വ്യോമപ്രതിരോധ നിരയെ കൂടുതല്‍ കരുത്തുറ്റതാക്കാന്‍ റഷ്യയില്‍ നിന്നും ട്രയംഫ് മിസൈല്‍ വാങ്ങാന്‍ ഇന്ത്യ തീരുമാനിച്ചു. ഇന്ത്യ സന്ദര്‍ശിക്കുന്ന റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ക്കു ശേഷമാണു കരാര്‍ ഒപ്പുവച്ചത്. 39,000 കോടി രൂപയ്ക്ക് അഞ്ച് എസ് 400 മിസൈല്‍ സംവിധാനം ഇന്ത്യ വാങ്ങുമെന്നാണു സൂചന. അതേസമയം അമേരിക്കയുടെ ഉപരോധത്തെ തളളിയാണ് ഇന്ത്യ റഷ്യയുമായി കരാറുണ്ടാക്കിയതെന്നും ശ്രദ്ധേയമാണ്.
2020ലാകും കരാര്‍ പ്രകാരം മിസൈലുകള്‍ ഇന്ത്യയിലെത്തുക. അതോടൊപ്പം റഷ്യയില്‍നിന്നുള്ള നാലു ചെറു യുദ്ധക്കപ്പലുകള്‍ നാവികസേനയുടെ ഭാഗമാക്കാനും ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്. രണ്ടെണ്ണം റഷ്യയില്‍നിന്നു വാങ്ങാനും ബാക്കിയുള്ളവ ഗോവ ഷിപ്യാര്ഡില് നിര്‍മിക്കാനുമാണ് ലക്ഷ്യം.
ഇന്ത്യ – ചൈന 4000 കിലോമീറ്റര്‍ അതിര്‍ത്തിയില്‍ രാജ്യത്തിന്റെ വ്യോമപ്രതിരോധം കൂടുതല്‍ കരുത്തുറ്റതാക്കാന്‍ ട്രംയംഫ് മിസൈലുകള്‍ സഹായിക്കും. കംപ്യൂട്ടര്‍ നിയന്ത്രിത എസ്-400 മിസൈല്‍ പ്രതിരോധത്തിനു ശബ്ദത്തേക്കാള്‍ എട്ടിരട്ടിയാണു വേഗം. ഉപഭൂഖണ്ഡത്തിലെ പ്രതിരോധ വെല്ലുവിളികളെ നേരിടാന്‍ ഇന്ത്യക്ക് മിസൈല്‍ അനിവാര്യമാണെന്നാണ് വിലയിരുത്തല്‍. ഈ പശ്ചാത്തലത്തിലാണ് റഷ്യയുമായി ഇന്ത്യ നിര്‍ണായക കരാറില്‍ ഏര്‍പ്പെടുന്നത്. അതേസമയം അഫ്ഗാനിസ്ഥാന്, പാക്കിസ്ഥാന് എന്നിവിടങ്ങളില്‍ നിന്നും തീവ്രവാദ ഭീഷണി ഉയരുന്ന സാഹചര്യവും ഇരു നേതാക്കളും പരിശോധിക്കും