sunday feature

ഇനിയും പരീക്ഷിക്കരുതേ.. പുഴ പറയുന്നു

‘ആഘോഷമില്ല ആശംസകള്‍ മാത്രം’ പെരുന്നാള്‍,ഓണം ദിനങ്ങളോടനുബന്ധിച്ച് ലഭിച്ച സന്ദേശങ്ങളില്‍ ഇങ്ങനൊരു വാക്യം എല്ലാവരും ശ്രദ്ധിച്ചുകാണും. ശരിയാണ് നമ്മള്‍ ഇത്തവണ ഓണം ആഘോഷിച്ചില്ല.

വര്‍ഷംതോറും മുടങ്ങാതെ കാണാനെത്തുന്ന മഹാബലിത്തമ്പുരാനെ നിരാശനാക്കിയയ്ക്കാന്‍ മനസില്ലാത്തതുകൊണ്ട് ഒരുരുള ചോറുണ്ടു. പൂക്കളങ്ങളില്ല പൂവിളികളില്ല. ഓണത്തിന്റെ വരവറിയിച്ച് പുന്നമടക്കായലില്‍ ഇത്തവഴണ ചുണ്ടന്‍ വളളങ്ങളിറങ്ങിയില്ല. ഓണച്ചിത്രങ്ങള്‍ തീയേറ്ററിലെത്തിയില്ല, വര്‍ഷം തോറും നടത്തിയിരുന്ന ഓണക്കളികളുമുണ്ടായില്ല. പ്രത്യക്ഷമായോ പരോക്ഷമായോ മൊത്തം കേരളത്തെയും പ്രളയം ബാധിച്ചു എന്നതാണ് യാഥാര്‍ത്ഥ്യം.

എന്നാല്‍ ക്യാമ്പുകളില്‍ കഴിയുന്നവര്‍ തൂശനിലയില്‍ ഓണസദ്യ കഴിക്കണമെന്ന് പലര്‍ക്കും നിര്‍ബന്ധമുണ്ടായിരുന്നു. ഉളള് നീറിപുകയുമ്പോഴും മുഖത്ത് സന്തോഷം വരുത്തി നടന്ന അവരില്‍ പലര്‍ക്കും ജീവിതത്തില്‍ മറക്കാനാവാത്ത ഓണാഘോഷമായിരുന്നു ഇതെന്ന് നിസംശയം പറയാം. വീട്ടില്‍ ചടഞ്ഞുകൂടിയിരുന്ന് ടിവിയില്‍ നോക്കി കഴിച്ച ഓണസദ്യയേക്കാള്‍ എത്രയോ രുചികരമായിരിക്കണം ഐഷുമ്മയും ലതേച്ചിയും ഔസേപ്പ് ചേട്ടനും ഒന്നിച്ചുണ്ട ഓണം.

ഇതുകൊണ്ട് തന്നെയാണ് 2004ല്‍ സുനാമി ഇന്ത്യന്‍ തീരങ്ങളെ വിഴുങ്ങിയപ്പോള്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞത്; ‘ഓരോ ദുരന്തങ്ങളും ഒരു അവസരമാണ്.’ അതെ, കേരളത്തെ ദുരിതത്തിലാഴ്ത്തിയ ഒരു നൂറ്റാണ്ടിനു ശേഷമുണ്ടായ ഈ പ്രളയവും നമുക്ക് ഒരു അവസരം നല്‍കുകയാണ്. ആ അവസരത്തെ ജെസിബികൊണ്ട് കോരിയെടുത്ത് വീണ്ടും പുഴയിലേക്കിടാനാണ് ഭാവമെങ്കില്‍ വരും തലമുറയുടെ പഴി കേള്‍ക്കേണ്ടി വരുമെന്ന് തീര്‍ച്ച. അതായത് പ്രളയത്തിനൊടുവില്‍ കേരളം നേരിടാന്‍ പോകുന്ന പ്രധാനപ്രശ്‌നങ്ങളിലൊന്ന് മാലിന്യ നിര്‍മ്മാര്‍ജനമാണെന്ന് സാരം

