്കി സ്പീക്കര്‍ സഭാ നടപടികള്‍ 21 മിനുട്ടിനുള്ളില്‍ പൂര്‍ത്തിയാക്കുകയും സഭ ഇന്നത്തേക്ക് പിരിഞ്ഞതായി അറിയിക്കുകയുമായിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും പ്രതിപക്ഷം സഭ തടസപ്പെടുത്തിയിരുന്നു.