Kerala

കമ്മ്യൂണിസ്റ്റുകളെ കേരളത്തില്‍ നിന്നും പിഴുതെറിയണമെന്ന് അമിത് ഷാ

കമ്യൂണിസ്റ്റുകളെ കേരള മണ്ണില്‍നിന്നു വേരോടെ പിഴുതെറിയണമെന്നു ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ബിജെപി പ്രവര്‍ത്തകര്‍ വീഴ്ത്തിയ ചോരയ്ക്ക് എങ്കിലേ സമാധാനമാകൂ എന്നും അമിത് ഷാ പറഞ്ഞു. ത്രിപുരയിലും ബംഗാളിലും ഇതു സാധ്യമായി. കേരളത്തില്‍ അസാധ്യമല്ല. സംസ്ഥാനത്തെ തെക്കന്‍ ജില്ലകളിലെ ആറ് പാര്‍ലമെന്റ് മണ്ഡലങ്ങളിലെ ബൂത്ത് ഭാരവാഹികളുടെ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഷാ.

ആശയത്തിന്റെയോ ആദര്‍ശത്തിന്റെയോ പേരിലുള്ള കൊലപാതകമല്ല കേരളത്തില്‍ നടക്കുന്നത്. സര്‍ക്കാര്‍ പിന്തുണയുള്ള ക്രൂരതയാണ്. ഇതിനു മുഖ്യമന്ത്രി മറുപടി പറയണം. ഇവിടുത്തെ കൊലപാതക രാഷ്ട്രീയത്തോടെ ബിജെപി പ്രതികരിച്ചത് ജനാധിപത്യ മാര്‍ഗത്തിലാണ്. അക്രമത്തിലല്ല, വികസനത്തിലാണു ബിജെപി വിശ്വസിക്കുന്നത്. കേരള സര്‍ക്കാരിനു മോദി സര്‍ക്കാര്‍ എല്ലാവിധ സഹായവും ചെയ്യുന്നതും വികസനത്തിനുവേണ്ടിയാണ്. എന്നാല്‍ രാഷ്ട്രീയ കാരണങ്ങളാല്‍ വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താന്‍ സംസ്ഥാനത്തിനാകുന്നില്ല.

വര്‍ഷങ്ങള്‍ക്കുമുമ്പു പ്രഖ്യാപിച്ച എയിംസും പാലക്കാട് ഐഐടിയും കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറിയുമൊക്കെ യാഥാര്‍ത്ഥ്യമാകാത്തതു സംസ്ഥാനം ഭരിച്ചവരുടെ കഴിവുകേടാണ്. ദേശീയപാതയുടെ വികസനം ഇഴയുന്നതും രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടുതന്നെ. പാവങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണു കേന്ദ്രത്തിലേത്. 12 ലക്ഷം കോടിയുടെ അഴിമതിയുമായിട്ടാണു യുപിഎ സര്‍ക്കാര്‍ ഭരണം വിട്ടത്. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നാലുവര്‍ഷം പിന്നിട്ടിട്ട് എതിരാളികള്‍ക്കുപോലും ഒരു അഴിമതിയും ഉന്നയിക്കാനായിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ലോകരാഷ്ട്രങ്ങളില്‍ ലഭിക്കുന്ന സ്വീകരണം അദ്ദേഹത്തിനോ ബിജെപിക്കോ കിട്ടുന്നതല്ല. അത് ഭാരതത്തിലെ 130 കോടി ജനങ്ങള്‍ക്ക് കിട്ടുന്ന സ്വീകാര്യതയാണെന്നും അമിത് ഷാ പറഞ്ഞു.

അതേ സമയം ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ അമിത് ഷാ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. കുമ്മനം രാജശേഖരനെ ഗവര്‍ണറാക്കിയതും കണ്ണന്താനത്തെ മന്ത്രിയാക്കിയതുമടക്കം സംസ്ഥാനത്തെ ബിജെപിക്ക് അനുകൂലമായി നല്‍കിയ നിയമനങ്ങള്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് രാഷ്ട്രീയമായി ഉപയോഗിക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടെന്ന് അമിത് ഷാ പറഞ്ഞു. വിശ്വാസമാര്‍ജിക്കാവുന്ന വിഭാഗങ്ങളെപോലും ഒപ്പംനിര്‍ത്തുന്നതില്‍ നേതൃത്വം പരാജയപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി.ജെ.പി കോര്‍കമ്മിറ്റി യോഗത്തിലായിരുന്നു അമിത് ഷായുടെ വിമര്‍ശനം. എന്നാല്‍ ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ കാര്യത്തില്‍ ഇതുവരെയും തീരുമാനമായിട്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top