സംസ്ഥാനം പെട്രോള്‍, ഡീസല്‍ നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. കേന്ദ്രസര്‍ക്കാര്‍ ഇന്ധന വില കുറച്ചതിനു പിന്നാലെ സംസ്ഥാനങ്ങളും വില കുറയ്ക്കണമെന്ന് അരുണ്‍ജെയ്റ്റ്ലി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഡീസല്‍ 14 രൂപ കൂട്ടിയിട്ട് രണ്ടര രൂപ കുറച്ചാല്‍ മതിയാകില്ല. വര്‍ദ്ധിപ്പിച്ച തുക കുറയ്ക്കാന്‍ കേന്ദ്രം തയ്യാറായാല്‍ സംസ്ഥാനവും നികുതി കുറയ്ക്കുന്ന കാര്യം ആലോചിക്കുമെന്നും ഐസക് പ്രതികരിച്ചു.
രാജസ്ഥാന് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നടപടിയാണിത്. പെട്രോളിന് 9 രൂപ കുറയ്ക്കണം. പെട്രോളിനും ഡീസലിനും 2.50 രൂപ വീതമാണ് കേന്ദ്രസര്‍ക്കാര്‍ കുറച്ചത്. 1.50 രൂപ നികുതിയിനത്തിലും 1 രൂപ എണ്ണകമ്പനികളും കുറയ്ക്കാനാണ് തീരുമാനം.
അതേസമയം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനത്തിന് പിന്നാലെ മഹാരാഷ്ട്ര സര്‍ക്കാര്‍ പെട്രോള്‍ നികുതിയില്‍ 2.50 രൂപ കുറയ്ക്കുമെന്ന് അറിയിച്ചു. ഇതോടെ മഹാരാഷ്ട്ര സംസ്ഥാനത്ത് 5 രൂപ പെട്രോളിന് കുറവ് വരും. മഹാരാഷ്ട്രയില്‍ പലയിടങ്ങളിലും 90 രൂപയിലേറെയാണ് പെട്രോള്‍ വില. ഗുജറാത്തും ഇന്ധന നികുതിയില്‍നിന്ന് രണ്ടര രൂപ കുറച്ചു.