പ്രളയമിറങ്ങിയ ശേഷം പാലത്തില്‍ വന്നടിഞ്ഞ മാലിന്യം പുഴയിലേക്ക് തിരികെയിടുന്നു

കഴിഞ്ഞ രണ്ട് ആഴ്ച്ചയായി, കൃത്യമായി പറഞ്ഞാല്‍ ആഗസ്റ്റ് 12 മുതല്‍ നമുക്കും നമ്മുടെ ചുറ്റുമുളളതിലും വന്ന മാറ്റം ശ്രദ്ധിച്ചിട്ടുണ്ടോ..? അന്നാണ് ഒഡീഷയില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം പശ്ചിമഘട്ട മലനിരകളില്‍ തട്ടി പേമാരിയായി പെയ്തിറങ്ങി നമ്മുടെ സന്തോഷങ്ങള്‍ തല്ലിക്കെടുത്തിയത്. ദൈവകോപമെന്നും, പ്രകൃതിയുടെ ഓര്‍മ്മപ്പെടുത്തലുമെന്നൊക്കെ പലരും വിശ്വസിക്കുമ്പോള്‍ പല കാരണങ്ങള്‍ക്കൊണ്ട് അന്തരീക്ഷത്തിലെ മാറ്റം മഴയായി പെയ്തിറങ്ങിയെന്ന് ഞാന്‍ കരുതുന്നു.  മഴ മണ്ണില്‍ തൊട്ടശേഷമുണ്ടായതെല്ലാം മനുഷ്യനിര്‍മ്മിതം മാത്രം.

ഇപ്പോഴുണ്ടായ കെടുതിയില്‍നിന്നെല്ലാം കരകയറാന്‍ കേരളത്തിന് നിശ്ചമായും കഴിയും. പക്ഷെ സ്വന്തം വീട്ടിലെ മാലിന്യം അടുത്ത പറമ്പിലും, റോഡുവക്കിലും, കുറ്റിക്കാട്ടിലും, പുഴക്കരയിലും നിക്ഷേപിക്കുന്ന ആ പഴയ കരയിലേക്ക് തന്നെയാണ് നീന്തിക്കയറുന്നതെങ്കില്‍ പ്രകൃതി വീണ്ടും തോല്‍ക്കും.

കാണുമ്പോള്‍ രസകരമാണെങ്കിലും ഒരുപക്ഷെ ഇങ്ങനെ തന്നെയായിരിക്കില്ലെ പുഴ ഇപ്പോള്‍ ചിന്തിക്കുന്നത്. ഇവിടെയാണ് മന്‍മോഹന്‍സിങിന്റെ വാക്കുകള്‍ക്ക് പ്രസക്തി.സുനാമി ദുരിതം വിതച്ച മത്സ്യമേഖലയെ മെച്ചപ്പെടുത്താന്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ അന്ന് ഒരു പരിധിവരേക്കും പ്രകടമായിരുന്നു. എന്‍ജിഒകളുടെയും രാജ്യങ്ങളുടെയും സഹായത്തോടെ പുതിയ വീടും മത്സ്യബന്ധന ഉപകരണങ്ങളും അന്ന് തീരദേശമേഖലയ്ക്ക് ലഭിച്ചു. എന്നാല്‍ നിയന്ത്രണങ്ങള്‍ വന്ന ശേഷമുണ്ടായ ചെന്നൈ പ്രളയം, തമിഴ്‌നാട്ടിലുണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ നാം കണ്ടതാണ്. സാമ്പത്തികമായി അത്തരമൊരു അവസ്ഥ ഉണ്ടായേക്കില്ലെങ്കിലും നാം സ്വന്തമായി തീരുമാനമെടുത്ത് ചെയ്യേണ്ട അത്രമേല്‍ പ്രാധാന്യമുളള ഒന്നാണ് മാലിന്യ നിര്‍മാര്‍ജനം.

