Breaking News

കിസാന്‍ ക്രാന്തി പദയാത്ര അവസാനിപ്പിച്ചു

കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ഭാരതീയ കിസാന്‍ യൂണിയന്‍ ഡല്‍ഹിയിലേക്ക് നടത്തിയ മാര്‍ച്ച് അവസാനിപ്പിച്ചു. ഡല്‍ഹിയിലെ കിസാന്‍ ഘട്ടില്‍ കിസാന്‍ ക്രാന്തി പദയാത്ര അവസാനിപ്പിക്കുന്നതായി നേതാക്കള്‍ ഇന്ന് പുലര്‍ച്ചെയാണ് അറിയിച്ചത്. ഉന്നയിച്ച മിക്കവാറും എല്ലാ ആവശ്യങ്ങളും അംഗീകരിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുമായി കരാറില്‍ ഏര്‍പ്പെട്ടതായി ഭാരതീയ കിസാന്‍ യൂണിയന്‍ വക്താവ് രാകേഷ് തികൈത് പറഞ്ഞു. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ആറ് ദിവസത്തിനുള്ളില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ പ്രതിബന്ധങ്ങളെയും നിര്‍ഭയമായി നേരിട്ടാണ് യാത്ര 12 ദിവസം കൊണ്ട് ഡല്‍ഹിയില്‍ എത്തിച്ചേര്‍ന്നതെന്നും അത് കര്‍ഷകരുടെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകര്‍ ക്ഷീണിതരാണ്. അതുകൊണ്ട് തല്‍ക്കാലം യാത്ര അവസാനിപ്പിച്ച് വീടുകളിലേക്ക് മടങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷ വിരുദ്ധ നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് ഉത്തര്‍പ്രദേശ്, ഹരിയാണ സംസ്ഥാനങ്ങളില്‍നിന്ന് ഡല്‍ഹിയിലേക്ക് സെപ്റ്റംബര്‍ 23ന് ആരംഭിച്ച പദയാത്ര ചൊവ്വാഴ്ച രാത്രിയോടെയാണ് കിസാന്‍ ഘട്ടിലെ ചൗധരി ചരണ്‍ സിങ് സ്മാരകത്തില്‍ എത്തിച്ചേര്‍ന്നത്. എഴുപതിനായിരത്തോളം കര്‍ഷകരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. അഞ്ഞൂറോളം ട്രാക്ടറുകളിലും പ്രക്ഷോഭകര്‍ ഇവരെ അനുഗമിക്കുകയും ചെയ്തിരുന്നു.

എം.എസ്. സ്വാമിനാഥന്‍ കമ്മിഷന്റെ ശുപാര്‍ശകള്‍ നടപ്പാക്കുക, കരിമ്പു കര്‍ഷകര്‍ക്കു മില്ലുകള്‍ നല്‍കാനുള്ള കുടിശ്ശിക ലഭിക്കാന്‍ സര്‍ക്കാര്‍ ഇടപെടുക, 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ട്രാക്ടറുകളുടെ ഉപയോഗത്തിനുള്ള വിലക്ക് റദ്ദാക്കുക, വിള ഇന്‍ഷുറന്‍സ് പദ്ധതി മെച്ചപ്പെടുത്തുക, കാര്‍ഷികകടം എഴുതിത്തള്ളുക, കര്‍ഷക പെന്‍ഷന്‍ അനുവദിക്കുക, ഇന്ധനവില കുറയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് കര്‍ഷകര്‍ സമരം ആരംഭിച്ചത്.

മാര്‍ച്ച് ഡല്‍ഹിയിലെത്തുന്നത് തടയാനുള്ള പോലീസ് നടപടി ഫലിക്കാതെ വന്നതോടെ കര്‍ഷകരെ അനുനയിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം നടത്തിയിരുന്നു. ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് കര്‍ഷക നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കുംവരെ സമരം തുടരുമെന്ന് ചൊവ്വാഴ്ച രാത്രി നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top