തമിഴ് ഹാസ്യതാരം വടിവേലുവിന് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ തമിഴ് സിനിമയില്‍ വിലക്ക് ഏര്‍പ്പെടുത്തി. ‘ഇംസെയ് അരസന് 24ാം പുലികേശി’ എന്ന സിനിമയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്നാണ് വിലക്ക്. ചില കാരണങ്ങളെ തുടര്‍ന്ന് ചിത്രത്തില്‍ നിന്നും വടിവേലു പിന്മാറിയിരുന്നു. ഇതോടെ ഒമ്പത് കോടി രൂപ നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് നിര്‍മ്മാതാവ് പ്രൊഡ്യൂസേഴ്സ് കൗണ്‍സിലിനും നടികര്‍ സംഘത്തിനും പരാതി നല്കി.
എന്നാല്‍ വടിവേലു പിഴയടയ്ക്കാന്‍ തയ്യാറാകാഞ്ഞതോടെ സിനിമയില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. വടിവേലുവിനെ ഇനിമുതല്‍ സിനിമയില്‍ സഹകരിപ്പിക്കെണ്ടെന്ന് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം വടിവേലു ഇക്കാര്യത്തില്‍ ഇതുവരേക്കും പ്രതികരിച്ചിട്ടില്ല.