മൊഴിയിലെ വൈരുധ്യങ്ങള്‍ കാരണമാണ് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതെന്ന് അന്വേഷണസംഘം ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.
ഓഗസ്റ്റ് 13-നാണ് ജലന്ധറിലെ ബിഷപ്പ് ഹൗസിലെത്തി ഫ്രാങ്കോയെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. അതിനുശേഷമുള്ള മുഴുവന്‍ കാര്യങ്ങളും ഉള്‍പ്പെടുത്തിയ 27 പേജുള്ള അന്വേഷണ പുരോഗതി റിപ്പോര്‍ട്ടാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്.
പരാതിക്കാരിയുടേയും ബിഷപ്പിന്റെയും സാക്ഷികളുടേയും മൊഴികളില്‍ വൈരുദ്ധ്യമുണ്ട്. അത് പരിഹരിക്കണം. അതിനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ബിഷപ്പിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. കന്യാസ്ത്രീകള്‍ക്ക് നാല് തലത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കോണ്‍വെന്റിലേക്ക് വരുന്ന ഫോണ്‍കോളുകള്‍ പോലും പരിശോധിക്കുന്നുണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചു.