sunday feature

സിനിമയുടെ പിന്നാമ്പുറത്തെ (നി)ശബ്ദ സാന്നിധ്യം

ഡിഷ്യൂം..ഡിഷ്യൂം….

സ്റ്റുഡിയോ സ്‌ക്രീനിലെ സ്റ്റണ്ട് സീനിലാണ് സദാശിവത്തിന്റെ ശ്രദ്ധ മുഴുവന്‍. കൊച്ചിയിലെ ലാല്‍ സ്റ്റുഡിയോയിലെ റെക്കോര്‍ഡിംഗ് സ്റ്റുഡിയോയുടെ ശബ്ദലേഖന സ്റ്റുഡിയോ കണ്ടാല്‍ ഏതോ ആക്രിക്കടയാണെന്ന് തോന്നും. അതിന്റെ നടുവിലാണ് തമിഴ്‌നാട് ചിദംബരം സ്വദേശിയായ സദാ എന്ന ഓമനപ്പേരിലറിയപ്പെടുന്ന സദാശിവം കണ്ണിമ വെട്ടാതെ ചലച്ചിത്രത്തിനായി ശബ്ദങ്ങള്‍ പുനര്‍ സൃഷ്ടിക്കുന്നത്.

സിനിമയില്‍ നമ്മള്‍ കേള്‍ക്കുന്ന ഇഫക്ട്‌സുകളില്‍ നല്ലൊരു ഭാഗവും സദാശിവത്തിനെ പോലെയുള്ള ‘ ഫോളി ആര്‍ടിസ്റ്റുകള്‍ ‘ (Foley Artists) സ്റ്റുഡിയോയില്‍ പുനര്‍സൃഷ്ടിക്കുകയാണെന്ന് സിനിമ കാണുന്ന പലര്‍ക്കും അറിയില്ല.

സിനിമയിലെ സൗണ്ട് റെക്കോര്‍ഡിസ്റ്റ്, സൗണ്ട് ഡിസൈനെര്‍ എന്നിവരെ എല്ലാവരും തിരിച്ചറിയും. ഇവര്‍ക്കൊക്കെ അവാര്‍ഡും പേരും പെരുമയുമൊക്കെയുണ്ടാവും…എന്നാല്‍ സ്റ്റുഡിയോയുടെ നാല് ചുവരുകള്‍ക്കുള്ളില്‍ സിനിമയ്ക്കും സീരിയലിനും വേണ്ടി സൗണ്ട് എഫക്ടുകള്‍ പുനര്‍സൃഷ്ടിക്കുന്നവര്‍ക്ക് പുറംലോകം അറിയുന്ന ഗ്ലാമര്‍ മുഖങ്ങളില്ല. പക്ഷേ അധികമാരും അറിയാത്ത ഇവരുടെ സര്‍ഗാത്മകത ശ്രദ്ധേയമാണ്.

സിനിമയുടെ റഷസ് കണ്ട് അതിനനുസരിച്ചുള്ള കൃത്രിമ ശബ്ദം നല്‍കുന്നതാണ് ഫോളി ആര്‍ടിസ്റ്റുകളുടെ പ്രധാന ജോലി. സീനുകള്‍ക്ക് അനുസരിച്ചുള്ള ഇഫക്ടുകള്‍ നിര്‍ദേശിക്കുന്നത് സൗണ്ട് ഡിസൈനര്‍മാരാണ്. ശബ്ദലേഖനം സ്റ്റുഡിയോ റിക്കാര്‍ഡിസ്റ്റിന്റെ ചുമതലയാണ്.

