കൊച്ചി: വര്‍ഗീയശക്തികളുടെ കുത്തേറ്റ് മരിച്ച എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ ജീവിതം സിനിമയാകുന്നു. റെഡ് സ്റ്റാര്‍ മൂവീസിന്റെ ബാനറില്‍ സജി എസ് പാലമേല്‍ ആണ് ‘നാന് പെറ്റ മകന്’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ‘നൂറ്റൊന്ന് ചോദ്യങ്ങള്‍’ എന്ന സിനിമയിലൂടെ 2012ലെ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കിയ മിനോണ്‍ ആണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാള സിനിമയിലെ കരുത്തുറ്റ നിരവധി അഭിനേതാക്കളും പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കും.
ചിത്രത്തിന്റെ ലോഞ്ചിംഗ് അഭിമന്യുവിന്റെ മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് നടന്നു. സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി പരിപാടി ഉദ്ഘാടനം ചെയ്തു. നവംബറില്‍ ചിത്രം തീയേറ്ററിലെത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സംവിധായകന് സജി പാലമേല്‍ അറിയിച്ചു. മഹാരാജാസിലും വട്ടവടയിലുമായിട്ടാണ് സിനിമ ചിത്രീകരിക്കാനൊരുങ്ങുന്നത്.
സിനിമയുടെ ലോഞ്ചിംഗ് അഭിമന്യവിന്റെ മാതാപിതാക്കള്‍ നിര്‍വഹിച്ചു .ഇന്ദ്രന്‍സ്, പന്ന്യന്‍ രവീന്ദ്രന്, ലെനിന് രാജേന്ദ്രന്, നടി സരയു, സീനാ ഭാസ്ക്കര്‍, വട്ടവടയിലെ ഗ്രാമവാസികള്‍, മഹാരാജാസിലെ അഭിമന്യുവിന്റെ സഹപാഠികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.