Kerala

കൂട്ടക്കൊലപാതകത്തിന്റെ ചുരുളഴിയുന്നില്ല ; കൃഷ്ണനേയും കുടുബത്തേയും കൊലപ്പെടുത്തിയത് തലയ്ക്കടിച്ചും കുത്തിയും

തൊടുപുഴയിലെ കൂട്ടക്കൊലപാതകക്കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. കമ്പകക്കാനം കാനാട്ടു വീട്ടില്‍ കൃഷ്ണന്‍, ഭാര്യ സുശീല, മകള്‍ ആര്‍ഷ, മകന്‍ അര്‍ജുന്‍ എന്നിവരെ തലയ്ക്കടിച്ചും കുത്തിയുമാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ആഴത്തിലേറ്റ മുറിവുകളാണ് നാലുപേരുടേയും മരണകാരണം.

10 മുതല്‍ 20 വരെ മുറിവുകളും ചതവുകളും നാലുപേരുടെ ദേഹത്തിലുമുണ്ട്. അടിയേറ്റു കൃഷ്ണന്റെ തലയോട്ടി തകര്‍ന്നു. കുത്തേറ്റ് അര്‍ജുന്റെ കുടല്‍മാല വെളിയില്‍ വന്നിരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗം മേധാവി ഡോ. രഞ്ചു രവീന്ദ്രന്‍, അസോഷ്യേറ്റ് പ്രഫസര്‍ ഡോ. സന്തോഷ് ജോയി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം.

ചുറ്റിക പോലെ ഭാരമുള്ള ആയുധം, ഒരു വശത്തു മൂര്‍ച്ചയുള്ള കത്തി, വടിവാളോ വാക്കത്തിയോ പോലുള്ള മറ്റൊരു ആയുധം എന്നിവയാണ് കൊലപാതകത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

എന്നാല്‍ കൊലയാളികളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങളൊന്നും തന്നെ പൊലീസിന് ലഭ്യമായിട്ടില്ല. ഒരേക്കറോളമുള്ള വിജനമായ പറമ്പിന് നടുവിലെ വീട്ടില്‍ അയല്‍ക്കാരോട് പോലും സൗഹൃദമില്ലാതെ ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന കുടുംബമായിരുന്നു കൃഷ്ണന്റേത്. വീട്ടില്‍ ആഭിചാര ക്രിയകള്‍ നടത്തിവന്നിരുന്നതായി അയല്‍ക്കാരും സാക്ഷ്യപ്പെടുന്നു.

വ്യക്തമായ ആസൂത്രണത്തോടെ എത്തിയ മൂന്നില്‍ കൂടുതല്‍ ആളുകളുള്ള അക്രമി സംഘമാണ് കൊലപാതകം നടത്തിയെന്നാണ് കരുതുന്നത്. അഞ്ചടിയോളം പൊക്കവും അതിനൊത്ത വണ്ണമുള്ള കൃഷ്ണനേയും മകനേയും ഒരാള്‍ക്ക് ഒറ്റയ്ക്ക് കീഴ്‌പ്പെടുത്താന്‍ സാധിക്കുകയില്ല. കൊലപാതകത്തിന് പുറകിലുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. മോഷണശ്രമമോ മന്ത്രവാദത്തില്‍ ഫലം ലഭിക്കാത്തതിനെ തുടര്‍ന്നുള്ള ദേഷ്യമോ ആകാം കാരണം എന്ന് കരുതുന്നു. എന്നാല്‍ വീടിന്റെ വാതിലുകളും പൂട്ടുകളും തകര്‍ക്കാത്തതിനാല്‍ മോഷണശ്രമമാണോ എന്നതില്‍ സംശയം തുടരുന്നുണ്ട്. പരിചിതരോ ബന്ധുക്കളോ ആവാം കൊലയ്ക്ക് പുറകിലെന്നും ഇതിനാല്‍ പോലീസ് സംശയിക്കുന്നുണ്ട്. എന്നാല്‍ തന്റെ ബന്ധുക്കളോട് യാതൊരു അടുപ്പവും കൃഷ്ണനുണ്ടായിരുന്നില്ല. തന്റെ അമ്മ മരണപ്പെട്ടപ്പോള്‍ പോലും കൃഷ്ണന്‍ കാണാന്‍ ചെന്നിരുന്നില്ല. 10 വര്‍ഷത്തോളമായി തങ്ങളോട് യാതൊരു രീതിയിലുമുള്ള ബന്ധവുമില്ലായിരുന്നുവെന്ന് കൃഷ്ണന്റെ സഹോദരനും പറയുന്നു.

