ഷൊര്‍ണൂര്‍ എംഎല്‍എയും സിപിഎം നേതാവുമായ പികെ ശശി ലൈംഗികമായി പീഡിപ്പിച്ചെന്ന് ഡിവൈഎഫ്ഐ വനിതാ നേതാവ് പാര്‍ടി നേതൃത്വത്തിന് നല്കിയ പരാതിയില്‍ പാര്‍ടി തല അന്വേഷണം നടത്താന്‍ പോളിറ്റ് ബ്യൂറോ തീരുമാനം. പാലക്കാട് ജില്ലാ കമ്മിറ്റിയിലും പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടിനുമാണ് യുവതി പരാതി നല്‍കിയത്. രണ്ടാഴ്ച മുമ്പ് നല്കിയ പരാതിയില്‍ നടപടിയൊന്നും ഇല്ലാത്തതിനാല്‍ പരാതിക്കാരി പൊളിറ്റ് ബ്യൂറോയെ സമീപിക്കുകയായിരുന്നു.
ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്കും പരാതി നല്കി. ഇന്നലെ ചേര്‍ന്ന അവൈലബിള്‍ പോളിറ്റ് ബ്യൂറോ യോഗത്തില്‍ വൃന്ദ കാരാട്ട് വിഷയം അവതരിപ്പിച്ചു. യുവതിയുടെ പരാതിയില്‍ പ്രത്യേക സമിതിയെ വെച്ച് അന്വേഷണം നടത്താന്‍ യോഗത്തില്‍ തീരുമാനമായി.ഇതിനായി രണ്ട് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളടങ്ങുന്ന പ്രത്യേക സമിതിയെ കേന്ദ്ര നേതൃത്വം നിയോഗിച്ചു. സെക്രട്ടറിയേറ്റിലെ രണ്ട് അംഗങ്ങളും ഒരു വനിതാ അംഗവുമാണ് സമിതിയില്‍ ഉള്ളത്.
എന്നാല്‍ പരാതിയെപ്പറ്റി തനിക്ക് ഒന്നും അറിയില്ലെന്നും തന്നെ തകര്‍ക്കാനുള്ള രാഷ്ട്രീയ ഗൂഡാലോചനയാണ് ഇപ്പോഴുള്ള ആരോപണങ്ങളെന്നും പികെ ശശി എംഎല്‍എ പ്രതികരിച്ചു. പരാതി കിട്ടിയതായി പാര്‍ടി എന്നെ അറിയിച്ചിട്ടില്ല. ഏത് അന്വേഷണം നേരിടാനും തയ്യാറാണെന്നും പികെ ശശി പറഞ്ഞു.
ജില്ലാ കമ്മിറ്റിയില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് പാലക്കാട് ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രന് പറഞ്ഞു. ഇന്ന് ചേരുന്ന ജില്ലാ കമ്മിറ്റിയോഗത്തില്‍ വിഷയം ചര്‍ച്ചയായേക്കും.