Kerala

ശബരിമല വിഷയത്തില്‍ നിലപാട് മാറ്റാന്‍ തന്ത്രിയെ മുഖ്യമന്ത്രി ഭീഷണിപ്പെടുത്തിയെന്ന് ശ്രീധരന്‍പിളള; 15ന് സെക്രട്ടറിയേറ്റിലേക്ക് ബിജെപിയുടെ ലോങ്മാര്‍ച്ച്

ശബരിമല വിഷയത്തില്‍ കോടതി വിധി നടപ്പാക്കണമെന്ന തന്ത്രിയുടെ പ്രസ്താവന മുഖ്യമന്ത്രിയുടെ ഭീഷണിയെ തുടര്‍ന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിളള. മുകള്‍ തട്ടില്‍ നിന്നുളള സമ്മര്‍ദ്ദമാണ് തന്ത്രിയെ നിലപാട് മാറ്റാന്‍ പ്രേരിപ്പിച്ചതെന്നും ഒന്നിച്ചു നില്‍ക്കുന്ന ഹിന്ദുക്കളെ പലതട്ടിലാക്കാനുളള സര്‍ക്കാരിന്റെ നീക്കമാണിതെന്നും ശ്രീധരന്‍പിളള ആരോപിച്ചു. കൈയ്യില്‍ കിട്ടിയ കോടതിവിധി ഉപയോഗിച്ച് ഹിന്ദുക്കളെ തകര്‍ക്കാനാണ് സിപിഎമ്മിന്റെ ശ്രമം. എന്നാല്‍ എന്തു വില കൊടുത്തും ഇതിനെ ചെറുക്കുമെന്നും ഒക്‌ടോബര്‍ 15ന് സെക്രട്ടറിയേറ്റിലേക്ക് ലോങ് മാര്‍ച്ച് സംഘടിപ്പിക്കുമെന്നും ശ്രീധരന്‍പിളള കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഒക്ടോബര്‍ 10ന് അയ്യപ്പ ജന്മസ്ഥാനത്ത് നിന്നും ആരംഭിക്കുന്ന മാര്‍ച്ചില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കും. 17ന് അഞ്ച് ദിവസത്തെ ചടങ്ങുകള്‍ക്കായി ശബരിമല നട തുറക്കുമ്പോള്‍ ബിജെപി മഹിള പ്രവര്‍ത്തകര്‍ ഉപവാസ പ്രാര്‍ത്ഥന യജ്ഞം നടത്തുമെന്നും ശ്രീധരന്‍പിളള പറഞ്ഞു. എന്നാല്‍ ബിജെപി സമാധാനപരമായി നടത്തുന്ന സമരങ്ങള്‍ അടിച്ചമര്‍ത്തുകയാണ് സര്‍ക്കാര്‍. അറ്റത്ത് ആണി ഘടിപ്പിച്ച പിണറായി മോഡല്‍ ലാത്തി ഉപയോഗിച്ചാണ് പോലീസ് വിശ്വാസികളെ അടിച്ചമര്‍ത്തുന്നതെന്നും ശ്രീധരന്‍പിളള ആരോപിച്ചു.

അതേസമയം ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന്റേത് ഇരട്ടത്താപ്പാണെന്ന് ശ്രീധരന്‍പിളള കുറ്റപ്പെടുത്തി. ഒരു വശത്ത് വിധി നടപ്പാക്കണമെന്ന് പറയുമ്പോള്‍ മറുവശത്ത് പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നത് വിശ്വാസികളെ കബളിപ്പിക്കലാണ്. പ്രത്യക്ഷ സമരവുമായി കോണ്‍ഗ്രസ് വിശ്വാസ്യത തെളിയിക്കണമെന്നും ശ്രീധരന്‍പിളള ആവശ്യപ്പെട്ടു. ബിജെപി നേതാക്കളായ കെ.സുരേന്ദ്രന്‍, എഎന്‍ രാധാകൃഷ്ണന്‍, ശോഭ സുരേന്ദ്രന്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top