Kerala

മേക്കര്‍വില്ലേജില്‍ വികസിപ്പിച്ച ആദ്യ ജലാന്തര്‍ഭാഗ ഡ്രോണ്‍ ഡിആര്‍ഡിഒയിലേക്ക്

കൊച്ചി കളമശ്ശേരി മേക്കര്‍വില്ലേജിലെ സ്റ്റാര്‍ട്ടപ് കമ്പനിയായ ഐറോവ് ടെക്‌നോളജീസ് വികസിപ്പിച്ചെടുത്ത രാജ്യത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യ അണ്ടര്‍വാട്ടര്‍ ഡ്രോണ്‍ പ്രതിരോധ സ്ഥാപനമായ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) സ്വന്തമാക്കി. ജലാന്തര്‍ഭാഗ ദൃശ്യങ്ങള്‍ തത്സമയം ചിത്രീകരിക്കുന്നതാണ് ‘ഐറോവ് ട്യൂണ’ എന്ന റോബോട്ടിക്ക് ഡ്രോണ്‍.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ വിവിധ പദ്ധതികളുടെ സഹായ സഹകരണത്തോണെയാണ് ഈ ഉത്പന്നം ഐറോവ് വികസിപ്പിച്ചെടുത്തത്. മേക്കര്‍ വില്ലേജില്‍ നടന്ന ചടങ്ങില്‍ തെരുമോ പെന്‍പോള്‍ സ്ഥാപകന്‍ സി ബാലഗോപാല്‍ റോബോട്ടിക്ക് ഡ്രോണ്‍ ഔപചാരികമായി പുറത്തിറക്കി. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥില്‍ നിന്നും ഡിആര്‍ഡിഒ സ്ഥാപനമായ നേവല്‍ ഫിസിക്കല്‍ ആന്‍ഡ് ഓഷ്യാനോഗ്രാഫിക് ലബോറട്ടറി(എന്‍പിഒഎ ) ഡയറക്ടര്‍ എസ് കേദാര്‍നാഥ് ഷേണായി ഐറോവ് റോബോട്ടിനെ ഏറ്റുവാങ്ങി.

എന്‍പിഒഎല്ലിന്റെ വിവിധ ആവശ്യങ്ങള്‍ക്കനുസൃതമായി റോബോട്ടിക് ഡ്രോണ്‍ തയ്യാറാക്കാന്‍ ഐറോവുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് എസ് കേദാര്‍നാഥ് ഷേണായി പറഞ്ഞു. വെറുമൊരു ഉത്പന്ന കൈമാറ്റത്തിനപ്പുറം രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്കുള്ള പ്രോത്സാഹനമാണിതെന്നും അദ്ദേഹം പറഞ്ഞു.

റിമോട്ടഡ്‌ലി ഓപ്പറേറ്റഡ് വെഹിക്കിള്‍(ആര്‍ഒവി) വിഭാഗത്തില്‍ പെടുന്ന രാജ്യത്തെ ആദ്യ വാണിജ്യ ഡ്രോണ്‍ എന്‍പിഒഎല്ലിന്റെ ഗവേഷണ-വികസന കാര്യങ്ങള്‍ക്കായാണ് ഉപയോഗിക്കുന്നത്. തുടര്‍ന്ന് ഇത് പ്രതിരോധമേഖലയിലെ വാണിജ്യാവശ്യങ്ങള്‍ക്കായും വിനിയോഗിയ്ക്കും.
ജോണ്‍സ് ടി. മത്തായി, കണ്ണപ്പ പളനിയപ്പന്‍ പി. എന്നിവരുടെ നേതൃത്വത്തി വികസിപ്പിച്ചെടുത്ത ഡ്രോണ്‍ 50 മീറ്റര്‍ ആഴത്തലേയ്ക്ക് ചെന്ന് കപ്പലുകളുടെ അടിത്തട്ട്, സമുദ്രാന്തര്‍ഭാഗ കേബിളുകള്‍, പാലങ്ങളുടെ തൂണുകള്‍ തുടങ്ങിയവയുടെ തത്സമയ എച്ച്ഡി വിഡിയോ എന്നിവ എടുക്കാന്‍ പ്രാപ്തമാണ്.

മേക്കര്‍വില്ലേജില്‍ ഇന്‍കുബേറ്റ് ചെയ്ത ആദ്യ അഞ്ച് സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നായിരുന്നു ഐറോവ്. വരുന്ന ആറുമാസത്തിനുള്ളി ആറോളം സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ ഉത്പന്നങ്ങള്‍ പുറത്തിറങ്ങും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top