ഹിമ ദാസിന് 18 വയസ്സ് തികയുന്നതേയുള്ളൂ. ആസാമിലെ ഉള്‍ഗ്രാമത്തില്‍ നിന്ന് അണ്ടര്‍ 20 വേള്‍ഡ് അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ 400 മീറ്റര്‍ ഓട്ടത്തില്‍ തങ്കപതക്കം നേടിയ ആദ്യ ഇന്ത്യന്‍ പെണ്‍കുട്ടി.
ആസാമിലെ നാഗോണ്‍ ജില്ലയിലെ സ്വന്തം പാടശേഖരത്തില്‍ ട്രാക്ടര്‍ ഓടിച്ചും പന്ത് തട്ടിക്കളിച്ചും വളര്‍ന്ന ഹിമ ഇന്ത്യയ്ക്ക് വേണ്ടി ഫിന്‍ലന്റില്‍ നേട്ടം കരസ്ഥമാക്കി. വിക്ടറി സ്റ്റാന്‍ഡില്‍ നില്ക്കുമ്പോള് കണ്ണീര് വാര്‍ക്കുകയായിരുന്നു ഹിമ.
പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛന് റോണ്ജിത്തിന്റെ പാടം ട്രാക്ടര്‍ ഉപയോഗിച്ച് ഉഴുന്നതിലായിരുന്നു ഹിമയ്ക്ക് താല്പര്യം. പാടത്ത് പണിയെടുക്കുമ്പോള്‍ തന്നെ ആണ്‍കുട്ടികള്‍ക്കൊപ്പം ഫുട്ബോള്‍ കളിക്കുമായിരുന്നു. ഇതിനിടയില്‍ അണ്ടര്‍ 18 നാഷ്ണല്‍ മത്സരങ്ങളില്‍ പങ്കെടുത്ത് സെലക്ടര്‍മാരുടെ ശ്രദ്ധയാകര്‍ഷിച്ചു.
100 മീറ്റര്‍, 200 മീറ്റര്‍ സ്പ്രിന്റിലാണ് ഹിമ ഓട്ടം തുടങ്ങിയത്. തുടര്‍ന്ന് ഹിമയ്ക്ക് അനുയോജ്യം 400 മീറ്റര്‍ ആണെന്ന് പ്രധാന കോച്ച് തിരിച്ചറിഞ്ഞു.കഴിഞ്ഞ ഗോള്‍ഡ് കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 400 മീറ്റര്‍ മത്സരത്തില്‍ ഹിമ ആറാം സ്ഥാനക്കാരിയായി ഫിനിഷ് ചെയ്തിരുന്നു.