ലൈംഗികാആരോപണമുയര്ന്ന എം.എല്‍.എ പി.കെ ശശിയുടെ പൊതുപരിപാടി റദ്ദാക്കി. അനാരോഗ്യം കാരണമാണ് പരിപാടികള്‍ റദ്ദാക്കിയതെന്നാണ് വിശദീകരണം. ഇന്ന് ചെര്‍പ്പുളശ്ശേരിയില്‍ നടക്കേണ്ട സ്കൂള്‍ ബസ് ഉദ്ഘാടന ചടങ്ങിലാണ് അദ്ദേഹം എത്തില്ലെന്ന് അറിയിപ്പ് നല്‍കിയത്. വൈകിട്ട് മൂന്നു മണിക്കാണ് പരിപാടി നടക്കേണ്ടിയിരുന്നത്.
ആരോപണത്തെ നേരിടാനുള്ള കമ്മ്യൂണിസ്റ്റ് ആരോഗ്യം തനിക്ക് ഉണ്ടെന്നതടക്കമുള്ള പി.കെ ശശിയുടെ പ്രസ്താവനകള്‍ വിവാദമായിരുന്നു. പിന്നീട് മാധ്യമങ്ങളോട് പ്രകോപിതനായി സംസാരിക്കരുതെന്ന് പാര്‍ട്ടി നേതൃത്വം അദ്ദേഹത്തിന് നിര്‍ദേശം നല്കി എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതിനിടെ വെള്ളിയാഴ്ച എം.എല്‍.എ മുന്‍കൈയെടുത്ത് വിളിച്ചു ചേര്‍ത്ത ചെര്‍പ്പുളശ്ശേരി ഏരിയ കമ്മിറ്റി യോഗം ക്വാറം തികയാതെ പിരിഞ്ഞു. 19 അംഗ കമ്മിറ്റിയില്‍ മൂന്നു പേര് മാത്രമാണ് എത്തിച്ചേര്‍ന്നത്.