” ചേട്ടന്‍ സൗണ്ട് എഞ്ചിനീയറായിരുന്നു. എന്നെ ഈ മേഖലയിലേക്ക് കൊണ്ടുവന്നത് അദ്ദേഹമാണ് ”. എട്ട് വര്‍ഷമായി ഈ മേഖലയില്‍ രാവും പകലും അറിയാതെ പ്രവര്‍ത്തിക്കുന്ന സദാശിവം ഇതിനോടകം തന്നെ 300 സിനിമകള്‍ക്ക് വേണ്ടി ഫോളി ആര്‍ടിസ്റ്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഫോളി ആര്‍ടിസ്റ്റ് സദാശിവം

യഥാര്‍ഥ സൗണ്ട് ഇഫക്ടുകള്‍ സ്റ്റുഡിയോയില്‍ ചെയ്യുമ്പോള്‍ നമ്മള്‍ അക്ഷരാര്‍ഥത്തില്‍ അമ്പരന്ന് നോക്കിനിന്നു പോകും. കാമുകനും കാമുകിയും കടലിന്റെ പശ്ചാത്തലത്തിലിരുന്നു സംസാരിക്കുമ്പോള്‍ തിരയടിച്ച് കയറുന്ന ശബ്ദം പുനര്‍സൃഷ്ടിക്കുന്നത് പലപ്പോഴും കടുകുമണികള്‍ മുറത്തിലിട്ട് ചായ്ച്ചും ചരിച്ചും കൃത്രിമമായി ഉണ്ടാക്കുന്നതെന്നാണെന്ന് എത്രപേര്‍ മനസ്സിലാക്കുന്നുണ്ട്.

” ഇതെല്ലാം ഒരു മനോധര്‍മമാണ്. കൃത്രിമ ശബ്ദവും ടെക്‌നോളജിയും സമന്വയിപ്പിക്കുന്ന ഒരനുഭവ പരിചയത്തിന്റെ പിന്‍ബലം.” തമിഴ് കലര്‍ന്ന മലയാളത്തില്‍ ഉറക്കെ ചിരിച്ച് സിനിമയെന്ന മായാ പ്രപഞ്ചത്തിന്റെ ഉള്ളറകളിലേക്ക് സദാശിവം കൂട്ടിക്കൊണ്ട് പോകുന്നു.  ശബ്ദലേഖനം ചെയ്യേണ്ട വള്ളം തുഴയുന്ന സീന്‍ ടെലിവിഷന്‍ സ്‌ക്രീനില്‍ ഇട്ട് സൗണ്ട് റിക്കാര്‍ഡിസ്റ്റ് ബെഞ്ചമിന്‍ ബെന്നി കണ്‍സോളിലിരുന്ന് സദാശിവത്തിന് ആംഗ്യം നല്‍കി.

റെഡി സാര്‍,

പാതി വെള്ളം നിറച്ച് വച്ചിരിക്കുന്ന ഓറഞ്ച് ബക്കറ്റ് മൈക്രോ ഫോണിന് മുന്നിലേക്ക് സദാശിവം നീക്കിവച്ചു. ശ്രദ്ധമുഴുവന്‍ സീനിലെ വള്ളം തുഴയുന്ന രംഗത്തിലാണ്. ഓരോ തുഴ വീഴുമ്പോഴും ബക്കറ്റിലെ വെള്ളത്തില്‍ കൈപ്പത്തി താളത്തിനൊത്ത് ചലിക്കും. കണ്‍സോളില്‍ ശബ്ദം കേട്ടാല്‍ ആരും പറയില്ല അത് യഥാര്‍ഥമല്ലെന്ന്. എട്ട് വര്‍ഷക്കാലത്തെ അനുഭവപരിചയം കൊണ്ട് ഓരോ സീനിലെ ഇഫക്ട്‌സും സദാശിവന് ഹൃദിസ്ഥമാണ്.

