തൃശൂര്‍: കേരള ഭാഗ്യക്കുറിയുടെ ഓണം ബംപര്‍ ഒന്നാം സമ്മാനം 10 കോടി രൂപ തൃശൂര്‍ അടാട്ട് സ്വദേശിനി വത്സലയ്ക്ക്. തൃശൂര്‍ പടിഞ്ഞാറേക്കോട്ടയിലെ എസ്.എസ്. മണിയന് ഏജന്‍സി വിറ്റ ടിബി 128092 ടിക്കറ്റിനാണ് ബംബറടിച്ചത്. സമ്മാനത്തുകയില്‍ ഒരു വിഹിതം പ്രളയദുരിതാശ്വസത്തിന് നല്‍കുമെന്ന് വത്സല പറഞ്ഞു.
സ്ഥിരമായി ലോട്ടറി ടിക്കറ്റ് എടുക്കുന്ന വല്‍സല കഴിഞ്ഞ മാസം തൃശൂര്‍ നഗരത്തില്‍ നിന്നാണ് ഓണം ബമ്പര്‍ ടിക്കറ്റ് വാങ്ങിയത്. ഏജന്‍സി കമ്മിഷനും നികുതിയും കിഴിച്ച് 6.34 കോടി രൂപ വത്സലയ്ക്ക് ലഭിക്കും. വര്‍ഷങ്ങളായി വാടകവീട്ടില്‍ കഴിയുന്ന വിധവയായ വത്സലയ്ക്ക് സ്വന്തമായൊരു വീട് വാങ്ങണമെന്നാണ് ആഗ്രഹം. ടിക്കറ്റ് വിറ്റ ഏജന്റിന് ഒരു കോടി രൂപയും കിട്ടും.
10 സീരിസുകളിലായി ആകെ 45 ലക്ഷം ഓണം ബംപര്‍ ടിക്കറ്റുകളാണ് ഇത്തവണ ലോട്ടറി വകുപ്പ് അച്ചടിച്ചത്. ഇതില്‍ 43.11 ലക്ഷം ടിക്കറ്റുകള്‍ വിറ്റു. ടിക്കറ്റ് വില 250 രൂപയായിരുന്നു. രണ്ടാം സമ്മാനമായ അരക്കോടി രൂപ 10 പേര്‍ക്കും മൂന്നാം സമ്മാനമായ 10 ലക്ഷം രൂപ 20 പേര്‍ക്കും ലഭിക്കും. സമാശ്വാസ സമ്മാനമായ അഞ്ചുലക്ഷം രൂപ ഒന്‍പതു പേര്‍ക്കു നല്‍കും. 20 പേര്‍ക്ക് ലഭിക്കുന്ന നാലാം സമ്മാനത്തുകയും അഞ്ചു ലക്ഷമാണ്.