Kerala

ഇടുക്കി ഡാമില്‍ ജലനിരപ്പ് താഴുന്നു; മഴയില്‍ കുറവില്ല, മഴക്കെടുതി വിലയിരുത്താന്‍ രാജ്‌നാഥ് സിംഗ് ഇന്ന് കേരളത്തില്‍

ഇടുക്കി ഡാമിലെ ജലനിരപ്പില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. 2399.3 അടിയാണ് ഇടുക്കി ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. എന്നാല്‍ വൃഷ്ടിപ്രദേശങ്ങളില്‍ മഴ തുടരുകയാണ്. ഇന്ന് പെയ്യുന്ന മഴ കൂടി കണക്കിലെടുത്താകും ഡാമിന്റെ ഷട്ടറുകള്‍ അടയ്ക്കുന്നത് സംബന്ധിച്ച് കെഎസ്ഇബി തീരുമാനമെടുക്കുക. മഴ കുറയുകയാണെങ്കില്‍ ഷട്ടറുകള്‍ പകുതിയെങ്കിലും താഴ്ത്താനാണ് തീരുമാനം.

അതേ സമയം, ഇടമലയാര്‍ ഡാമിന്റെ ഒരു ഷട്ടര്‍ കൂടി തുറന്നു. 168.95 അടിയാണ് ഇടമലയാറിലെ ഇപ്പോഴത്തെ ജലനിരപ്പ്. ജലനിരപ്പ് പരമാവധി സംഭരണശേഷിയോട് അടുത്തതോടെയാണ് ഷട്ടറുകളിലൊന്ന് കൂടി തുറന്നത്. ഇതോടെ പെരിയാറിലെ ജലനിരപ്പ് വീണ്ടും കൂടി.

സംസ്ഥാനത്തെ എതാനും ജില്ലകളില്‍ റെഡ് അലര്‍ട്ട് ഇപ്പോഴും തുടരുകയാണ്. വയനാട്ടില്‍ 14 വരെയും ഇടുക്കിയില്‍ 13 വരെയും റെഡ് അലര്‍ട്ട് നിലനില്‍ക്കും. അതേസമയം ശനിയാഴ്ച്ച റിപ്പോര്‍ട്ട് ചെയ്ത ആറ് മരണം കൂടി ചേര്‍ന്നതോടെ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 37 ആയി.

ഇതിനിടെ, മഴക്കെടുതി വിലയിരുത്താനും പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഇന്ന് കേരളത്തില്‍ എത്തും. ഉച്ചയ്ക്ക് 12.50 ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന കേന്ദ്രമന്ത്രി ഒരു മണിക്ക് ഹെലികോപ്റ്ററില്‍ പ്രളയബാധിത പ്രദേശങ്ങള്‍ വീക്ഷിക്കും. ചെറുതോണി, ഇടുക്കി ഡാം, തടിയമ്പാട്, അടിമാലി, ആലുവ, പറവൂര്‍ തുടങ്ങിയ ഇടങ്ങളിലെ പ്രളയ ബാധിത പ്രദേശങ്ങളെ അദ്ദേഹം നിരീക്ഷിക്കും.വൈകീട്ട് നാലരയ്ക്ക് കൊച്ചി സിയാല്‍ ഓഫീസില്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരുമായി രാജ്‌നാഥ് സിംഗ് ചര്‍ച്ച നടത്തും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top