വെളളം നാശം വിതച്ച് കയറിയിറങ്ങിപ്പോയ വീടുകളില്‍ വേണ്ടതിനേക്കാളുപരി വേണ്ടാത്ത സാധനങ്ങളാണ് കൂടുതല്‍. പുതിയത് വാങ്ങിക്കണം എന്നു കരുതി വച്ച ടിവിയും മിക്‌സിയും അടക്കമുളള പഴയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ വെളളം കയറി അക്ഷരാര്‍ത്ഥത്തില്‍ ഭാരമായികഴിഞ്ഞിരിക്കുന്നു. പുഴ തിരിച്ചിട്ടിട്ടുപോയ പ്ലാസ്റ്റിക് വേസ്റ്റുകള്‍ പലയിടത്തായി കുന്നുകൂടിക്കിടക്കുന്നു. ഉപയോഗശൂന്യമാം വിധം നിരവധി വസ്തുക്കളാണ് ഓരോ വീട്ടില്‍ നിന്നും പുറം തളളാനുളളത്. ഇതൊക്കെ എന്തു ചെയ്യണമെന്ന് പലര്‍ക്കും ധാരണയുണ്ടാകില്ല.. മാലിന്യം പ്രകൃതിയിലേക്ക് വലിച്ചെറിയുന്ന കഴിഞ്ഞ കാലം ആവര്‍ത്തിക്കില്ല എന്ന് മനസില്‍ നിശ്ചയിച്ച് ഉറപ്പിച്ചവര്‍ക്ക് മാത്രം നല്ല സാധ്യതകള്‍ക്കായി തുടര്‍ന്നും വായിക്കാം..

മഴകുറഞ്ഞ് മണ്ണ് ഉണങ്ങിത്തുടങ്ങിയാല്‍ മാലിന്യങ്ങള്‍ കത്തിച്ചുകളയാം എന്ന് ചിന്തിച്ചിരിക്കുന്നവരുമുണ്ടാകും. പ്ലാസ്‌ററിക് കത്തിക്കുന്നതിന്റെ ദോഷവശങ്ങള്‍ പറഞ്ഞുതരേണ്ടതില്ലല്ലോ.! അങ്ങനെയെങ്കില്‍ പ്രളയത്തിനു ശേഷമുണ്ടായ മാലിന്യങ്ങള്‍ എന്തു ചെയ്യണമെന്ന്, യുഎന്‍ എന്‍വിറോണ്‍മെന്റ് ഡിസാസ്റ്റര്‍ റിസ്‌ക് റിഡക്ഷന്‍ ചീഫ് ആയ മുരളി തുമ്മാരുകുടി പറയുന്നു;

കേരളത്തില്‍ നമുക്ക് ഒരു മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനം ഇല്ല. അതിന്റെ കുഴപ്പമാണ് ഇപ്പോള്‍ നാം അനുഭവിക്കുന്നത്. കൃത്യമായ മാലിന്യ സംസ്‌ക്കരണ സംവിധാനങ്ങളും സാങ്കേതിക വിദഗ്ദ്ധരുമുള്ള രാജ്യങ്ങളില്‍ പോലും വലിയ ദുരന്തം ഉണ്ടാകുമ്പോള്‍ ഇത്തരം സാഹചര്യം നേരിടാന്‍ ബുദ്ധിമുട്ടും. രണ്ടായിരത്തി പതിനൊന്നിലെ ജപ്പാന്‍ സുനാമിക്കാലത്ത് ജപ്പാനില്‍ തീരപ്രദേശത്ത് എല്ലാം നഗരങ്ങളില്‍ പല വര്‍ഷങ്ങളില്‍ ഉണ്ടാകുന്ന ഖരമാലിന്യമാണ് ഒരു മണിക്കൂറിനകം അടിഞ്ഞത്. ഇക്കാര്യത്തെ പറ്റി പഠിക്കാന്‍ ഒരു അന്താരാഷ്ട്ര സംഘത്തെ നയിച്ച അനുഭവത്തിന്റെ വെളിച്ചത്തില്‍ ചില നിര്‍ദ്ദേശങ്ങള്‍ പറയാം.

