തിരുവനന്തപുരം: ജിവി രാജ സ്പോര്‍ട്സ് സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തില്‍ പ്രിന്‍സിപ്പലിനെ സ്ഥലംമാറ്റി. പ്രിന്‍സിപ്പല്‍ സി.എസ്. പ്രദീപിനെ കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനിലേക്കാണ് സ്ഥലംമാറ്റിയത്. സ്പോര്‍ട്സ് ഹോസ്റ്റലില്‍ നിന്നും ഭക്ഷണം കഴിച്ച 60 കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
കുട്ടികള്‍ അസ്വസ്ഥത പ്രകടിപ്പിച്ചിട്ടും മാതാപിതാക്കളെ വിവരമറിയിക്കുകയോ കുട്ടികളെ ആശുപത്രിയിലേക്കു മാറ്റാനോ പ്രിന്‍സിപ്പല്‍ തയ്യാറായിരുന്നില്ല. ഇതിനുപകരം ഡോക്ടറെ ഹോസ്റ്റലില്‍ കൊണ്ടുവന്നു പരിശോധിപ്പിക്കുകയായിരുന്നു. ഇതിലൂടെ സംഭവം പുറം ലോകമറിയാതെ മൂടിവയ്ക്കാനായിരുന്നു പ്രിന്‍സിപ്പലിന്റെ ശ്രമം.വിഷബാധ പുറത്തറിയാതിരിക്കാന്‍ വിദ്യാര്‍ഥികളെ പൂട്ടിയിട്ടെന്നും പരാതിയുയര്‍ന്നിരുന്നു.
ഇതിനെത്തുടര്‍ന്നാണ് പോലീസ് സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പലിനെ സ്ഥലംമാറ്റിയത്. സ്കൂളിലെ കുട്ടികള്‍ക്കുള്ള ഭക്ഷണത്തില്‍ കുട്ടികളെ കൊണ്ട് തന്നെ പ്രിന്‍സിപ്പല്‍ മായം കലര്‍ത്തുന്നെന്ന സംശയവും സ്പെഷല്‍ ബ്രാഞ്ച് പ്രകടിപ്പിച്ചിരുന്നു. ഭക്ഷ്യവിഷബാധയുണ്ടായ ശേഷം 15 ഹോസ്റ്റല്‍ ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.