Breaking News

സന്നിധാനത്ത് കൂടുതല്‍ സുരക്ഷ; 210 പൊലീസുകാരെ നിയോഗിച്ചു

നിലയ്ക്കല്‍: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളേത്തുടര്‍ന്ന് സന്നിധാനത്ത് സുരക്ഷ വര്‍ദ്ധിപ്പിച്ചു. 210 പൊലീസുകാരെശബരിമലയില്‍ നിയോഗിച്ചു. അതേസമയം പ്രതിഷേധക്കാര്‍ ഇരുമുടിക്കെട്ടുമായി സന്നിധാനത്ത് എത്തിയതായി പോലീസ് പറഞ്ഞു. അസംഘടിതമായി നിന്ന ശേഷം വേഗത്തില്‍ പ്രതിഷേധിക്കുകയാണ് തന്ത്രം. യുവതികള്‍ എത്തിയാല്‍ തടയുകയാണ് ഇവരുടെ ദൗത്യമെന്നും പൊലീസ് പറഞ്ഞു. കാനനപാതയില്‍ പ്രതിഷേധക്കാര്‍ നിരീക്ഷണം നടത്തുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.പ്രശ്നക്കാരായ 50 പേര്‍ മലമുകളില്‍ ഉണ്ടെന്നാണു വിവരം. ഇവര്‍ക്കായി പൊലീസ് തെരച്ചില്‍ തുടങ്ങി. നിലയ്ക്കലില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.

അതേസമയം ശബരിമലയില്‍ അക്രമത്തിന് ആഹ്വാനം ചെയ്യുന്ന ശബ്ദ സന്ദേശം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പുറത്തുവിട്ടു. ശബരിമല സംഘര്‍ഷ ഭൂമിയാക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തീര്‍ഥാടകരുടെ വേഷത്തില്‍ ഇരുമുടിക്കെട്ടുമായി ആളുകളെ എത്തിക്കാന്‍ വാട്‌സാപ്പ് വഴി നടക്കുന്ന ശബ്ദസന്ദേശമാണ് മന്ത്രി പുറത്തുവിട്ടത്. എഎച്ച്പി ജില്ലാ ജനറല്‍ സെക്രട്ടറി ജിജിയാണെന്ന് സ്വയം പരിചയപ്പെടുത്തുന്ന ഒരാളുടെ സന്ദേശമാണ് കേള്‍പ്പിച്ചത്. ഒരു മാല കഴുത്തിലിട്ട് അയ്യപ്പന്‍മാര്‍ എന്ന് തോന്നിക്കും വിധമാണ് ശബരിമലയില്‍ എത്തിച്ചേരേണ്ടത് എന്നാണ് ശബ്ദ സന്ദേശത്തിലെ നിര്‍ദേശം.

സര്‍ക്കാരിന് വിഷയത്തില്‍ ഗൂഢ ലക്ഷ്യങ്ങളില്ല. സുപ്രീം കോടതി വിധി നടപ്പിലാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. വിധിക്ക് കാരണമായ കേസ് നടത്തിയത് ആര്‍ എസ് എസ് ആണെന്ന കാര്യം മറച്ചുവച്ച് ആളുകള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top