Kerala

ശമനമില്ലാതെ ദുരിതമഴ; 14 ജില്ലകളിലും റെഡ് അലര്‍ട്ട്

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പതിനാല് ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നേരത്ത പന്ത്രണ്ട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ മഴക്കെടുതി രൂക്ഷമായതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് മുഴുവനായി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.

അതേസമയം, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ കേന്ദ്ര സേനയെ ആവശ്യപ്പെടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. പ്രളയത്തില്‍ ഒറ്റപ്പെട്ടവരെ രക്ഷപ്പെടുത്താന്‍ വ്യോമ,നാവിക,കര സേനകളുടെ സഹായം തേടാനും കളക്ടര്‍മാരെ സഹായിക്കാന്‍ സ്‌പെഷ്യല്‍ ഓഫീസര്‍മാരെ നിയോഗിക്കാനും യോഗം തീരുമാനിച്ചു.

ജലനിരപ്പ് 142 അടിയിലേക്കുയരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ വെള്ളം കൊണ്ടു പോകണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രിയെ ഫോണില്‍ വിളിക്കാന്‍ യോഗത്തില്‍ തീരുമാനമായി.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനസര്‍വ്വീസുകള്‍ മുടങ്ങിയ സാഹചര്യത്തില്‍ കൊച്ചിയിലേക്കുളള ചെറിയ വിമാനങ്ങള്‍ കഴിവതും കൊച്ചിയിലെ നാവിക വിമാനത്താവളത്തില്‍ ഇറക്കാന്‍ കഴിയുമോ എന്നറിയുന്നതിന് സിവില്‍ വ്യോമയാന മന്ത്രാലയവുമായി ബന്ധപ്പെടാന്‍ തീരുമാനിച്ചു. കൂടാതെ വിമാനങ്ങള്‍ മുംബൈയിലേക്കും മറ്റും തിരിച്ചുവിടുന്നതിനു പകരം കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ ഉപയോഗിക്കാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തോട് ആവശ്യപ്പെടും. കോഴിക്കോട്ടേക്കോ തിരുവനന്തപുരത്തേക്കോ തിരിച്ചുവിടുന്ന വിമാനങ്ങളില്‍ നിന്ന് ഇറങ്ങുന്ന യാത്രക്കാരെ അതത് സ്ഥലങ്ങളില്‍ എത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി. ബസ് ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

പല ജില്ലകളിലും വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരെ സഹായിക്കുന്നതിന് ആവശ്യമുളള ജില്ലകളിലേക്ക് സ്‌പെഷ്യല്‍ ഓഫീസര്‍മാരെ നിയോഗിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. അതോടൊപ്പം സംസ്ഥാന കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും അയല്‍സംസ്ഥാനങ്ങളുമായി ബന്ധപ്പെടാനും കുടിവെള്ളം ലഭ്യമാക്കാനും തകരാറിലായ കുടിവെള്ള പദ്ധതികള്‍ സമയബന്ധിതമായി പ്രവര്‍ത്തനക്ഷമമാക്കാനും മറ്റുമുളള ചുമതലകള്‍ക്ക് മുതര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരെ നിയോഗിക്കാനും തീരുമാനിച്ചു.

യോഗത്തില്‍ ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ്, പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ഫയര്‍ ഫോഴ്‌സ് മേധാവി എ. ഹേമചന്ദ്രന്‍, മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവ,തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top