തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യകമ്പനികള്‍ക്ക് ബ്രൂവറി അനുവദിച്ചതില്‍ അഴിമതി നടന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു ഡിസ്റ്റിലറിയും മൂന്ന് ബ്രൂവറിയും രഹസ്യമായി അനുവദിച്ചതിനു പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ട്. മന്ത്രിസഭാ യോഗം പോലും അറിയാതെയാണ് തീരുമാനമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സിപിഐഎമ്മിന്റെ ശക്തികേന്ദ്രമായ കണ്ണൂരിലാണ് ആദ്യ നിര്‍മാണ കേന്ദ്രത്തിന് അനുമതി നല്‍കിയത്. കഴിഞ്ഞ 17 വര്‍ഷമായി ഡിസ്റ്റിലറിയും ബ്രൂവറികളും അനുവദിച്ചിരുന്നില്ല. സര്‍ക്കാരിന്റെ മുന്‍ ഉത്തരവുകള്‍ തിരുത്തിയാണ് രഹസ്യമായി നിര്‍മാണ കേന്ദ്രങ്ങള്‍ അനുവദിച്ചത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ക്രമക്കേട് നടന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
കൊച്ചിയില്‍ ബ്രൂവറി അനുവദിക്കാന്‍ സര്‍ക്കാര്‍ സ്വകാര്യ കമ്പനിക്ക് കിന്‍ഫ്രയുടെ 10 ഏക്കര്‍ ഭൂമി വിട്ടു നല്‍കിയതായും ചെന്നിത്തല ആരോപിച്ചു. സര്‍ക്കാര്‍ മൂക്കറ്റം അഴിമതിയില്‍ മുങ്ങിയിരിക്കുകയാണ്. മദ്യക്കച്ചവടത്തിലൂടെ സിപിഎമ്മും മന്ത്രിമാരും കോടികളാണ് ഉണ്ടാക്കുന്നത്. പുതിയ ബ്രൂവറി അനുവദിച്ചതില്‍ പാര്‍ട്ടിക്ക് എത്ര രൂപ കിട്ടിയെന്ന് വെളിപ്പെടുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഇതൊരു ബ്രൂവറി ചലഞ്ചാണെന്ന് ചെന്നിത്തല പരിഹസിച്ചു.