Kerala

കഥകളുടെ സുല്‍ത്താന്റെ ഓര്‍മയില്‍ …

” പ്രിയപ്പെട്ട സാറാമ്മേ, ജീവിതം യൗവ്വന തീഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ കാലഘട്ടത്തെ എന്റെ പ്രിയ സുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു. ഞാനാണെങ്കില്‍ എന്റെ നിമിഷങ്ങളോരോന്നും സാറാമ്മയോടുള്ള പ്രേമത്തില്‍ കഴിയുകയാണ്. സാറാമ്മയോ…? ”

കാലഭേദങ്ങളില്ലാത്ത, തലമുറകളുടെ വ്യത്യാസങ്ങളില്ലാത്ത പ്രണയത്തിന്റെ പകര്‍ത്തിവെപ്പാണത്. പ്രണയാനുഭൂതിയുടെ ഉന്നതങ്ങളില്‍ വിരാജിക്കുന്ന അസുലഭ മുഹൂര്‍ത്തങ്ങളില്‍ ഇന്നും കാമുകീകാമുകന്മാര്‍ ഹൃദയത്തില്‍ നിന്ന് ഹൃദയത്തിലേക്ക് പറത്തിവിടുന്ന വിശുദ്ധവാക്യം. സാറാമ്മയും കേശവന്‍നായരും ആകാശമിഠായിയും കേരളത്തിലെ കാല്‍പ്പനിക പ്രണയിതാക്കള്‍ക്ക് എന്നും വീക്ക്‌നെസ്സ് തന്നെ.

ഷാജി പാപ്പന്റെ പുന്നാരപ്പിങ്കിയാടിനും എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ്, സഹൃദയര്‍ നെഞ്ചേറ്റിയ ഒരു ആടുണ്ട്, ‘ന്റെ പുന്നാര ആടേയ്’ എന്ന് പാത്തുമ്മ കൊഞ്ചിവിളിക്കുന്ന ”പാത്തുമ്മയുടെ ആട്…”

ഒന്നും ഒന്നും ചേര്‍ന്നാല്‍ ഇമ്മിണി ബെല്യ ഒന്നാണെന്ന ലോകസ്‌നേഹത്തിന്റെ സുന്ദര തത്വശാസ്ത്രം പറഞ്ഞ കഥകളുടെ സുല്‍ത്താന്റെ കാലം മായ്ക്കാത്ത ഈടുവെപ്പുകള്‍.

ഇരുപത് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ഇന്നും എട്ടുകാലി മമ്മൂഞ്ഞും , എന്റുപ്പാപ്പാക്കൊരാനേണ്ടാര്‍ന്നുവും മലയാളിയുടെ നിത്യസംസാരങ്ങളുടെ ഭാഗമാകുന്നു. വ്യാകരങ്ങളുടെയോ ഭാഷാശുദ്ധിയുടേയോ ബാധ്യതകള്‍ പേറാതെ മാംഗോസ്റ്റീന് ചോട്ടിലെ ചാരുകസേരയിലിരുന്ന് ആ സുല്‍ത്താന്‍ കടലാസില്‍ പകര്‍ത്തിയതൊക്കെയും ക്ലാസിക്കുകളാകുന്നു…അവിടെ, കഷണ്ടിത്തലയുള്ള, എല്ലിച്ച ആ മനുഷ്യന്‍ മലയാള സാഹിത്യത്തിലെ ഇതിഹാസമാകുന്നു.

വര്‍ണനകള്‍ക്ക് അതീതനാണ് വൈക്കം മുഹമ്മദ് ബഷീറെന്ന ആ മനുഷ്യന്‍. ജീവിതാനുഭവങ്ങളെ കലര്‍പ്പില്ലാതെ, മറ്റാരും അന്നേവരെ ( അതിനുശേഷവും ) പിന്തുടര്‍ന്നിട്ടില്ലാത്തൊരു ശൈലിയില്‍, വരേണ്യ ഭാവങ്ങളുടെ കനമേതുമില്ലാതെ കുറിച്ച് സഹൃദയ ഹൃദയങ്ങളില്‍ ഇടംനേടിയ മഹാന്‍. ഭൂമിയുടെ അവകാശികളെ തിരിച്ചറിഞ്ഞ , തൂലികത്തുമ്പില്‍ വിപ്ലവം നടത്തിയ ബേപ്പുര്‍ സുല്‍ത്താന്റെ 24ാം ചരമവാര്‍ഷിക ദിനമാണിന്ന്.

1982 – ല്‍ രാഷ്ട്രം പത്മശ്രീ നല്‍കി ആദരിച്ച വൈക്കം മുഹമ്മദ് ബഷീര്‍ ജീവിതത്തില്‍ പാലിച്ച നേര്‍മയും നേരും അദ്ദാഹത്തിന്റെ കൃതികളിലും പിന്തുടര്‍ന്നതിനാല്‍ മലയാളിയുള്ളിടത്തോളം കാലം മലയാള സാഹിത്യത്തിന്റെ സുല്‍ത്താന്‍ ഓര്‍മിക്കപ്പെടുമെന്നുറപ്പാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top