കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ കുറ്റസമ്മത മൊഴിയല്ല ശക്തമായ തെളിവുകളാണ് വേണ്ടതെന്ന് ഹൈക്കോടതി. ബിഷപ്പിനെ അറസ്റ്റ് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പൊലീസാണ്. കേസില്‍ ഇതുവരെയുള്ള അന്വേഷണം നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും ഹൈക്കോടതി വിലയിരുത്തി. പൊലീസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പരിശോധിക്കുകയായിരുന്നു കോടതി.
വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കേസായതിനാല്‍ പ്രതിയെ അറസ്റ്റ് ചെയ്യുന്നതിന് ശക്തമായ തെളിവുകള്‍ വേണം. അറസ്റ്റിന് പ്രതിയുടെ കുറ്റസമ്മതമൊഴി മാത്രം മതിയാകില്ല. അറസ്റ്റിനല്ല ശിക്ഷ വാങ്ങിച്ചുകൊടുക്കുന്നതിനാണ് കോടതിയുടെ മുന്‍ഗണന. ഹര്‍ജിക്കാര്‍ക്ക് കേസന്വേഷണം സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ കോടതിയെ സമീപിക്കാവുന്നതാണെന്നും ഹൈക്കോടതി ഉത്തരവിട്ടു. കേസ് ഈ മാസം 24ന് വീണ്ടും പരിഗണിക്കും. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.