വീട്ടിനു സമീപത്തെ ചാണക്കുഴിയിലാണ് മൃതദേഹം നാട്ടുകാര്‍ കണ്ടെത്തിയത്. വെറും നാലടിയോളം ആഴത്തില്‍ ഒന്നിച്ച് കുഴിച്ചിട്ട രീതിയിലായിരുന്നു മൃതദേഹങ്ങള്‍. ഒറ്റനോട്ടത്തില്‍ തന്നെ കണ്ടുപിടിക്കാവുന്ന രീതിയില്‍ മൃതദേഹം ഒളിപ്പിച്ചത് ആരും കണ്ടെത്തരുത് എന്ന് ലക്ഷ്യത്തോടെയായിരുന്നില്ല എന്ന് ഇതില്‍ വ്യക്തമാണ്. കൃഷ്ണന്റെ ഭാര്യയുടേയും മകളുടേയും 50 പവനോളം ആഭരണങ്ങള്‍ മോഷണം പോയിട്ടുണ്ട്. ധാരാളം ആഭരങ്ങള്‍ അണിയുന്നവരയായിരുന്നു രണ്ട് പേരും.

കൊലചെയ്യപ്പെട്ട അന്ന് രാത്രി പത്തര മണിയോളം ആര്‍ഷ വാട്ട്‌സ് ആപ്പില്‍ ഉണ്ടായിരുന്നു. സുഹൃത്തുക്കളോട് ഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നു. കൃഷ്ണന്റെയും ഭാര്യയുടേയും മകളുടേയും ഫോണ്‍ കാളുകള്‍ പരിശോധിച്ച് ആ വഴിക്കും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. തൊടുപുഴ ഡിവൈഎസ്പി കെ.പി.ജോസിന്റെ നേതൃത്വത്തില്‍ മൂന്ന് സിഐമാര്‍ ഉള്‍പ്പെടുന്ന 25 അംഗ സംഘമാണ് അന്വേഷണത്തിനു നേതൃത്വം നല്‍കുന്നത്.

ഇടുക്കി ജില്ലയില്‍ നിന്ന മാത്രമല്ല മറ്റ് ജില്ലകളില്‍ നിന്നും നിരവധി പേര്‍ കൃഷ്ണന്റെ വീട്ടില്‍ പൂജയ്ക്കായി എത്താറുണ്ട്. നെന്മണികള്‍ കൊണ്ടാണ് കൃഷ്ണന്‍ പൂജകള്‍ നടത്തിയിരുന്നത്. ആളുകളെ കാണുന്നതിനായി വീട്ടില്‍ പ്രത്യേകം മുറിയും സജ്ജീകരിച്ചിട്ടുണ്ട്. വലിയ തുകയാണ് ഫീസായി കൃഷ്ണന്‍ ഈടാക്കിയിരുന്നത്. 50,000 രൂപ വരെ പ്രതിഫലം വാങ്ങിയിരുന്നതായും പൊലീസ് പറയുന്നു.

അതേസമയം, മൃതദേഹങ്ങള്‍ വീട്ടുവളപ്പില്‍ ഒരേ കുഴിയില്‍ത്തന്നെ ഇന്നലെ സംസ്‌കരിച്ചു. പൊലീസ് നിര്‍ദേശമനുസരിച്ചാണ് ദഹിപ്പിക്കല്‍ ഒഴിവാക്കി മൃതദേഹങ്ങള്‍ മറവുചെയ്തതെന്നു കൃഷ്ണന്റെ സഹോദരന്‍ ഭാസ്‌കരന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top