കെഎസ്ആര്‍ടിസിയില്‍ നിന്നും 773 ജീവനക്കാരെ പിരിച്ചുവിട്ടു. എംഡി ടോമിന് ജെ. തച്ചങ്കരിയാണ് നിരന്തരം ജോലിക്കു ഹാജരാകാത്ത 304 ഡ്രൈവര്‍മാരെയും 469 കണ്ടക്ടര്‍മാരെയും പിരിച്ചുവിടാന്‍ ഉത്തരവിട്ടത്. ദീര്‍ഘകാലമായി ജോലിക്ക് എത്താതെയും അവധി കഴിഞ്ഞ് ജോലിയില്‍ പ്രവേശിക്കാതെ വിട്ടുനിന്നതിനാലാണ് കൂട്ടപ്പിരിച്ചുവിടല്‍ നടപടി.
തുടര്‍ച്ചയായി ജോലിക്ക് ഹാജരാകാത്ത ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. മേയ് 31 നകം ജോലിയില്‍ പ്രവേശിക്കുകയോ കാരണം കാണിക്കല്‍ നോട്ടീസിനു മറുപടി നല്‍കുകയോ ചെയ്യണമെന്ന് നിര്‍ദേശിച്ചെങ്കിലും മറുപടി നല്‍കാത്തതിനെത്തുടര്‍ന്നാണ് 773 ജീവനക്കാരെ പിരിച്ചുവിടുന്നത്.
നിരന്തരം ജോലിക്ക് ഹാജരാകാത്ത മിനിസ്റ്റീരിയല്‍, മെക്കാനിക്കല്‍ വിഭാഗങ്ങളില്‍ ഉള്ളവരെയും പിരിച്ചുവിടാനുള്ള നടപടി കെഎസ്ആര്‍ടിസി ആരംഭിച്ചിട്ടുണ്ട്. ഈ വിഭാഗങ്ങളിലുള്ള ജീവനക്കാരുടെ കാര്യത്തിലും കെഎസ്ആര്‍ടിസി ഉടന്‍ നടപടി എടുക്കുമെന്നാണ് റിപ്പോര്‍ട്ട്.