Latest News

അമൃത്‌സര്‍ തീവണ്ടി അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം

അമൃത്സര്‍: ദസ്സറാ ആഘോഷത്തിനിടെ ആള്‍ക്കൂട്ടത്തിലേക്ക് തീവണ്ടി ഇടിച്ചുകയറി അറുപതിലേറെ പേര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ ചുവടുപിടിച്ച് രാഷ്ട്രീയ വിവാദങ്ങള്‍ കത്തുന്നു. കോണ്‍ഗ്രസ് സംഘടിപ്പിച്ച ദസറ ആഘോഷത്തിനിടെയാണ് അപകടം സംഭവിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചു.

മന്ത്രി നവ്ജ്യോത് സിംഗ് സിദ്ദുവായിരുന്നു പരിപാടിയുടെ സംഘാടകനെന്നാണ് ബി.ജെ.പി ആരോപണം. സിദ്ദുവിന്റെ ഭാര്യ നവ്ജ്യോത് കൗര്‍ അപകടം നടന്നതിനു തൊട്ടുപിന്നാലെ സ്ഥലത്തു നിന്നു പോയെന്നും വിമര്‍ശനമുണ്ട്. പ്രാദേശിക കോണ്‍ഗ്രസ് നേതാവായ നവ്ജ്യോത് കൗര്‍ സിദ്ദു ആഘോഷ പരിപാടികളില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയതായിരുന്നു. എന്നാല്‍ സംഭവം നടന്നയുടനെ താന്‍ പോയതല്ലെന്നും പരിക്കേറ്റവര്‍ക്കൊപ്പം ആശുപത്രിയിലായിരുന്നെന്നും നവ്ജ്യോത് കൗര്‍ വ്യക്തമാക്കി.

എന്നാല്‍ പരിപാടിക്ക് അനുമതി നല്‍കിയിരുന്നില്ലെന്ന് കേന്ദ്ര റെയില്‍വേ ബോര്‍ഡ് അറിയിച്ചു. അമൃത്സറിനടുത്ത് ജോധ ഫടക്ക് മേഖലയില്‍ ചൗര ബസാറിനോടു ചേര്‍ന്നായിരുന്നു അപകടം. 58 പേര്‍ മരിച്ചതായും 72 പേര്‍ക്കു പരുക്കേറ്റതായും അമൃത്സര്‍ കമ്മിഷണര്‍ എസ്.എസ്.ശ്രീവാസ്തവ പറഞ്ഞു. ആഘോഷം നടക്കുന്ന സമയം അതുവഴി ട്രെയിന്‍ ഉണ്ടെന്നതിന്റെ യാതൊരു മുന്നറിയിപ്പും സംഘാടകര്‍ നല്‍കിയിരുന്നില്ലെന്ന് ആഘോഷത്തിനെത്തിയവര്‍ പറയുന്നു.

അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ ആശ്രിതര്‍ക്ക് പഞ്ചാബ് സര്‍ക്കാരും അഞ്ചുലക്ഷം രൂപ പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് സൗജന്യചികിത്സ നല്‍കുമെന്നും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് അറിയിച്ചു.

ദസറ ആഘോഷത്തിന്റെ ഭാഗമായി രാവണരൂപം ട്രാക്കില്‍ വച്ച് കത്തിക്കുമ്പോഴാണ് അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആഘോഷത്തിന്റെ ഭാഗമായി പടക്കങ്ങള്‍ പൊട്ടിച്ചതിനാല്‍ ട്രെയിന്‍ അടുത്തു വരുന്നതിന്റെ ശബ്ദം കേള്‍ക്കാനായില്ല. ഇതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാം. ആയിരത്തിനടുത്ത് ആളുകള്‍ അപകടം നടന്ന സ്ഥലത്തു തടിച്ചു കൂടിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top