ഫ്രാങ്കോ മുളയ്ക്കല്‍ പാല സബ് ജയിലിലായി. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കല്‍ കോടതി നടപടി പൂര്‍ത്തിയായി 2.15 ഓടുകൂടിയാണ് ജയിലിലായത്. ഇന്ത്യയിലാദ്യമായാണ് ഒരു ബിഷപ്പ് പീഡനക്കേസില്‍ ജയിലിലാവുന്നത്.
ജയിലില്‍ അകപ്പെട്ട ഇദ്ദേഹത്തിന് താമസിയാതെ സെല്‍ അനുവദിക്കും. നൂറുകണക്കിന് പോലീസുകാരെ ജയില്‍ പരിസരത്ത് സുരക്ഷയ്ക്കായി നിയമിച്ചിരുന്നു. അടുത്തമാസം 6 വരെയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.
പ്രത്യേക സൗകര്യങ്ങള്‍ ഒന്നും ഫ്രാങ്കോ മുളക്കലിന് ജയിലില്‍ ലഭിക്കില്ല. കൊച്ചിയിലെ പ്രമുഖ ഹോട്ടലിലെ സ്വിറ്റ് മുറിയില്‍ പ്രതിദിനം പതിനായിരം രൂപ ചെലവഴിച്ചാണ് ഫ്രാങ്കോ മുളക്കല്‍ ചോദ്യം ചെയ്യലിന് വിധേയനാകുന്നതിന് മുമ്പ് താമസിച്ചിരുന്നത്.
ജലന്ധര്‍ രൂപതയില്‍ എല്ലാ ആഢംബരസൗകര്യങ്ങളോടു കൂടി താമസിച്ചിരുന്ന ബിഷപ്പ് കല്‍തുറുങ്കിലെ പരിമിതമായ സൗകര്യത്തോടെ എങ്ങനെ കഴിയുമെന്ന് കണ്ടറിയണം. ഇതിനിടെ ഹൈക്കോടതിയില്‍ ജാമ്യത്തിനായി നല്‍കിയിരുന്ന ഹര്‍ജി ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി.