Kerala

ലോക സി.ഒ.പി.ഡി ദിനം: ആസ്റ്റര്‍ മെഡിസിറ്റി ബോധവല്‍ക്കരണവും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു

ആസ്റ്റര്‍ മെഡ്‌സിറ്റി സംഘടിപ്പിച്ച ബോധവല്‍ ക്കരണ പരിപാടിയില്‍ സജ്ജീകരിച്ച ഓക്‌സിജന്‍ ബാറില്‍ ടൊവീനോ തോമസ് ഓക്‌സിജന്‍ സ്വീകരിക്കുന്നു

എറണാകുളം ടൗണ്‍ഹാളില്‍ സജ്ജീകരിച്ച ഓക്‌സിജന്‍ ബാറില്‍ ഓക്‌സിജന്‍ സ്വീകരിക്കുന്ന നടന്‍ ടൊവിനോയെ കണ്ടവരെല്ലാം ആദ്യം ഒന്നതിശയിച്ചു. ഏതെങ്കിലും സിനിമയുടെ ഷൂട്ടിംഗ് ആണോ എന്നായിരുന്നു സംശയം. എന്നാല്‍ പിന്നീട് കാര്യം പിടികിട്ടി. ലോക സി.ഒ.പി.ഡി (ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മണറി ഡിസീസ്) ദിനാചരണത്തോടനുബന്ധിച്ച് ആസ്റ്റര്‍ മെഡ്‌സിറ്റി പള്‍മണോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു പ്രശസ്ത യുവനടന്‍ ടൊവിനോ തോമസ്.

സൗജന്യ ശ്വാസകോശരോഗ ബോധവല്‍ക്കരണവും ഒപ്പം മെഡിക്കല്‍ ക്യാമ്പുമാണ് ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചത്. കേരളത്തിലെ ആദ്യത്തെ ഓക്‌സിജന്‍ ബാറും ക്യാമ്പില്‍ സജ്ജമാക്കിയിരുന്നു. അന്തരീക്ഷ മലിനീകരണം വര്‍ധിക്കുന്ന പ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് അല്പസമയത്തേക്ക് ശുദ്ധമായ ഓക്‌സിജന്‍ നല്‍കുന്നതിനുള്ള സംവിധാനമാണ് ഓക്‌സിജന്‍ ബാര്‍. രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറയുന്നതു മൂലം ഉണ്ടാകുന്ന സിഒപിഡി രോഗമുള്ളവര്‍ക്ക് ചെറിയ അളവില്‍ ഓക്‌സിജന്‍ കൊടുത്താല്‍ ആശ്വാസം ലഭിക്കും. ഇത് ഒരു ഔഷധം പോലെ കൃത്യമായ ഡോസില്‍ നല്‍കുന്നതിനും ഓക്‌സിജന്‍ ബാര്‍ സഹായിക്കും.

ആസ്റ്റര്‍ പള്‍മണോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ശ്വാസകോശ രോഗികളുടെ പുനരധിവാസ പദ്ധതിയുടെ വാര്‍ഷികവും ക്യാമ്പിനൊപ്പം നടത്തി. മരുന്നുകള്‍ക്ക് പുറമേയുള്ള ശ്വസനവ്യായാമങ്ങള്‍ കൊണ്ട് ഏകദേശം അമ്പതോളം ശ്വാസകോശ രോഗികളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുവാന്‍ ഈ പദ്ധതിക്ക് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പുകവലി നിര്‍ത്താന്‍ സഹായിക്കുന്ന പ്രത്യേക ക്ലിനിക്കിന്റെ സേവനവും ക്യാമ്പില്‍ ലഭ്യമാക്കിയിരുന്നു.

കൂര്‍ക്കംവലിക്കിടയില്‍ ശ്വാസം നിന്നുപോകുന്ന സ്ലീപ് അപ്നിയ എന്ന രോഗം ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന സിപാപ് എന്ന ശ്വസനസഹായി, നെബുലൈസര്‍, ഇന്‍ഹേലര്‍ എന്നിവയുടെ ഉപയോഗത്തെക്കുറിച്ചും ക്യാമ്പില്‍ വിശദീകരിച്ചു. ശ്വാസകോശ സംബന്ധമായ എല്ലാ രോഗങ്ങളെക്കുറിച്ചും അവയുടെ പ്രതിവിധികളെക്കുറിച്ചും ഡോക്ടറോട് നേരിട്ട് ചോദിച്ച് മനസ്സിലാക്കാനുള്ള അവസരവും ക്യാമ്പില്‍ ഒരുക്കിയിരുന്നു.എറണാകുളത്തെ നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പോസ്റ്റര്‍ ഡിസൈന്‍ മത്സരവും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top