1. ഏറ്റവും വേഗത്തില്‍ ഈ മാലിന്യങ്ങള്‍ സംഭരിച്ചുവെക്കാനുള്ള സ്ഥലം കണ്ടു പിടിക്കണം.

2. മാലിന്യത്തെ മരം, ബെഡുകള്‍, പ്ലാസ്റ്റിക് മാലിന്യം, വൈറ്റ് ഗുഡ്സ് എന്നിങ്ങനെ പത്തോ പതിനഞ്ചോ വിഭാഗങ്ങള്‍ ആയി തിരിച്ചു വേണം സംഭരിക്കാന്‍.

3. കേരളം ടി വിക്കും ഫ്രിഡ്ജിനും ഒക്കെ ഇന്ത്യയിലെ ഒന്നാമത്തെ കമ്പോളമാണ്. ആയിരക്കണക്കിന് പുതിയ ടി വി കളാണ് ആളുകള്‍ വാങ്ങാന്‍ പോകുന്നത്. അതുകൊണ്ടു തന്നെ പഴയ ടി വി കളും ഫ്രിഡ്ജുകളും തിരിച്ചെടുക്കുന്ന ഉത്തരവാദിത്തം ആ കമ്പനികളെ ഏല്‍പ്പിക്കാനുള്ള കമ്പോള സമ്മര്‍ദ്ദം ചെലുത്താനുള്ള കഴിവ് നമുക്കുണ്ട്.  വന്‍കിട കമ്പനികളെ ഇക്കാര്യം ഏല്‍പ്പിക്കുന്നതില്‍ ഒരു വിഷമവും വേണ്ട, അങ്ങനെ ചെയ്യാത്തവര്‍ തല്‍ക്കാലം കേരളത്തില്‍ ടി വിയും ഫ്രിഡ്ജും വില്‍ക്കേണ്ട എന്ന് സര്‍ക്കാര്‍ തീരുമാനമെടുത്താല്‍ അവര്‍ തീര്‍ച്ചയായും ഈ കാര്യത്തില്‍ ഇടപെടും. അതുപോലെ തന്നെ പഴയ ടി വി കൊണ്ടുവരുന്നവര്‍ക്ക് പുതിയത് വാങ്ങാന്‍ രണ്ടോ മൂന്നോ ആയിരം രൂപ കുറച്ചു കൊടുക്കും എന്ന് പറഞ്ഞാല്‍ ആളുകള്‍ ടി വി പുറത്തേക്ക് കളയാതിരിക്കും.

വസ്തുക്കള്‍ ശേഖരിച്ചു വെക്കാനുള്ള സംവിധാനം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നിര്‍ദ്ദേശിക്കുകയാണെങ്കില്‍ ഇങ്ങനെ ശേഖരിക്കുന്ന വസ്തുക്കള്‍ എങ്ങനെയാണ് വീണ്ടും ഉപയോഗിക്കുന്നത്, സംസ്‌കരിക്കുന്നത് എന്നൊക്കെ കൂടുതല്‍ ഉപദേശങ്ങള്‍ നല്‍കാം. അങ്ങനെ ഒന്നും കാണാത്തിടത്തോളം കാലം പുതിയ ആശയങ്ങള്‍ കൊടുത്തിട്ട് എന്ത് കാര്യം ?

