Kerala

ശബരിമലയില്‍ നേട്ടം കൊയ്യുന്നതാര് ?

ഭരണഘടന ഉറപ്പു നല്‍കുന്ന പൗരാവകാശത്തിന്റെയും തുല്യനീതിയുടേയും പരസ്യ നിഷേധമാണെന്ന് വിലയിരുത്തിയാണ് സുപ്രീം കോടതി പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമല ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിച്ച് വിധി പുറപ്പെടുവിച്ചത്. എന്നാല്‍ വിധിയുടെ സാംഗത്യമായിരുന്നില്ല, മറിച്ച് പ്രസ്തുത വിധിയെ എങ്ങനെ തങ്ങളുടെ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കാം എന്നതാണ് കേരളത്തിലെ രാഷ്ട്രീയ കക്ഷികള്‍ ആലോചിച്ചതും നടപ്പില്‍ വരുത്തിക്കൊണ്ടിരിക്കുന്നതും.

പരമോന്നത കോടതിയുടെ വിധി ഭരണഘടനയ്ക്ക് വിധേയമായി നടപ്പില്‍ വരുത്താന്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് ഉറപ്പിച്ചാവര്‍ത്തിക്കുന്ന ഇടതുമുന്നണി നയിക്കുന്ന സംസ്ഥാന സര്‍ക്കാറും യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കുന്നതിനനുകൂലമായ സര്‍ക്കാറിന്റെ നടപടികള്‍ വിശ്വാസികളെ മനപ്പൂര്‍വം മുറിവേല്‍പ്പിക്കുന്നതിനായാണെന്ന് കാട്ടി വിശ്വാസി സമൂഹത്തെ മുന്നില്‍ നിര്‍ത്തി പ്രതിഷേധ പരിപാടികള്‍ക്ക് തിരി കൊളുത്തിയ ബിജെപിയും. രാഷ്ട്രീയ യുദ്ധം ഇപ്പോള്‍ അവര്‍ തമ്മിലാണ്, സിപിഎംമ്മും ബിജെപിയും.

ബിജെപിക്ക് ഇതൊരു സാധ്യതയാണ്. പതിറ്റാണ്ടുകള്‍ കിണഞ്ഞു ശ്രമിച്ചിട്ടും ഒരൊറ്റ അസംബ്ലി സീറ്റിലേക്ക് മാത്രം വളര്‍ച്ചയെത്തിയ തങ്ങളുടെ പാര്‍ടിയ്ക്ക് കേരളത്തില്‍ ചുവടുറപ്പിക്കാനുതകുന്ന പിടിവള്ളിയായാണ് അവര്‍ ശബരിമലയെ ഇപ്പോള്‍ കാണുന്നത്. എന്തുവില കൊടുത്തും അതുസാധ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ബിജെപി സംസ്ഥാന നേതൃത്വം കൈക്കൊള്ളുന്നത്. അതാണ് കഴിഞ്ഞ ദിവസങ്ങളില്‍ ശബരിമലയില്‍ കേരളം കണ്ടതും.

എന്നാല്‍ ബിജെപിയുടെ വെല്ലുവിളികളില്‍ തങ്ങള്‍ ഭയപ്പെടില്ലെന്ന് ആവര്‍ത്തിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീം കോടതി വിധി നടപ്പാക്കുക എന്നത് സര്‍ക്കാറിന്റെ കടമയാണ്. ഭയപ്പെടുത്തലുകള്‍ കണ്ട് അതില്‍ നിന്നും പിന്നോട്ടു പോകില്ലെന്ന് തന്നെയാണ് മുഖ്യമന്ത്രിയുടെ അടിയുറച്ച നിലപാട്.

പടിക്കല്‍ എത്തി നില്‍ക്കുന്ന ലോക് സഭാ തെരഞ്ഞെടുപ്പും പിന്നിലെയെത്തുന്ന നിയമസഭാ തെരഞ്ഞെടുപ്പും ലക്ഷ്യം വച്ചാണ് മുന്നണികള്‍ ശബരിമല വിഷയത്തെ നോക്കിക്കാണുന്നത്. വിശ്വാസികളുടെ വലിയൊരു പിന്തുണ തങ്ങള്‍ക്കുണ്ടെന്നും അത് തെരഞ്ഞെടുപ്പുകളില്‍ വോട്ടായി മാറ്റാന്‍ സാധിക്കുമെന്നും കണക്കുകൂട്ടുകയാണ് ബിജെപി. അതേസമയം ഇടതുമുന്നണിയാകട്ടെ, മുഖ്യമന്ത്രി പിണറായി വിജയനെ മുന്നില്‍ നിര്‍ത്തി ശബരിമല വിഷയത്തില്‍ ജില്ലാ തലങ്ങളില്‍ രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിക്കുകയാണ്. യോഗങ്ങളില്‍ കാണുന്ന അഭൂതപൂര്‍വമായ ജനപങ്കാളിത്തം ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ഇടതുമുന്നണിയില്‍ നിന്ന് വോട്ടുചോര്‍ച്ചയുണ്ടാകില്ലെന്ന നിഗമനത്തിന് അടിവരയിടുകയാണ്. കര്‍ക്കശക്കാരനായ കമ്മ്യൂണിസ്റ്റ് നേതാവില്‍ നിന്നും ക്രൗഡ് പുള്ളര്‍ എന്ന ജനകീയതയിലേക്ക് പിണറായി വിജയനെന്ന നേതാവിന്റെ സ്വീകര്യത കൂടി ഈ സമ്മേളനങ്ങള്‍ ഉറപ്പിക്കുന്നു.