” ചില ഇഫക്ടുകള്‍ കമ്പ്യൂട്ടറിലെ സ്റ്റോക്ക് ഷോട്ടില്‍ നിന്നെടുക്കും. കിട്ടാത്ത ശബ്ദങ്ങളാണ് ഞങ്ങളിവിടെ പുനര്‍ സൃഷ്ടിക്കുന്നത്. ഉദാഹരണത്തിന് സ്റ്റണ്ട് സീനുകളിലെ ഇടിയുടെ ശബ്ദം ഒറിജിനലാവണമെന്ന് സൗണ്ട് ഡിസൈനര്‍മാര്‍ നിഷ്‌കര്‍ഷിക്കാറുണ്ട്. പിന്നെ അതിനുള്ള ആത്മാര്‍ഥ ശ്രമമാണ്. പോത്തിന്റെ തുടഭാഗം ഇറച്ചിക്കടയില്‍ നിന്ന് അതേപോലെ വാങ്ങിക്കൊണ്ടു വന്നു സ്റ്റുഡിയോവില്‍ കെട്ടിത്തൂക്കും. ഇറച്ചിയില്‍ പഞ്ച് ചെയ്യുമ്പോള്‍ മനുഷ്യശരീരത്ത് ഇടി വീഴുന്ന ഒറിജിനല്‍ സൗണ്ട് കിട്ടും. ” ഡിഷ്യൂം തന്നെ പലതരത്തില്‍ കേള്‍ക്കാം. ” ഇഫക്ടുകളുടെ അണിയറ രഹസ്യങ്ങള്‍ പറയുമ്പോള്‍ സദാശിവം ചിരിയടക്കാന്‍ പാടുപെടുന്നുണ്ടായിരുന്നു.ഇതൊക്കെ വലിയ ബജറ്റ് ചിത്രങ്ങളുടെ കാര്യമാണ്. ബജറ്റില്ലെങ്കില്‍  ബോക്‌സിംഗ് ഗ്ലൗസിട്ട് തറയിലടിച്ച് ശബ്ദമുണ്ടാക്കും. സദാശിവം തുറന്നു പറഞ്ഞു.

സ്റ്റണ്ട് സീനുകളിലാണ് ശബ്ദലേഖനം ഏറെ ശ്രദ്ധിക്കപ്പെടുന്നത്. മെഗാ സ്റ്റാറുകള്‍ ഇടിച്ചിടുന്ന വില്ലന്‍, ഗ്ലാസ് ഡോര്‍ ചിന്നിച്ചിതറിച്ച് താഴെ വീണാല്‍ മാത്രമേ കാണികള്‍ കയ്യടിക്കൂ. അതിനുള്ള ഞൊടുക്ക് വിദ്യയും സദാശിവം പറഞ്ഞു തന്നു. ഓള്‍ഡ് റമ്മിന്റെ ഒഴിഞ്ഞ കുപ്പിക്ക് മുകളിലേക്ക് പഴയ മീന്‍മുള്‍ ആന്റിനയുടെ ചെറിയ അലൂമിനിയം കഷണങ്ങള്‍ വലിച്ചെറിയും. സദാശിവം പറഞ്ഞപ്പോള്‍ ആദ്യം മനസ്സിലായില്ല. എന്നാലത് കാണിച്ച് തരാമെന്ന് പറഞ്ഞു.

വലത് കൈയ്യില്‍ ആന്റിനയുടെ ചെറുതായി മുറിച്ച അലൂമിനിയം ട്യൂബ് കഷണങ്ങള്‍. തികഞ്ഞ കൈയ്യടക്കത്തോടെ അത് കുപ്പിക്ക് മുകളിലിട്ടപ്പോള്‍ സ്റ്റുഡിയോ സ്പീക്കറില്‍ ഗ്ലാസ് തച്ചുടഞ്ഞ് വീഴുന്ന കിടിലന്‍ ശബ്ദം.ഭാവനയും കൈയ്യടക്കവും കൊണ്ട് സദാശിവം സൃഷ്ടിക്കുന്ന മായാ പ്രപഞ്ചം ഒരത്ഭുതമാണ്. ഇനിയും വേണ്ടത്ര അംഗീകാരം ലഭിക്കാത്ത സിനിമയുടെ പിന്നാമ്പുറത്തെ നിശബ്ദ സാന്നിധ്യം.

