Breaking News

ചേക്കുട്ടി ; ചേന്ദമംഗലത്തെ ചേറില്‍ നിന്നും ഒരു അതിജീവന പാഠം

നിരവധി ജീവിതങ്ങളുടെ മേല്‍ കണ്ണീര്‍പ്രളയം തീര്‍ത്തുകൊണ്ടാണ് ആഗസ്ത് മാസം കഴിഞ്ഞു പോയത്. നൂറ്റാണ്ട് കണ്ട മഹാ പ്രളയം കടലിറങ്ങിയപ്പോള്‍ ബാക്കിയായതില്‍ നിന്നും പുതിയ ജീവിതം കരുപ്പിടിപ്പിക്കുകയാണ് മലയാളികളിപ്പോള്‍. ചേന്ദമംഗലത്തെ ചേറില്‍ നിന്നും ഉയര്‍ന്നുവന്ന ചേക്കുട്ടിപ്പാവ അതിജീവനത്തിന്റെ മറ്റൊരു പാഠമാണ് കേരളത്തിന് പകര്‍ന്നു തരുന്നത്.

പ്രളയ ജലം കേറി നശിച്ചുപോയ കൈത്തറി സാരികളില്‍ നിന്നും ഉണ്ടാക്കുന്ന കുഞ്ഞന്‍ പാവകളാണ് ചേക്കുട്ടിപ്പാവകള്‍. ഓണവിപണി മുന്നില്‍ കണ്ട് ചേന്ദമംഗലത്തെ കൈത്തറി ഗ്രാമങ്ങളിലെ നെയത്തുകാര്‍ തയ്യാറാക്കി വച്ചിരുന്ന ലക്ഷക്കണത്തിന് രൂപയുടെ വസ്ത്രങ്ങളാണ് ചേറും ചളിയും നിറഞ്ഞ് ഉപയോഗ ശൂന്യമായത്. കഴുകിയെടുത്താല്‍ പോലും ഉപയോഗശൂന്യമായ അവയെ മറ്റെന്തെങ്കിലും രീതിയില്‍ ഉപയോഗപ്പെടുത്താമോ എന്ന ആലോചനയാണ് ചേക്കുട്ടിപ്പാവയുടെ പിറവിക്ക് പിന്നില്‍. സാമൂഹിക പ്രവര്‍ത്തകയും ഫാഷന്‍ ഡിസൈനറുമായ ലക്ഷ്മി മേനോനും സുഹൃത്ത് ഗോപിനാഥുമാണ് ചേക്കുട്ടിയെ ആവിഷ്‌കരിച്ചിരിക്കുന്നത്.

ചേന്ദമംഗലത്തെത്തിയപ്പോഴാണ് നഷ്ടത്തിന്റെ വ്യാപ്തി തിരിച്ചറിഞ്ഞത്. ഫാഷന്‍ ഡിസൈനര്‍ കൂടിയായതുകൊണ്ട് ഫാബ്രിക്കിനോടു പ്രത്യേക ഇഷ്ടമുണ്ട്. ആദ്യം രണ്ടു മൂന്നെണ്ണം എടുത്ത് ക്ലോറിനേറ്റ് ചെയ്ത് വൃത്തിയാക്കാന്‍ തീരുമാനിച്ചു. പക്ഷേ ആഴത്തില്‍ പതിഞ്ഞുപോയ കറയും കരിമ്പനുമൊന്നും എത്ര വൃത്തിയാക്കിയാലും പോകില്ലെന്നു മനസ്സിലായി. അങ്ങനെയാണ് അവയിലെ കറ തന്നെ ഹൈലൈറ്റ് ചെയ്ത് എന്തു ചെയ്യാം എന്നു തീരുമാനിക്കുന്നത്. അതിജീവനത്തിന്റെ പ്രതീകം എന്ന ആശയത്തില്‍ നിന്നാണ് ചേറുപിടിച്ച ആ സാരികളില്‍ നിന്ന് ചേക്കുട്ടി എന്ന പാവയിലേക്കെത്തിയത്. ലക്ഷ്മി മേനോന്‍ പറയുന്നു.

ഉപയോഗശൂന്യമായ ഒരു സാരിയില്‍ നിന്നു 360 ചേക്കുട്ടിയെ വരെ ഉണ്ടാക്കാം. ഓരോ ചേക്കുട്ടിക്കും 25 രൂപയാണ് വില. ഇത്തരത്തില്‍ ആയിരത്തി മുന്നൂറു രൂപ വിലവരുന്ന ഒരു സാരികൊണ്ട് 360 ചേക്കുട്ടിയെ ഉണ്ടാക്കുമ്പോള്‍ 9000 രൂപയാണ് വിറ്റുവരവായി കിട്ടുന്നത്. നിശ്ചിത വില മാത്രം നല്‍കാതെ ആശയത്തിന്റെ വ്യാപ്തി ഉള്‍ക്കൊണ്ട് കൂടുതല്‍ പണം നല്‍കുന്നവരും ഉണ്ട്. പാവയുടെ വില നോക്കുകയാണെങ്കില്‍ വെറും രണ്ടുരൂപ പോലും കിട്ടില്ല, കാഴ്ച്ചയിലും ആര്‍ക്കും വാങ്ങാന്‍ മാത്രമുള്ള സൗന്ദര്യമില്ല. പക്ഷേ ഉല്‍പന്നം എന്നതിനേക്കാള്‍ അതിന്റെ ലക്ഷ്യം അമൂല്യമാണ്. സൂചിയോ നൂലോ പശയോ ഒന്നുമില്ലാതെ കഠിനാധ്വാനമില്ലാതെ തയ്യാറാക്കാവുന്നതാണ്. തുടക്കത്തില്‍ കൈത്തറിത്തൊഴിലാളികളെക്കൊണ്ടു തന്നെ ചേക്കുട്ടിയെ നിര്‍മിക്കാം എന്നു കരുതിയിരുന്നുവെങ്കിലും അവര്‍ക്ക് നഷ്ടത്തെ മറികടക്കാന്‍ ഇനിയും ഏറെ താണ്ടാനുണ്ട് എന്ന തോന്നലില്‍ നിന്നാണ് വളന്റിയഴ്സിനെക്കൊണ്ടു ചെയ്യിക്കാം എന്നു തീരുമാനിക്കുന്നത്. ലക്ഷ്മി കൂട്ടിച്ചേര്‍ക്കുന്നു.

www.chekutty.in എന്ന വെബ്‌സൈറ്റിലൂടെ ചേക്കുട്ടിപ്പാവയെ വാങ്ങിക്കാം. ചേക്കുട്ടിയുടെ ഭംഗി അതിലെ കറപ്പാടുകളാണ്. പ്രളയത്തില്‍ മുങ്ങിത്താഴാതെ കേരള ജനത ഒന്നിച്ചുകണ്ട സ്വപ്‌നങ്ങളാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top