Breaking News

ഇടുക്കിയില്‍ ജലനിരപ്പ് 2395.42 അടിയായി ഉയര്‍ന്നു; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2395.42 അടിയായി ഉയര്‍ന്നു. ജലനിരപ്പ് 2395.17 അടിയായി ഉയര്‍ന്നപ്പോള്‍ തന്നെ കെഎസ്ഇബി ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നു. തിങ്കളാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

ജലനിരപ്പ് ഇനിയും ഉയര്‍ന്ന് 2399 അടിയാകുമ്പോള്‍ റെഡ് അലര്‍ട്ട് നല്‍കും. സാധാരണ 2340 അടിയിലെത്തുമ്പോഴാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുക. എന്നാല്‍ മുല്ലപ്പെരിയാര്‍ ഡാം നിറഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ സുരക്ഷ മുന്‍നിര്‍ത്തിയാണ് റെഡ് അലര്‍ട്ട് നേരത്തേ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്.

റെഡ് അലര്‍ട്ട് നല്‍കിയാലാണ് പെരിയാറിന്റെ തീരത്ത്, അപകടമേഖലയില്‍ താമസിക്കുന്ന ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നത്. മൈക്കിലൂടെയും നേരിട്ടുമാണ് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കുക. തുടര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്താനാണ് തീരുമാനം. ഇതിനു മുന്നോടിയായി ട്രയല്‍ റണ്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഷട്ടര്‍ 40 സെന്റിമീറ്റര്‍ ഉയര്‍ത്തിയാണ് ട്രയല്‍ റണ്‍ നടത്തുക. നാലു മണിക്കൂര്‍ വരെ ട്രയല്‍ റണ്‍ നീളും. ചെറുതോണി അണക്കെട്ടില്‍ അഞ്ച് ഷട്ടറുകളാണ് ഉള്ളത്. 40 സെന്റിമീറ്റര്‍ ഉയര്‍ത്തി വെള്ളം തുറന്നുവിട്ടാല്‍ ഒരു സെക്കന്‍ഡില്‍ അണക്കെട്ടില്‍ നിന്ന് 1750 ഘനയടി വെള്ളമാണ് പുറത്തേക്കൊഴുകുക.

ഡാമിന്റെ പരമാവധി സംഭരണ ശേഷിയായ 2403 അടിയിലെത്താന്‍ ഇനി എട്ടടിയോളം മതി. ജലനിരപ്പ് വീണ്ടും ഉയര്‍ന്നില്ലെങ്കില്‍ ഷട്ടറുകള്‍ തുറക്കില്ലെന്ന് കെ.എസ്.ഇ.ബി അറിയിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top