അടുത്ത രണ്ടോ മൂന്നോ ദിവസത്തിനകം ഇക്കാര്യത്തില്‍ തീരുമാനങ്ങള്‍ എടുത്തില്ലെങ്കില്‍ പ്രളയബാധിത പ്രദേശത്തുള്ള കാനകളും തോടുകളും ചെളി കൊണ്ട് നിറയും, രാത്രിയില്‍ മാലിന്യങ്ങള്‍ നദിയിലെത്തും, കേരളത്തില്‍ എമ്പാടും ചെറിയ തീക്കൂനകള്‍ ഉണ്ടാകും, കുട്ടികള്‍ക്കും രോഗികള്‍ക്കും വായു മലിനീകരണം പ്രശ്‌നമുണ്ടാക്കും. കുറച്ചാളുകള്‍ക്കെങ്കിലും ഇത് മാറാരോഗങ്ങള്‍ സമ്മാനിക്കും.

ഇതുണ്ടാകാന്‍ അനുവദിക്കരുത്.

മുരളി തുമ്മാരുകുടി

 

മാലിന്യ നിര്‍മാര്‍ജനത്തിനുളള ഒരു വഴിയാണ് മുകളില്‍ പറഞ്ഞത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ റീസൈക്കിള്‍ ചെയ്യാന്‍ സംവിധാനമുണ്ടെന്ന് ‘ആഷിഷ് എന്ന എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത സന്ദേശം സിനിമാ താരം ടൊവീനൊ അടക്കം പങ്കുവച്ചിരുന്നു. ഒരു പക്ഷെ ഇതിന്റെ പ്രാധാന്യം മനസിലാക്കിയ ചുരുക്കം ചില പ്രമുഖരില്‍ ഒരാളായതിനാല്‍ മാലിന്യനിര്‍മാര്‍ജനത്തില്‍ അദ്ദേഹം കൂടുതല്‍ പ്രാധാന്യം നല്‍കാറുണ്ട്.

 

പ്രളയക്കെടിതിയില്‍ നിന്നും ജനങ്ങളെ കരകയറ്റണമെന്ന വെല്ലവിളി നിറഞ്ഞ ഘട്ടത്തില്‍ മാലിന്യ നിര്‍മാര്‍ജനം സര്‍ക്കാരിന് തലവേദന തന്നെയാണ്. മാലിന്യം സംസ്‌കരിക്കാന്‍ സര്‍ക്കാര്‍ വഴി കണ്ടില്ലെങ്കില്‍ ജനങ്ങള്‍ ഇത് സ്വയം ഏറ്റെടുക്കും. വീട്ടിലെ മാലിന്യം റോഡിലേക്കും റോഡിലെ മാലിന്യം പുഴയിലേക്കും തളളുന്ന തരത്തില്‍ കാര്യങ്ങള്‍ പോയാല്‍ അത് മറ്റൊരു ദുരന്തത്തില്‍ കലാശിക്കും. കാരണം മുന്‍പത്തേതിലും പതിന്മടങ്ങ് മാലിന്യമാണ് സംസ്ഥാനത്ത് ഇപ്പോഴുളളത്. ആശുപത്രി മാലിന്യങ്ങളും, ദുരിതാശ്വാസ ക്യാമ്പിലെ മാലിന്യങ്ങളും, വെളളം കയറി നശിച്ചവയുമെല്ലാം തരംതിരിച്ച് സംസ്‌കരിക്കുകയോ റീസൈക്കിള്‍ ചെയ്യുകയോ ചെയ്തില്ലെങ്കില്‍ പകര്‍ച്ചവ്യാധി പടര്‍ന്നുപിടിക്കാന്‍ കാരണമാകും. ഈ അവസ്ഥ ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാരും, ആരോഗ്യ വകുപ്പും ഏറ്റവും പ്രധാനമായി പൊതുജനങ്ങളും മുന്‍കൈയ്യെടുത്തേ മതിയാകു.

