വിശ്രമമില്ലാതെ തുടര്‍ച്ചയായി ബസോടിക്കുന്നതു മൂലമുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഡ്യൂട്ടിസമയം പരിഷ്കരിക്കുന്നു. രാത്രികാല സര്‍വ്വീസുകളിലെ ഡ്രൈവര്‍മാരെ എട്ട് മണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി ബസ് ഓടിക്കാന്‍ അനുവദിക്കില്ലെന്ന് കെഎസ്ആര്‍ടിസി എംഡി ടോമിന് തച്ചങ്കരി പറഞ്ഞു. ദീര്‍ഘദൂര ബസുകളില്‍ കൃത്യമായ ഇടവേളകളില്‍ ഡ്രൈവര്‍മാര്‍ മാറുന്നുവെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ബസുകളില്‍ നാലു ഡ്യൂട്ടിവരെ ഒറ്റയടിക്കു ചെയ്യുന്നവരുണ്ട്. ഡബിള്‍ ഡ്യൂട്ടി എടുത്താല്‍ അടുത്ത ദിവസം ജോലിക്കു ഹാജരാകേണ്ടതില്ല. കഴിഞ്ഞ ഏപ്രില്‍ ഒന്നു മുതല്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കാന്‍ തീരുമാനിച്ചതാണ്. എന്നാല്‍ ജീവനക്കാരുടെ സംഘടനകള്‍ എതിര്‍ത്തതിനാല്‍ പൂര്‍ണമായി നടപ്പിലാക്കാനായില്ല.
കൊല്ലം കൊട്ടിയത്ത് കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് കെഎസ്ആര്‍ടിസി ബസ് ഡ്രൈവറും കണ്ടക്ടറും ലോറി ഡ്രൈവറും മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടി.