Kerala

ശബരിമലയില്‍ സ്ത്രീകളെ എത്തിക്കുന്നതില്‍ ഇടപെടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയില്‍ നിലപാട് വ്യക്തമാക്കി സിപിഎം. ശബരിമലയില്‍ സ്ത്രീകളെ കൊണ്ടുപോകാനും വരാനും സിപിഎം ഇടപെടില്ലെന്നും അയ്യപ്പഭക്തരായ പുരുഷന്മാരുടെ ആരാധനാ സ്വാതന്ത്ര്യത്തില്‍ സി.പി.എം ഇടപെട്ടിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

കലക്കവെള്ളത്തില്‍ മീന്‍ പിടിച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കാനുള്ള സങ്കുചിത രാഷ്ട്രീയക്കളിയില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് – ബിജെപി നേതൃത്വങ്ങള്‍ കൈകോര്‍ക്കുകയാണെന്ന് ആരോപിച്ച കോടിയേരി ശബരിമലയുടെ ശാന്തിയും സമാധാനവും തകര്‍ക്കാനുള്ള സങ്കുചിത രാഷ്ട്രീയനീക്കത്തെ പ്രബുദ്ധരായ വിശ്വാസികള്‍ തള്ളും എന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ പ്രാര്‍ഥിക്കാന്‍ ഭക്തരായ സ്ത്രീകള്‍ക്ക് പ്രായഭേദമെന്യേ ലഭിച്ചിരിക്കുന്ന അവസരം ഇഷ്ടമുള്ള സ്ത്രീകള്‍ക്ക് ഉപയോഗിക്കാം. താല്‍പ്പര്യമില്ലാത്തവര്‍ക്ക് അങ്ങോട്ട് പോകണ്ട എന്ന നിലപാടാണ് ഞങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്. അതെല്ലാം വിസ്മരിച്ച് വിശ്വാസികളുടെ വിശ്വാസത്തെ അടിച്ചമര്‍ത്താന്‍ സിപിഎം ഇടപെടുന്നു എന്ന് ആരോപിക്കുന്നത് അസംബന്ധമാണെന്നും ‘ശബരിമല: പുലരേണ്ടത് ശാന്തി’ എന്ന തലക്കെട്ടിലുള്ള ലേഖനത്തില്‍ കോടിയേരി വ്യക്തമാക്കുന്നു.

പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി നടപ്പാക്കുന്നത് തടയാന്‍ ശ്രമിക്കുമ്പോഴാണ് വിശ്വാസത്തെ അടിച്ചമര്‍ത്തുന്ന പ്രവണത തലയുയര്‍ത്തുന്നത്. ആ പണിക്ക് ബി.ജെ.പി – കോണ്‍ഗ്രസ് നേതാക്കള്‍ ഇറങ്ങി പുറപ്പെടുന്നത് ഭരണഘടനാവിരുദ്ധവും സ്ത്രീസ്വാതന്ത്ര്യ നിഷേധവുമാണ്. പുരുഷന്റെ തുല്യപങ്കാളിയെന്ന നിലയില്‍ സ്ത്രീയുടെ പദവി മെച്ചപ്പെടുത്താന്‍കൂടി ഉപകരിക്കുന്നതാണ് ശബരിമല സ്ത്രീപ്രവേശനം. സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തം മാത്രമല്ല, നവോത്ഥാനപരമായ കടമയും കേരളസമൂഹത്തിനുണ്ട്. ബി.ജെ.പിയും കോണ്‍ഗ്രസും ഒരേപോലെ അത് മറന്നുപോകുന്നുവെന്നും കോടിയേരി കുറ്റപ്പെടുത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top