കുതിരക്കുളമ്പടിയുടെ ശബ്ദം പലപ്പോഴും റിക്കാര്‍ഡ് ചെയ്‌തെടുക്കുന്നത് നാളികേര ചിരട്ടയുടെ സഹായത്തോടെയാണ്. സീനില്‍ നായകന്‍ കുതിരയുടെ വേഗത വര്‍ധിപ്പിക്കുമ്പോള്‍ ചിരട്ടതട്ടി ശബ്ദം ക്രമീകരിക്കും. പലപ്പോഴും സൂപ്പര്‍ സ്റ്റാര്‍ നടക്കുന്ന ഷൂസിന്റെ ശബ്ദം സ്റ്റുഡിയോവില്‍ തന്നെ കഷ്ടപ്പെട്ട് സൃഷ്ടിച്ചെടുത്തതാണ്. മൈക്രോഫോണിന് മുമ്പില്‍ സീനിലുപയോഗിച്ച ഷൂസില്‍ തന്നെ നടന്ന് ശബ്ദലേഖനം ചെയ്യും. ഏത് പ്രതലത്തിലാണോ അത് നിരത്തി അതിന്റെ മേലെയാണ് ഷൂസിട്ട് നടക്കുക.

കരിയിലയാണെങ്കില്‍ നിലത്ത് അത് വാരിയിട്ട് നിറയ്ക്കും. പിന്നെ ഒരു നടത്തമാണ്. സൗണ്ട് ഡിസൈനര്‍ കട്ട് പറയുന്നത് വരെ മിനുട്ടുകളോളം അത് നീളും. ” മുന്നിലിരിക്കുന്ന പ്രൊഫഷണല്‍ മൈക്രോഫോണ്‍ ചായ്ച്ചും ചരിച്ചും വച്ച് ശബ്ദലേഖനത്തിന്റെ കാണാപ്പുറങ്ങള്‍ സദാശിവം വിവരിച്ചു. ഇതൊക്കെ പറഞ്ഞാല്‍ എളുപ്പം മനസ്സിലാവില്ല സാര്‍, ചെയ്തു കാണിച്ച് തന്നാല്‍ മാത്രമേ പിടികിട്ടൂ. ഇടയ്ക്കിടെ സദാശിവം ഇത് പറയുമ്പോള്‍
ശബ്ദം കൊണ്ട് ഇന്ദ്രജാലം കാണിക്കുന്ന ഈ ചെറിയ മനുഷ്യനെ അംഗീകരിക്കാതിരിക്കാനാവില്ല.

സ്റ്റുഡിയോവിലെ അടുത്ത സീന്‍ അറവാതില്‍ തുറക്കുന്നതാണ്. മോണിറ്ററില്‍ അറവാതില്‍ തെളിഞ്ഞു. സംസാരം പാതിവഴി നിര്‍ത്തി സദാശിവന്റെ ശ്രദ്ധമുഴുവന്‍ ആ സീനില്‍ ശബ്ദം സൃഷ്ടിക്കുന്നതിലായി.
സ്റ്റുഡിയോ സ്‌ക്രീനില്‍ അറവാതില്‍ തുറക്കുകയാണ്. നിശബ്ദമായ സ്‌ക്രീനില്‍ നോക്കി സദാശിവം മിനറല്‍ വാട്ടറിന്റെ ഒഴിഞ്ഞ കുപ്പി കൈയ്യിലെടുത്തു. കുപ്പിക്ക് പുറത്ത് കൈ വിരല്‍ കൊണ്ട് ഞെരിച്ചപ്പോള്‍ അറവാതില്‍ തുറന്നുവരുന്ന അതേ പരുക്കന്‍ ശബ്ദം.ഇഷ്ടപ്പെട്ട സൗണ്ട് ഇഫക്ട്‌സ് ഏതാണെന്ന് ചോദിച്ചപ്പോള്‍ ഇതൊക്കെ പ്രേക്ഷകര്‍ കാര്യമായി ശ്രദ്ധിക്കുന്നുണ്ടോ എന്ന് ചെറുചിരിയോടെ സദാശിവം മറുചോദ്യം ചോദിച്ചു. ” പഴയ തിയേറ്ററിലൊന്നും ശരിയായ രീതിയിലല്ല സൗണ്ട് ഇഫക്ട്‌സ് കേള്‍ക്കുന്നത്. എന്നാല്‍ മള്‍ട്ടിപ്ലെക്‌സ് തിയേറ്ററിലിരുന്നാല്‍ ഞങ്ങളുടെ ശ്രമം കൃത്യമായി തിരിച്ചറിയാം. അടുത്തിടെ ചെയ്ത എബ്രഹാമിന്റെ സന്തതികളിലെ മമ്മൂട്ടിയുടെ കിടിലന്‍ ഇന്‍ട്രൊഡക്ഷന്‍ സീനിലെ സൗണ്ട് ഇഫക്ട്‌സ് നന്നായിരുന്നുവെന്ന് പലരും പറഞ്ഞു. കൂട്ടനാടന്‍ മാര്‍പ്പാപ്പയിലെ വള്ളം തുഴയുന്ന ഇഫക്ടുകളും മനസ്സിന് സംതൃപ്തി നല്‍കിയവയാണ്.