“എറണാകുളം ജില്ലയിലെ മാലിന്യ നിര്‍മാര്‍ജനത്തിന്‍ ജില്ലാഭരണകൂടെ വ്യക്തമായി മാര്‍ഗരേഖ തയ്യാറാക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുളള കേരളവിഷനോട് പറഞ്ഞു. സര്‍ക്കാര്‍ സ്ഥാപനമായ ക്ലീന്‍ കേരളയുമായി ധാരണയിലെത്തിയിട്ടുണ്ട്. ജില്ലയിലെ മുഴുവന്‍ പ്ലാസ്റ്റിക് മാലിന്യങ്ങളും വൈകാതെ തന്നെ നിര്‍മാര്‍ജനം ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനായി ജൈവ മാലിന്യങ്ങളും അജൈവമാലിന്യങ്ങളും തരംതിരിച്ച് അതാത് പ്രദേശത്ത് സംഭരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ റീസൈക്കിള്‍ ചെയ്യാന്‍ തയ്യാറായി ില സ്വകാര്യ കമ്പനികള്‍ വന്നിട്ടുണ്ടെന്നും ഇത് സ്വാഗതാര്‍ഹമാണെന്നും കളക്ടര്‍ പറഞ്ഞു”

ആര്‍ത്തലച്ചു പെയ്ത പേമാരി നമ്മുടെ ഓണക്കാലത്തെ വെളളക്കെട്ടിലാഴ്ത്തിയെങ്കിലും പരസ്പര സ്‌നേഹത്തിന്റെും സാഹോദര്യത്തിന്റെയും വലിയൊരു സന്ദേശവും ഒപ്പം പകര്‍ന്നു നല്‍കി. അങ്ങനെയെങ്കില്‍ പ്രളയത്തിന്റെ മറ്റൊരു വശത്തെ അല്‍പ്പം പോസീറ്റീവായിക്കൂടി കാണാം. മുന്‍പ്രധാനമന്ത്രി പറഞ്ഞതുപോലെ ഇതിനെ അവസരമായി കണ്ട് പുതിയൊരു കേരളത്തെ സൃഷ്ടിക്കാം.

പുഴയ്ക്ക് കുറുകെ തീര്‍ത്ത വമ്പന്‍ മതിലുകളാണ് കേരളത്തെ ഒരു തരത്തില്‍ പ്രളയത്തിലാഴ്ത്തിയത്. സര്‍ക്കാര്‍ കൃത്യസമയത്ത് തന്നെ ഡാമുകള്‍ തുറന്നോ എന്നത് ചോദ്യമായി തുടരുമ്പോഴും പുഴയെ ദ്രോഹിച്ച് കെട്ടിപ്പൊക്കിയ കോണ്‍ക്രീറ്റ് കോമരങ്ങള്‍ വലിയ പാഠമാണ് നല്‍കുന്നത്. ഒഴുക്ക് തടസ്സപ്പെട്ട് വെളളം കരയിലേക്ക് കയറുമ്പോഴെങ്കിലും പ്രകൃതിയുടെ സ്വാഭാവികതയെ നശിപ്പിക്കുന്നതിലെ അപകടം തിരിച്ചറിയാം. പ്രകൃതി നിര്‍മ്മിത മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യാന്‍ പ്രകൃതിക്കറിയാം, എന്നാല്‍ എന്ത് ചെയ്തിട്ടും നശിക്കാത്ത പ്ലാസ്റ്റിക് മാലിന്യങ്ങളെയാണ് പുഴ തിരികെ തന്നിരിക്കുന്നത്. അതിനാല്‍ മുഴുവന്‍ ഉത്തരവാദിത്വവും ഏറ്റെടുത്ത് മനുഷ്യനിര്‍മ്മിത മെഷീനുകളാല്‍ തന്നെ ഇവ നിര്‍മാര്‍ജനം ചെയ്യാം. അടുത്ത ദുരന്തത്തിന് സ്വയം ഒരു കാരണമാകാതിരിക്കാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top