ദില്ലി: ശബരിമല ക്ഷേത്രത്തില്‍ സ്ത്രീപുരുഷ ഭേദമന്യേ എല്ലാവര്ക്കും ആരാധന നടത്താന്‍ കഴിയണമെന്ന് സുപ്രീംകോടതി. പൊതുജനത്തിനായി ശബരിമല തുറന്നിട്ടുണ്ടെങ്കില്‍ എല്ലാവര്ക്കും പോകാനാകണം അല്ലെങ്കില്‍ അത് ഭരണഘടന വിരുദ്ധമാകുമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
ആരാധനാ സ്വാതന്ത്ര്യവും സമത്വവും ഭരണഘടന തന്നെ ഉറപ്പുനല്‍കുന്ന പൗരന്റെ അവകാശമാണ്. ഇതിനായി പ്രത്യേക നിയമമുണ്ടാക്കേണ്ട കാര്യമില്ലെന്നും കോടതി വ്യക്തമാക്കി. എന്തിന്റെ അടിസ്ഥാനത്തിലാണ് സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാതിരിക്കുന്നതെന്നും സുപ്രീംകോടതി ചോദിച്ചു.
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണം എന്നാവശ്യപ്പെട്ട് യംഗ് ലോയേഴ്സ് യൂണിയന് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഇക്കാര്യങ്ങള്‍ പറഞ്ഞത്. കേസില്‍ വാദം തുടരുകയാണ്.