സിനിമ സിങ്ക് സൗണ്ട് റെക്കോര്‍ഡിംഗിലേക്ക് മാറുമ്പോഴും ഇഫക്ട്‌സ് ഒഴിവാക്കാന്‍ കഴിയില്ലെന്നാണ് സദാശിവം പറയുന്നത്. ഒരു ലെയര്‍ഇഫക്ട്‌സ് കൂടി ചേര്‍ത്താണ് സിങ്ക് സൗണ്ട് സിനിമയും റെക്കോര്‍ഡ് ചെയ്യുന്നത്.

ഇഫക്ട്‌സിനും സൗണ്ട് റെക്കോര്‍ഡിംഗിനും സംസ്ഥാന അവാര്‍ഡ് നിലവിലുണ്ട്. എന്ത് കൊണ്ട് ഫോളി ആര്‍ടിസ്റ്റിന് ഇപ്പോഴും അവാര്‍ഡ് നല്‍കാത്തത് ? ചോദ്യം കേട്ട് സദാശിവം കുറേനേരം മിണ്ടാതിരുന്നു. എന്നിട്ട് പതിയെ പറഞ്ഞു. ” അറിയില്ല, അവാര്‍ഡ് വേണ്ടതാണ്.”

ഒരു സിനിമയുടെ ഇഫക്ട്‌സ് പൂര്‍ണമായി ചെയ്‌തെടുക്കാന്‍ 7 മുതല്‍ 9 ദിവസം വരെ വേണ്ടി വരും. ക്ഷമയും സര്‍ഗാത്മകതയും സമന്വയിപ്പിച്ച് ഒരാക്രി കടയിലെ എല്ലാ പാഴ്‌വസ്തുക്കളില്‍ നിന്നുമാണ് ഈ ശബ്ദ പ്രപഞ്ചം ഫോളി ആര്‍ടിസ്റ്റുകള്‍ കരുപ്പിടിപ്പിച്ചെടുക്കുന്നത്..

സദാ., ചെവിക്കുറ്റിക്ക് പടക്കം പൊട്ടുന്ന ഒരടിയുടെ ശബ്ദം എങ്ങനെയാണ് സൃഷ്ടിക്കുക ? ” സിംപിളാണ്, തുകല്‍ ചെരിപ്പ് കൂട്ടിമുട്ടിച്ചാല്‍ പൊന്നീച്ച പറക്കുന്ന ചെകിട്ടത്തടിയുടെ ഒറിജിനലിനെ വെല്ലുന്ന ശബ്ദം കിട്ടും.” ഒരു വലിയ ചിരിയോടെ സദാശിവം പറഞ്ഞു നിര്‍ത്തുമ്പോള്‍ ആരാലും തിരിച്ചറിയപ്പെടാത്ത വലിയ ശബ്ദ കലാകാരന്‍ ഈ രംഗത്തെ മുന്‍ഗാമികളായ രാജ് മാര്‍ത്താണ്ഡം, പാണ്ഡ്യന്‍ എന്നീ പ്രഗത്ഭരുടെ മുന്നില്‍ താനൊന്നുമല്ലെന്ന് വിനയപൂര്‍വം സ്മരിക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top