ശബരിമലയിലെ അക്രമ സംഭവങ്ങള്‍ സുപ്രീംകോടതി വിധിക്ക് എതിരെയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. അക്രമസംഭവങ്ങള്‍ സര്‍ക്കാരിന് എതിരെയല്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.
ശബരിമലയില്‍ പൊലീസ് പ്രകോപനം ഉണ്ടാക്കിയിട്ടില്ല. യഥാര്‍ത്ഥ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിയന്ത്രണങ്ങളില്ല. ചിത്തിര ആട്ടവിശേഷത്തിന് പ്രശ്നങ്ങളുണ്ടാക്കിയവര്‍ മണ്ഡലകാലത്ത് വീണ്ടും എത്തിയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇത് തെളിയിക്കുന്നതിനാവശ്യമായ ദൃശ്യങ്ങളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും മാധ്യമ റിപ്പോര്‍ട്ടുകളുമാണ് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചത്.
യഥാര്‍ത്ഥ ഭക്തരെ ആക്രമിച്ചു എന്ന് ഒരു പരാതിയും ഇതുവരെ എത്തിയിട്ടില്ല. നടപ്പന്തലില്‍ വെള്ളമൊഴിച്ച് കഴുകുന്ന പതിവ് നേരത്തെയും ഉണ്ടായിട്ടുണ്ട്. ഭക്തര്‍ കിടക്കാതിരിക്കാനാണ് നടപ്പന്തലില്‍ വെളളമൊഴിച്ചതെന്ന ആരോപണം തെറ്റാണ്. മുന്‍പും വെള്ളമൊഴിച്ച് കഴുകിയെന്നതിന്റെ വീഡിയോ ദൃശ്യങ്ങളും സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ശബരിമലയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയ ക്രിമിനലുകളെയാണ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്തതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലമാണ് ബേസ് ക്യാമ്പ് നിലയ്ക്കലിലേക്ക് മാറ്റിയത്. ക്യാമ്പ് നിലയ്ക്കലിലേക്ക് മാറ്റിയതും സുപ്രീം കോടതി വിധിയുമായി ബന്ധമില്ലെന്നും സര്‍ക്കാര്‍ കോടിയില്‍ വ്യക്തമാക്കി.