Kerala

സംസ്ഥാന അവാര്‍ഡ് ദാനച്ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കരുത് ; സിനിമാ മേഖലയിലെ 107 പേര്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും

നടനും താര സംഘടനയായ എഎംഎംഎയുടെ പ്രസിഡന്റുമായ നടന്‍ മോഹന്‍ലാലിനെ നടക്കാനിരിക്കുന്ന സംസ്ഥാന അവാര്‍ഡ് വിതരണ ചടങ്ങില്‍ മുഖ്യാതിഥി ആക്കരുതെന്ന ആവശ്യവുമായി ചലച്ചിത്ര രംഗത്തെ 107 പേര്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രി പിണറായി വിജയന് നല്‍കാന്‍ തീരുമാനം.

ഗീതുമോഹന്‍ദാസ്, രാജീവ് രവി ഉള്‍പ്പെടെ 107പേര്‍ ഒപ്പിട്ട നിവേദനമാണ് മുഖ്യമന്ത്രിയ്ക്ക് കൈമാറാന്‍ തീരുമാനിച്ചിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടന്‍ ദിലീപിനെ അനുകൂലിച്ച് പ്രസ്താവന നടത്തിയതാണ് മോഹന്‍ലാലിനെതിരായ പ്രതിഷേധത്തിന് കാരണം. സാംസ്‌കാരിക മന്ത്രി എ.കെ.ബാലന്‍ നേരിട്ടാണ് മോഹന്‍ലാലിനെ ചടങ്ങില്‍ മുഖ്യാതിഥിയായി ക്ഷണിച്ചത്. എന്നാല്‍, ലാലിനെ വിശിഷ്ടാതിഥിയായി പങ്കെടുപ്പിച്ചാല്‍, അത് അവാര്‍ഡിന്റെ ശോഭ കെടുത്തുമെന്നും ഇവര്‍ പറയുന്നു. നേരത്തെ സംവിധായകന്‍ ഡോ.ബിജുവും ഇതേ കാരണം പറഞ്ഞ് രംഗത്ത് എത്തിയിരുന്നു. അവാര്‍ഡ് ലഭിച്ചവരാണ് അവാര്‍ഡ് ദാനചടങ്ങിലെ മുഖ്യാതിഥികള്‍ അതിനും മുകളില്‍ ഒരു വിശിഷ്ടാതിഥിതിയുടെ ആവശ്യമെന്താണ് എന്നായിരുന്നു ഡോ.ബിജു ചോദിച്ചത്.

നിവേദനത്തില്‍ നിന്ന്

സിനിമയിലെ ക്രിയാത്മകമായ കലാപ്രവര്‍ത്തനങ്ങള്‍ക്ക് ഒരു സംസ്ഥാനം നല്‍കുന്ന ഉന്നതമായ പുരസ്‌കാരമാണ് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്. മലയാള സിനിമയിലെ കലാകാരന്മാര്‍ക്ക് സ്വന്തം നാട്ടില്‍ നിന്നും ലഭിക്കുന്ന ഏറ്റവും വലിയ ആദരവാണ് ഈ പുരസ്‌കാരം. അതുകൊണ്ടുതന്നെ ഈ പുരസ്‌കാരം അവര്‍ക്ക് സമ്മാനിക്കേണ്ടതും സാംസ്‌കാരിക പൂര്‍ണമായ ഒരു കലാന്തരീക്ഷത്തില്‍ ആകേണ്ടതുണ്ട്. ദേശീയ പുരസ്‌കാരം രാഷ്ട്രപതി നല്‍കുന്ന മാതൃകയില്‍ സംസ്ഥാനം ഔദ്യോഗികമായി നല്‍കുന്ന ഒരു പുരസ്‌കാര ചടങ്ങ് ആണ് കേരളത്തിലും ഉണ്ടാകേണ്ടത്. സാംസ്‌കാരിക മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ മുഖ്യമന്ത്രി അവാര്‍ഡ് ജേതാക്കള്‍ക്ക് പുരസ്‌കാരം നല്‍കുന്ന ലളിതവും അന്തസ്സുറ്റതുമായ ഒരു ചടങ്ങായിരിക്കണം കേരള സംസ്ഥാന അവാര്‍ഡ് വിതരണ വേദി. ഈ ചടങ്ങില്‍ മുഖ്യമന്ത്രിയെയും അവാര്‍ഡ് ജേതാക്കളെയും മറികടന്ന് ഒരു മുഖ്യാതിഥിയെ ക്ഷണിച്ചു കൊണ്ടുവരുന്നത് തീര്‍ത്തും അനൗചിത്യം മാത്രമല്ല പുരസ്‌കാര ജേതാക്കളുടെ നേട്ടത്തെ കുറച്ചു കാട്ടുക കൂടിയാണ്.

മുഖ്യാതിഥിയായി സിനിമയിലെ തന്നെ ഒരു താരം വരുമ്പോള്‍ ആ താരം അഭിനയിച്ച സിനിമകള്‍ കൂടി ഉള്‍പ്പെട്ട ഒരു വിധി നിര്‍ണയത്തില്‍ പുരസ്‌കാരം നേടിയ ആളുകളെ വല്ലാതെ ചെറുതാക്കുന്ന ഒരു നടപടി ആകും അത്. അത്തരം ഒരു കീഴ്‌വഴക്കം സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ അനുവര്‍ത്തിക്കരുത് എന്ന് ഞങ്ങള്‍ ഓര്‍മപ്പെടുത്തുന്നു. ആ ചടങ്ങിലെ മുഖ്യാതിഥികള്‍ മുഖ്യ മന്ത്രിയും സാംസ്‌കാരിക മന്ത്രിയും അവാര്‍ഡ് ജേതാക്കളും മാത്രം ആയിരിക്കണം. അതിന് കോട്ടം തട്ടുന്ന തരത്തില്‍ ഒരു മുഖ്യാതിഥിയെ അവാര്‍ഡ് ദാന ചടങ്ങില്‍ ക്ഷണിക്കുന്ന രീതി ഒട്ടും നല്ല സന്ദേശമല്ല നല്‍കുന്നത്. ഈ ഒരു രീതി ഒരു വര്‍ഷവും അനുവര്‍ത്തിക്കാന്‍ പാടുള്ളതല്ല. ഇത് ദൂരവ്യാപകമായ ദോഷം ചെയ്യുന്ന ഒരു കീഴ്‌വഴക്കമായി മാറും. ആയതിനാല്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മുഖ്യമന്ത്രിയും സാംസ്‌കാരിക മന്ത്രിയും അവാര്‍ഡ് ജേതാക്കളും അല്ലാതെ ഒരു മുഖ്യാതിഥിയും ഉണ്ടാകരുത് എന്ന നിലപാട് ഇപ്പോഴും പിന്നീടും സര്‍ക്കാര്‍ സ്വീകരിക്കണം എന്ന് ഞങ്ങള്‍ സംയുക്തമായി ആവശ്യപ്പെടുന്നു.

ഡോ. ബിജുവിന്റെ ഡോ. ബിജുവിന്റെ ഫേസ്ബുക്ക് കുറിപ്പ്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top