ഈ സന്ദര്‍ഭത്തില്‍ ചിത്രത്തില്‍ ഇല്ലാതെ പോകുന്നത് കോണ്‍ഗ്രസ് പാര്‍ടിയാണ്. അവിടെ നില്‍ക്കണോ ഇവിടെ നില്‍ക്കണോ എന്ന ആശങ്കയില്‍ വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ടെന്ന രീതിയില്‍ ചില സ്റ്റേറ്റ്‌മെന്റുകള്‍ നല്‍കിയെന്നതൊഴിച്ചാല്‍ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഈ നിര്‍ണായക ഘട്ടത്തില്‍ അവരുടെ അടയാളങ്ങളേയില്ല. നവോഥാന കേരളത്തിന്റെ മുന്നണിപ്പോരാളികളെന്ന് വിളിക്കുന്ന കേരളത്തിലെ ഈ നെഹ്രുവിന്റെ പിന്‍ഗാമികളെ നവകേരള നവോഥാനകാലത്തിന്റെ ഒറ്റുകാരെന്ന് ഒരുപക്ഷേ ചരിത്രം മുദ്രകുത്തിയേക്കും വിധത്തിലാണ് കെപിസിസി ഒരു നാടിനുമുന്നില്‍ വിശ്വാസം നഷ്ടപ്പെടുത്തുന്നത്.

ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം സമരത്തിനിറങ്ങുമെന്ന് പ്രഖ്യാപിച്ചതാണ് കെപിസിസി. രമേശ് ചെന്നിത്തലയും കെ സുധാകരനും ഉള്‍പ്പെട്ട സംസ്ഥാന നേതൃത്വം സ്ത്രീ പ്രവേശനത്തെ ശക്തിയുക്തം എതിര്‍ക്കുന്നു. എന്നാല്‍ എഐസിസി നിലപാട് മറിച്ചാണ്. പാര്‍ടിയുടെ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്ത്രീകള്‍ പ്രവേശിക്കണമെന്നാണ് അഭിപ്രായമെന്ന് വ്യക്തമായി പറയുമ്പോഴും കെപിസിസിക്ക് തങ്ങളുടെ നിലപാട് ഉറപ്പിക്കാന്‍ സാധിക്കുന്നില്ല.

വോട്ട് ബാങ്ക് രാഷ്ട്രീയം മുന്‍നിര്‍ത്തി കെപിസിസി എടുക്കുന്ന ഇപ്പോഴത്തെ നിലപാടില്ലായ്മ തിരിച്ചടിയാകുന്നത് അവര്‍ക്കുതന്നെയാകുമെന്ന് വ്യക്തം. വലിയ വോട്ടു ചോര്‍ച്ചയാണ് കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത്. കോണ്‍ഗ്രസിന് അനുകൂലമായി നിന്നിരുന്ന വലിയൊരു വിഭാഗം വോട്ടര്‍മാര്‍ ബിജെപിയിലേക്ക് ചേക്കറും. അവരെ പിടിച്ചു നിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളൊന്നും തന്നെ കെപിസിസിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. മറിച്ച് നേതാക്കളുടെ പരസ്യമായ ബിജെപി അനുകൂല നിലപാടുകള്‍ കോണ്‍ഗ്രസ് അനുഭാവികളായവര്‍ക്ക് തന്നെ മടുപ്പുണ്ടാക്കി തുടങ്ങിയിരിക്കുന്നു. നേതാക്കളുടെ ഒറ്റയായ വാക്കുകളല്ലാതെ കെപിസിസിക്ക് കൂട്ടായ ഒരു നിലപാടിലെത്താനോ അണികളെ അത് ബോധ്യപ്പെടുത്താനോ ഇതുവരെ സാധിച്ചിട്ടില്ല.

സംസ്ഥാനത്ത് ബിജെപിയുടെ പ്രചരണതന്ത്രങ്ങളെ തടുക്കാന്‍ മുന്നിട്ടിറങ്ങുന്നത് നിലവില്‍ ഇടതുപക്ഷം മാത്രമാണ്. ഇവിടെ പോര് സിപിഎമ്മും ബിജെപിയും തമ്മിലാണ്. ഇത്രയും കാലം കോണ്‍ഗ്രസ് – സിപിഎം ബൈനറികളില്‍ നിന്നിരുന്ന കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ ശബരിമല വിഷയത്തോടെ കോണ്‍ഗ്രസിന്റെ പേര് പതിയെ ഇല്ലാതായി പകരം ആ സ്ഥാനത്ത് ബിജെപി ഇടം പിടിക്കാനൊരുങ്ങുകയാണ് എന്ന് അര്‍ഥശങ്കയ്ക്ക് ഇടമില്ലാത്ത രീതിയിലാണ് കാര്യങ്ങളുടെ പോക്ക്.

മണ്ഡലകാലത്തിന് നടതുറക്കാന്‍ ചുരുക്കം ദിനങ്ങള്‍ മാത്രം ശേഷിക്കവേ, ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തീര്‍ഥാടന കേന്ദ്രമായ ശബരിമലയെ കാത്തിരിക്കുന്ന വിധിയെന്താണെന്ന് കാത്തിരുന്ന് തന്നെ കാണണം. നിലപാടുകളില്‍ സിപിഎമ്മും ബിജെപിയും മുഖാമുഖം കൊമ്പുകോര്‍ക്കാനൊരുങ്ങുമ്പോള്‍ അപ്പോഴും വിഡ്ഡിയുടെ മൗനത്തിലോ ആശയദാരിദ്ര്യത്തിന്റെ ഇരട്ടത്താപ്പുകളിലോ ആശ്രയം കണ്ടെത്താനാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നതെങ്കില്‍ അത് സ്വന്തം ശവക്കല്ലറയ്ക്ക് സ്വയം ആണിയടിക്കുന്നതിന് തുല്യമാകും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top