Kerala

പ്രളയത്തിന് പിന്നാലെ സംസ്ഥാനത്ത് എലിപ്പനി പടരുന്നു; 190 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; കോഴിക്കോട് മാത്രം 75 പേര്‍ ചികിത്സയില്‍

പ്രളയത്തെ അതിജീവിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുന്ന കേരളത്തിന് തിരിച്ചടിയായി എലിപ്പനി. പ്രളയമിറങ്ങി ശുചീകരണ പ്രവര്‍ത്തികള്‍ ആരംഭിച്ചതോടെയാണ് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയത്. എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് 3 പേര്‍ ഇതു വരേക്കും മരണപ്പെട്ടു. 490 പേരില്‍ എലിപ്പനി ബാധ സംശയിക്കുന്നുണ്ട്. ഇതില്‍ 190 പേരില്‍ സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലാണ് എലിപ്പനി ബാധിതരുടെ എണ്ണം കൂടുതല്‍. 75 പേരാണ് എലിപ്പനി ബാധയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ മാത്രം ചികിത്സയിലുളളത്.

കോഴിക്കോടിന് പുറമെ തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളിലും എലിപ്പനി ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രളയമേഖലയില്‍ എലിപ്പനി പടരാനുളള സാധ്യത കണക്കിലെടുത്ത് പ്രതിരോധ ഗുളികകള്‍ അധികൃതര്‍ നല്‍കിയിരുന്നു. എന്നാല്‍, ഇത് പലരും കഴിക്കാത്തതാണ് രോഗം പടര്‍ന്ന് പിടിക്കാനുളള മറ്റൊരു പ്രധാന കാരണം. പ്രളയവുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുളളവരിലാണ് എലിപ്പനി പ്രധാനമായും കണ്ടുവരുന്നത്. അതിനാല്‍ ശുചീകരണ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവര്‍ പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിന്‍ എന്ന മരുന്ന് ആഴ്ചയില്‍ ഒന്ന് നിര്‍ബന്ധമായും കഴിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു. നാളെ രാവിലെ 9 മണി മുതല്‍ 12 മണിവരെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഡോക്സിസൈക്ലിന്‍ വിതരണം ചെയ്യും. (ഗര്‍ഭിണികളും കുട്ടികളും ഇത് കഴിക്കരുത്)

പനിയും ശരീരവേദനയുമാണ് എലിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. ഇത്തരത്തില്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സിക്കാതെ എത്രയും പെട്ടന്ന് വൈദ്യസഹായം തേടണമെന്ന് ആരോഗ്യവകുപ്പ് കര്‍ശന നിര്‍ദേശം നല്‍കുന്നു. പ്രളയത്തേതുടര്‍ന്നുളള അടിയന്തര പ്രതിരോധം എന്ന നിലയില്‍ 325 ആശുപത്രികള്‍ തുറന്നിട്ടുണ്ട്. പകര്‍ച്ചവ്യാധികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കാന്‍ ആരോഗ്യവകുപ്പിന്റെ കണ്ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.

0495 2376100, 0495 2376063

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top